പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഫോണ്‍ സംഭാഷണം നടത്തി

Posted On: 16 AUG 2021 9:20PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഇന്ന് ടെലിഫോണ്‍ സംഭാഷണം നടത്തി. 

ഇക്കൊല്ലമാദ്യം ഇസ്രായേല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ബെന്നറ്റിനെ പ്രധാനമന്ത്രി ഒരിക്കല്‍കൂടി അഭിനന്ദനം അറിയിച്ചു. 

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉഭയകക്ഷി ബന്ധത്തിലുണ്ടായ ശ്രദ്ധേയമായ വളര്‍ച്ചയില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. കൃഷി, വെള്ളം, പ്രതിരോധം, സുരക്ഷ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇസ്രായേലുമായുള്ള കരുത്തുറ്റ സഹകരണത്തെ ഇന്ത്യ വളരെയേറെ വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഉന്നത സാങ്കേതിക വിദ്യ, നവീകരണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന ഉറച്ച നടപടികള്‍ അവര്‍ ചര്‍ച്ച ചെയ്തു. ഇന്ത്യ-ഇസ്രായേല്‍ നയപങ്കാളിത്തത്തിനു കൂടുതല്‍ കരുത്തുപകരുന്നതിനായി രൂപരേഖ തയ്യാറാക്കാന്‍ ഇരുവിദേശ മന്ത്രാലയങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും തീരുമാനിച്ചു.

ഇന്ത്യയും ഇസ്രായേലും നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ 30-ാം വാര്‍ഷികമാണ് അടുത്ത വര്‍ഷമെന്ന് അനുസ്മരിച്ച് ബെന്നറ്റിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. 

വരാനിരിക്കുന്ന റോഷ് ഹഷാനാ ജൂത ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്കും ജനങ്ങള്‍ക്കും പ്രധാനമന്ത്രി ശ്രീ മോദി ആശംസകള്‍ അറിയിച്ചു.

****



(Release ID: 1746527) Visitor Counter : 210