പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സ്മാരക നാണയം പുറത്തിറക്കി പ്രധാനമന്ത്രി


ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജി വലിയ ഭാരതഭക്തനായിരുന്നു: പ്രധാനമന്ത്രി

യോഗയെക്കുറിച്ചും ആയുര്‍വേദത്തെക്കുറിച്ചുമുള്ള നമ്മുടെ അറിവ് ലോകത്തിനു പ്രയോജനപ്രദമാകണമെന്നത് നമ്മുടെ ദൃഢനിശ്ചയമാണ്: പ്രധാനമന്ത്രി

ഭക്തി കാലഘട്ടത്തിലെ സാമൂഹ്യവിപ്ലവത്തെ മാറ്റിനിര്‍ത്തി ഇന്ത്യയുടെ സ്ഥിതിയും അവസ്ഥയും സങ്കല്‍പ്പിക്കുക പ്രയാസം: പ്രധാനമന്ത്രി

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജി ഭക്തിവേദാന്തത്തെ ലോകത്തിന്റെ ചേതനയുമായി ബന്ധിപ്പിച്ചു

Posted On: 01 SEP 2021 5:36PM by PIB Thiruvananthpuram

ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദജിയുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി പുറത്തിറക്കി. കേന്ദ്ര സാംസ്‌കാരിക-വിനോദസഞ്ചാര-വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി ശ്രീ ജി കിഷന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ശ്രീല പ്രഭുപാദജിയുടെ 125-ാം ജന്മദിനത്തിന് ഒരു ദിവസം മുമ്പ് ജന്മാഷ്ടമി ദിവസമായതിന്റെ ആഹ്‌ളാദകരമായ യാദൃച്ഛികതയെക്കുറിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സാധനയുടെ സന്തോഷവും സംതൃപ്തിയും ഒന്നിച്ചു ലഭ്യമാകുന്നതു പോലെയാണ് ഇത്. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനിടയിലാണ് ഇതെന്നും അദ്ദേഹം പരാമര്‍ശിച്ചു. ശ്രീല പ്രഭുപാദ സ്വാമിയുടെ ദശലക്ഷക്കണക്കിന് അനുയായികള്‍ക്കും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കൃഷ്ണഭക്തര്‍ക്കും ഇന്ന് ഇത്തരത്തിലാണ് അനുഭവവേദ്യമാകുന്നത്- പ്രധാനമന്ത്രി പറഞ്ഞു.

ഭഗവാന്‍ കൃഷ്ണനോടുള്ള പ്രഭുപാദ സ്വാമിയുടെ അമാനുഷികമായ ഭക്തിയെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി അദ്ദേഹവും ഭാരതത്തിന്റെ ഒരു വലിയ ഭക്തനാണെന്ന് പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നു. നിസ്സഹകരണപ്രസ്ഥാനത്തെ പിന്തുണച്ച് സ്‌കോട്ടിഷ് കോളേജില്‍ നിന്ന് ഡിപ്ലോമ എടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു- പ്രധാനമന്ത്രി പറഞ്ഞു.

യോഗയെക്കുറിച്ചുള്ള നമ്മുടെ അറിവു ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സുസ്ഥിര ജീവിതശൈലിയും ആയുര്‍വേദം പോലെയുള്ള ശാസ്ത്രവും ലോകമെമ്പാടും വ്യാപൃതമാണ്. ലോകം മുഴുവന്‍ അത് പ്രയോജനപ്പെടുത്തണമെന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ശ്രീ മോദി പറഞ്ഞു. നാം മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുമ്പോള്‍, 'ഹരേ കൃഷ്ണ' എന്ന് നാം കണ്ടുമുട്ടുന്ന ജനങ്ങള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍, നമുക്ക് അഭിമാനം തോന്നുന്നുവെന്നും അവിടം നമ്മുടെ സ്വന്തമെന്ന തോന്നലുണ്ടാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളോട് അതേ താല്‍പ്പര്യമുണ്ടാകുമ്പോഴും ഈ വികാരമാണുണ്ടാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ നമുക്ക് ഇസ്‌കോണില്‍ നിന്ന് ഒരുപാട് പഠിക്കാനാകും.

അടിമത്തത്തിന്റെ കാലത്ത് ഇന്ത്യയുടെ ചേതന ഉയര്‍ത്തിപ്പിടിച്ചിരുന്നത് ഭക്തിയായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്തി കാലഘട്ടത്തിലെ സാമൂഹ്യ വിപ്ലവത്തെ മാറ്റിനിര്‍ത്തി ഇന്ത്യയുടെ സ്ഥിതിയും അവസ്ഥയും സങ്കല്‍പ്പിക്കുക പ്രയാസമായിരുന്നുവെന്നാണ് പണ്ഡിതര്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെയും സാമൂഹിക ഉച്ചനീചത്വങ്ങളുടെയും സ്ഥാനമാനങ്ങളുടെയും വേര്‍തിരിവില്ലാതാക്കി ജീവജാലങ്ങളെ ഭക്തി, ദൈവവുമായി ബന്ധിപ്പിച്ചു. ബുദ്ധിമുട്ടേറിയ ആ സമയങ്ങളില്‍ പോലും, ചൈതന്യ മഹാപ്രഭുവിനെപ്പോലെയുള്ള സന്ന്യാസിമാര്‍, സമൂഹത്തെ ഭക്തിയുടെ ചൈതന്യത്താല്‍ ബന്ധിപ്പിക്കുകയും 'ആത്മവിശ്വാസത്തിന്റെ വിശ്വാസം' എന്ന സന്ദേശം പകരുകയും ചെയ്തു.

ഒരുകാലത്ത് സ്വാമി വിവേകാനന്ദനെപ്പോലെയുള്ള സന്ന്യാസി വേദാന്തത്തെ പാശ്ചാത്യലോകത്തുമെത്തിച്ചെങ്കില്‍, ഭക്തി യോഗ ലോകമെമ്പാടും എത്തിച്ചേരുമ്പോള്‍, ശ്രീല പ്രഭുപാദയും ഇസ്‌കോണും ഈ മഹത്തായ ദൗത്യം ഏറ്റെടുത്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹംഭക്തി വേദാന്തത്തെ ലോകത്തിന്റെ  ചേതനയുമായി ബന്ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് വിവിധ ലോകരാജ്യങ്ങളിലായി നൂറുകണക്കിന് ഇസ്‌കോണ്‍ ക്ഷേത്രങ്ങളുണ്ടെന്നും നിരവധി ഗുരുകുലങ്ങള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ സജീവമായി നിലനിര്‍ത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശ്വാസം എന്നത് അത്യുത്സാഹം, അഭിനിവേശം, മാനവികതയിലുള്ള ആഹ്‌ളാദവും വിശ്വാസവും എന്നിവയാണ്. ഇസ്‌കോണ്‍ ഇക്കാര്യം ലോകത്തിനു വ്യക്തമാക്കിക്കൊടുത്തു. കച്ചിലെ ഭൂകമ്പ സമയത്തും ഉത്തരാഖണ്ഡ് ദുരന്തവേളയിലും ഒഡിഷയിലെയും ബംഗാളിലെയും ചുഴലിക്കാറ്റ് സമയങ്ങളിലും ഇസ്‌കോണ്‍ നടത്തിയ സേവനങ്ങളെക്കുറിച്ച് ശ്രീ മോദി എടുത്തുപറഞ്ഞു. മഹാമാരിക്കാലത്ത് ഇസ്‌കോണ്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു.


(Release ID: 1751193) Visitor Counter : 232