പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് -19 അനുബന്ധ സാഹചര്യങ്ങളും പ്രതിരോധ കുത്തിവയ്പും അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു


ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു

എല്ലാ ജില്ലകളിലും മരുന്നുകളുടെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

അടുത്ത കുറച്ച് മാസത്തേക്കുള്ള വാക്‌സിനുകളുടെ ഉത്പാദനം, വിതരണം, എന്നിവ പ്രധാനമന്ത്രി അവലോകനം ചെയ്തു

വകഭേദങ്ങളുടെ ആവിര്‍ഭാവം നിരീക്ഷിക്കുന്നതിനുള്ള നിരന്തര ജനിതകഘടനാ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു.

Posted On: 10 SEP 2021 8:38PM by PIB Thiruvananthpuram

കൊവിഡ് -19 അനുബന്ധ സാഹചര്യം അവലോകനം ചെയ്യുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. നിലവിലെ കൊവിഡ് -19 സാഹചര്യത്തെക്കുറിച്ചുള്ള അവലോകനം, പ്രതികരിക്കാനുള്ള ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ്, മെഡിക്കല്‍ ഓക്‌സിജന്റെ ലഭ്യത, കോവിഡ് -19 വാക്‌സിന്‍ ഉത്പാദനം, വിതരണം,എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു യോഗം വിലയിരുത്തിയത്.

 ലോകമെമ്പാടും, കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തുടരുന്ന രാജ്യങ്ങളുണ്ട് എന്നതു ചര്‍ച്ചയില്‍ വന്നു. ഇന്ത്യയിലും മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് സംതൃപ്തിക്ക് ഇടമില്ലെന്നാണ്. എങ്കിലും, തുടര്‍ച്ചയായ പത്താം ആഴ്ചയിലും പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 3% ല്‍ താഴെയായിരുന്നു.

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റിയുള്ള ജില്ലകളെക്കുറിച്ചും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു രോഗം ചില സ്ഥലങ്ങളില്‍ കൂടി നില്‍ക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

 വയറസിന്റെ വകഭേദങ്ങളുടെ  ആവിര്‍ഭാവം നിരീക്ഷിക്കുന്നതിന് നിരന്തരമായ ജനിതക ഘടനാ പരിശോധനയുടെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇന്‍സാക്കോഗ് ( ഇന്ത്യന്‍ സാര്‍സ് കൊവിഡ് 2 ജനിതക കൂട്ടായ്മ) പരിശോധന ഇപ്പോള്‍ രാജ്യവ്യാപകമായി 28 ലാബുകളിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അറിയിച്ചു. ലാബ് ശൃംഖല ചികില്‍സാ സംബന്ധമായ പരസ്പര ബന്ധത്തിനായി ഒരു ആശുപത്രി ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.  ജനിതക നിരീക്ഷണത്തിനായി മലിനജല സാമ്പിളുകളും നടത്തുന്നു.  സാര്‍സ് കൊവ് 2 പോസിറ്റീവ് സാമ്പിളുകള്‍ ഇന്‍സാകോഗുമായി പതിവായി പങ്കിടാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

കുട്ടികളുടെ ചികില്‍സയ്ക്കുള്ള കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെയും 'കൊവിഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് പാക്കേജ് II' പ്രകാരമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെയും സ്ഥിതി പ്രധാനമന്ത്രി അവലോകനം ചെയ്തു. ഗ്രാമീണ മേഖലയിലെ സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി ഈ പ്രദേശങ്ങളിലെ പ്രാഥമിക പരിചരണവും ബ്ലോക്ക് തലത്തിലുള്ള ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും പുനര്‍രൂപകല്‍പ്പന ചെയ്യാനും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.  ജില്ലാതലത്തില്‍ കൊവിഡ് -19, മ്യൂക്കോര്‍മൈക്കോസിസ്, എംഐഎസ്-സി എന്നിവ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു.

 ഐസൊലേഷന്‍ കിടക്കകള്‍, ഓക്‌സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, പീഡിയാട്രിക് ഐസിയു, പീഡിയാട്രിക് വെന്റിലേറ്ററുകള്‍ എന്നിവയുടെ വര്‍ദ്ധനവിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഗണ്യമായ എണ്ണം ഐസിയു കിടക്കകളും ഓക്‌സിജന്‍ കിടക്കകളും വരും മാസങ്ങളില്‍ കൂടുതല്‍ വരും.

 രാജ്യത്തുടനീളം മതിയായ പരിശോധന ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍ടി-പിസിആര്‍ ലാബ് സൗകര്യം സ്ഥാപിക്കുന്നതിന് 433 ജില്ലകള്‍ക്ക് നല്‍കുന്ന പിന്തുണയെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, സിലിണ്ടറുകള്‍, പിഎസ്എ പ്ലാന്റുകള്‍ എന്നിവയുള്‍പ്പെടെ വര്‍ദ്ധിച്ച ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള മുഴുവന്‍ സാഹചര്യവും അതിവേഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  961 ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ സ്റ്റോറേജ് ടാങ്കുകളും 1,450 മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സംവിധാനങ്ങളും സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഓരോ ബ്ലോക്കിനും കുറഞ്ഞത് ഒരു ആംബുലന്‍സ് ഉറപ്പുവരുത്തുന്നതിനായി ആംബുലന്‍സ് ശൃംഖലയും വര്‍ദ്ധിപ്പിക്കുന്നു.  രാജ്യത്തുടനീളം വരുന്ന പിഎസ്എ ഓക്‌സിജന്‍ പ്ലാന്റുകളുടെ നിലയും പ്രധാനമന്ത്രി അവലോകനം ചെയ്തു. സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷത്തോളം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 3 ലക്ഷം ഓക്‌സിജന്‍ സിലിണ്ടറുകളും വിതരണം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

രാജ്യത്തു പതിനെട്ടു വയസ്സു കഴിഞ്ഞവരില്‍ ഏകദേശം 58% പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന പൗരന്മാരില്‍ ജനസംഖ്യയുടെ 18% പേര്‍ക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയോടു വിശദീകരിച്ചു. വാക്‌സിന്‍ ഉദ്പാദനത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും പ്രധാനമന്ത്രി വ്യക്തമാക്കി.

 പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, ആരോഗ്യ സെക്രട്ടറി, നിതി ആയോഗ് അംഗം ( ആരോഗ്യവിഭാഗം), മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 



(Release ID: 1753996) Visitor Counter : 181