ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ക്ഷയരോഗത്തിനെതിരായ പൊതുജനാരോഗ്യ നേട്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി എല്ലാ സംസ്ഥാനങ്ങളുമായും ശ്രീ മൻസുഖ് മാണ്ഡവ്യ ഉന്നതതല യോഗം ചേർന്നു

Posted On: 02 SEP 2021 2:47PM by PIB Thiruvananthpuram

 




ന്യൂഡൽഹി, സെപ്റ്റംബർ 02, 2021

 കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാർ,എല്ലാ സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിൻസിപ്പൽ സെക്രട്ടറിമാർ/  അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരുമായി സംവദിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറും ചർച്ചയിൽ പങ്കെടുത്തു .  കേന്ദ്ര ഗവണ്മെന്റിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രീകൃതവും സംഘടിതവുമായ ശ്രമങ്ങളിലൂടെ ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ഉണ്ടായ പുരോഗതി  യോഗം അവലോകനം ചെയ്തു.

യോഗത്തിൽ  കേരള ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജ്ജ്  ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ  പങ്കെടുത്തു.

  ക്ഷയരോഗ നിർമ്മാർജ്ജനത്തിനായുള്ള പ്രവർത്തനങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണ പ്രദേശങ്ങളുടെ മികച്ച ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ  ചർച്ച ചെയ്യുകയും അവ മാതൃകയായി  സ്വീകരിക്കുകയും ചെയ്യുന്നതിന് തുടർച്ചയായ ഇടപെടൽ നടത്തണമെന്ന് മന്ത്രി  നിർദ്ദേശിച്ചു.  പൊതുവായ നയങ്ങൾ രൂപീകരിച്ച്  ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഈ ലക്ഷ്യം കൂട്ടായി കൈവരിക്കുന്നതിനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

2025 ഓടെ ക്ഷയരോഗ വിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ദൗത്യത്തിൽ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള എല്ലാ നിർദ്ദേശങ്ങളും സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ്  തയ്യാറാണെന്ന് ശ്രീ മൻസൂഖ് മാണ്ഡവ്യ ഉറപ്പുനൽകി.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രതിരോധ നടപടികളിലും മറ്റ് പൊതുജനാരോഗ്യ പദ്ധതികളിലും  സംരംഭങ്ങളിലും ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.

സെപ്റ്റംബർ അഞ്ചിനകം എല്ലാ അധ്യാപകർക്കും വാക്സിനേഷൻ നൽകേണ്ടതിന്റെ പ്രാധാന്യം ശ്രീ മാണ്ഡവ്യ എടുത്തു പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങൾക്ക് അധിക ഡോസുകൾ നൽകുന്നുണ്ട് .   ആളുകളുമായി നേരിട്ട് ഇടപഴകുന്ന മേഖലയിലുള്ളവർക്ക്  പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് പ്രത്യേക ദിവസങ്ങളിൽ നിർദ്ദിഷ്ട വാക്സിൻ ഡ്രൈവുകൾ ആരംഭിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

 
IE/SKY

(Release ID: 1751453) Visitor Counter : 305