ആയുഷ്‌
azadi ka amrit mahotsav

യോഗ ബ്രേക്ക് മൊബൈൽ ആപ്ലിക്കേഷൻ 7 കേന്ദ്രമന്ത്രിമാർ ചേർന്ന് നാളെ അവതരിപ്പിക്കും  

Posted On: 31 AUG 2021 6:09PM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിആഗസ്റ്റ് 31, 2021
 
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ, മറ്റ് ആറ് കേന്ദ്രമന്ത്രിമാർ എന്നിവർ ചേർന്ന് യോഗ ബ്രേക്ക് മൊബൈൽ ആപ്ലിക്കേഷൻ നാളെ (അതായത് 2021 സെപ്റ്റംബർ ഒന്നിന്) ന്യൂ ഡൽഹിയിലെ വിഗ്യാൻ ഭവനിൽവച്ച് രാജ്യത്തിനു സമർപ്പിക്കും. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള ഒരാഴ്ച കാലത്തേക്ക് നിരവധി പരിപാടികളും പ്രചാരണങ്ങളും ആയുഷ് മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.
 
കേന്ദ്ര മന്ത്രിമാരായ ശ്രീ മൻസൂഖ്  മാണ്ഡവ്യ, ശ്രീ കിരൺ റിജിജു, ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ, ശ്രീ. ജിതേന്ദ്ര സിംഗ്, ശ്രീമതി മീനാക്ഷി ലേഖി, ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായ് എന്നിവരാണ് നാളത്തെ ചടങ്ങിൽ പങ്കെടുക്കുന്ന മറ്റു വിശിഷ്ട വ്യക്തികൾ.
 
സമ്മർദ്ദം കുറയ്ക്കാനും, ഉന്മേഷം പകരാനും, ശ്രദ്ധ വർദ്ധിപ്പിക്കാനും ഉപകാരപ്രദമായ നിരവധി യോഗ  മുറകളാണ് 5 മിനിറ്റ് ദൈർഘ്യമുള്ള യോഗ ബ്രേക്ക് പ്രോട്ടോകോളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജോലിസ്ഥലത്ത് ജീവനക്കാരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇത്. ലോകമെമ്പാടും ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഏറെ പ്രാധാന്യമുള്ള ഒരു ആശയമാണ് യോഗ ബ്രേക്ക് (Y-Break). അംഗീകൃത നടപടിക്രമങ്ങൾക്കു കീഴിൽ വിദഗ്ധർ വികസിപ്പിച്ചിട്ടുള്ളതാണ് യോഗ ബ്രേക്ക് പ്രോട്ടോകോൾ.
 
രാജ്യത്തെ ആറ് പ്രധാന മെട്രോ നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 2020 ജനുവരിയിൽ ഈ  മൊഡ്യൂൾ അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ആറ് മുൻനിര യോഗ പരിശീലന സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആകെ 15 ദിവസത്തെ പരീക്ഷണമാണ് മൊറാർജി ദേശായി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സംഘടിപ്പിച്ചത്. വ്യത്യസ്ത സ്വകാര്യ-പൊതു സ്ഥാപനങ്ങളിലെ 717 വ്യക്തികൾ പങ്കെടുത്ത പരീക്ഷണം വൻ വിജയമായിരുന്നു.
 
നാളെ നടക്കുന്ന പരിപാടിയിൽ പ്രശസ്ത യോഗ പരിശീലകർ, പണ്ഡിതർ, നയരൂപീകരണ കർത്താക്കൾ, ഉദ്യോഗസ്ഥർ, യോഗയോട് താല്പര്യമുള്ളവർ തുടങ്ങി 600 പേർ പങ്കെടുക്കുന്നുണ്ട്.

(Release ID: 1750970) Visitor Counter : 147