വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ടെലികോം മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ച് ടെലികോം വകുപ്പ്; കെവൈസി പ്രക്രിയകള്‍ ലളിതമാക്കി

Posted On: 21 SEP 2021 8:03PM by PIB Thiruvananthpuram

കേന്ദ്രഗവണ്‍മെന്റിനു കീഴിലുള്ള ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് കെവൈസി പ്രക്രിയകള്‍ ലളിതമാക്കിക്കൊണ്ട് ടെലികോം പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ചു. 15.09.2021ലാണ് ടെലികോം വകുപ്പില്‍ പരിഷ്‌കരണം നടത്തുമെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചത്. ''പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തിന് ലോകോത്തര നിലവാരത്തില്‍ ഇന്റര്‍നെറ്റും ടെലി കണക്റ്റിവിറ്റിയും നല്‍കാനാണ് ടെലികോം പരിഷ്‌കാരങ്ങള്‍ ലക്ഷ്യമിടുന്നത്'' എന്ന് നേരത്തെ വാര്‍ത്താവിനിമയ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു.

പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുമ്പോഴും നിലവിലുള്ളത് പോസ്റ്റ് പെയ്‌ഡോ പ്രീപെയ്‌ഡോ ആയി മാറ്റുമ്പോഴും യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി കെവൈസി പ്രക്രിയയിലൂടെ വ്യക്തികള്‍ കടന്നുപോകേണ്ടതുണ്ട്.

അടുത്തിടെ ഓണ്‍ലൈന്‍വഴി സേവനങ്ങള്‍ നടത്തുന്നത് ഏവര്‍ക്കും സ്വീകാര്യമായി മാറിയിട്ടുണ്ട്. മാത്രമല്ല, ഇന്റര്‍നെറ്റ് സഹായത്തോടെ ഒടിപി നല്‍കി പല ഉപഭോക്തൃ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുമുണ്ട്. കോവിഡ് കാലഘട്ടത്തില്‍ സമ്പര്‍ക്കരഹിതസേവനങ്ങള്‍ ഉപയോക്താക്കളുടെ സൗകര്യത്തിനും പ്രക്രിയകള്‍ സുഗമമാക്കുന്നതിനുമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ആധാര്‍ ഉപയോഗിക്കുന്നതിനും യുഐഡിഎഐയില്‍ നിന്ന് വിശദാംശങ്ങള്‍ ഓണ്‍ലൈനായി തേടുന്നതിനും ഉപഭോക്താക്കളുടെ അനുമതി തേടേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതിന്റെ പശ്ചാത്തലത്തില്‍, സമ്പര്‍ക്കരഹിതവും ഉപഭോക്തൃ കേന്ദ്രീകൃതവും സുരക്ഷിതവുമായ കെവൈസി പ്രക്രിയകള്‍ അടിയന്തിരമായി നടപ്പിലാക്കുന്നതിന് ഇനിപ്പറയുന്ന ഉത്തരവുകള്‍ വകുപ്പ് പുറപ്പെടുവിച്ചു:


1. ആധാര്‍ അധിഷ്ഠിത ഇ-കെവൈസി

പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ അധിഷ്്ഠിത ഇ-കെവൈസി പ്രക്രിയ പുനഃസ്ഥാപിച്ചു. യുഐഡിഎഐയിലൂടെ ആധികാരികത തെളിയിക്കുന്നതിന് ഒരു ഉപയോക്താവിന് ഒരു രൂപ നിരക്കില്‍ ടെലികോം സേവന ദാതാക്കളില്‍ നിന്ന് ഈടാക്കും. ഇതു പൂര്‍ണമായും കടലാസ്‌രഹിത ഡിജിറ്റല്‍ പ്രക്രിയയാണ്. ഉപയോക്താവിന്റെ ചിത്രവും യുഐഡിഎഐയില്‍ നിന്നുള്ള മറ്റു വിശദാംശങ്ങളും ടെലികോം സേവനദാതാക്കള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാക്കും.


2. സ്വന്തമായി കെവൈസി സമര്‍പ്പിക്കല്‍

ഈ പ്രക്രിയയില്‍, ഉപയോക്താക്കള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നല്‍കുന്നത് ആപ്പ്/പോര്‍ട്ടല്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പ്രക്രിയയിലൂടെയാണ്. ഉപയോക്താവിന് വീട്ടില്‍/ഓഫീസില്‍ ഇരുന്നു കൊണ്ട് മൊബൈല്‍ കണക്ഷന് അപേക്ഷിക്കാം. യുഐഡിഎഐയിലൂടെയോ ഡിജിലോക്കറി ലൂടെയോ ഓണ്‍ലൈന്‍ പരിശോധന നടത്തിയ രേഖകളുപയോഗിച്ച് സിം വീട്ടുപടിക്കലെ ത്തിക്കും.

3.മൊബൈല്‍ കണക്ഷന്‍ പ്രീപെയ്ഡില്‍ നിന്ന് പോസ്റ്റ്‌പെയ്ഡിലേക്കും തിരിച്ചും ഒടിപി അടിസ്ഥാനമാക്കിയുള്ള മാറ്റം

ഉപയോക്താവിന് വീട്ടിലോ ഓഫീസിലോ ഇരുന്നുകൊണ്ടുതന്നെ ഒടിപി അടിസ്ഥാനമാക്കി മൊബൈല്‍ കണക്ഷന്‍ പ്രീപെയ്ഡില്‍ നിന്നു പോസ്റ്റ് പെയ്ഡിലേക്കും തിരിച്ചും മാറ്റുന്നതിന്  പുതിയ സംവിധാനം സഹായിക്കും.

ഉത്തരവിന്റെ വിശദാംശങ്ങള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. (ലിങ്ക്: https://dot.gov.in/relatedlinks/telecom-reforms-2021)

*****(Release ID: 1756942) Visitor Counter : 185