പ്രധാനമന്ത്രിയുടെ ഓഫീസ്
വാരാണസിയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്ത് പ്രധാനമന്ത്രി
മഹാമാരിക്കെതിരായ കാശിയുടെയും ഉത്തര്‍പ്രദേശിന്റെയും പോരാട്ടത്തെ അഭിനന്ദിച്ചു
പൂര്‍വാഞ്ചലിന്റെ വലിയ ചികിത്സാകേന്ദ്രമായി മാറുകയാണ് കാശി: പ്രധാനമന്ത്രി
ഗംഗാമാതാവിന്റെയും കാശിയുടെയും ശുചിത്വവും സൗന്ദര്യവുമാണ് ആഗ്രഹവും മുന്‍ഗണനയും: പ്രധാനമന്ത്രി
മേഖലയിലെ 8000 കോടി രൂപയുടെ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു: പ്രധാനമന്ത്രി
ഉത്തര്‍പ്രദേശ് രാജ്യത്തെ പ്രമുഖ നിക്ഷേപ കേന്ദ്രമായി അതിവേഗം വളരുന്നു: പ്രധാനമന്ത്രി
ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നിയമവാഴ്ചയും വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കലും ഉറപ്പുവരുത്തുന്നു: പ്രധാനമന്ത്രി
വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു
Posted On:
15 JUL 2021 1:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാരണാസിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു. ബിഎച്ച്യുവിലെ 100 കിടക്കകളുള്ള എംസിഎച്ച് വിഭാഗം, ഗോദൗലിയയിലെ വിവിധ നിലകളുള്ള പാര്‍ക്കിങ്, ഗംഗാ നദിയിലെ വിനോദസഞ്ചാര വികസനത്തിനായി റോ-റോ വെസ്സലുകള്‍, വാരാണാസി ഗാസിപ്പൂര്‍ ദേശീയ പാതയിലെ മൂന്നുവരി ഫ്‌ളൈ ഓവര്‍ പാലം തുടങ്ങി ഏകദേശം 744 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്.
839 കോടി രൂപ വിലമതിക്കുന്ന നിരവധി പദ്ധതികളുടെയും പൊതുമരാമത്തുകളുടെയും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ (സിപെറ്റ്) നൈപുണ്യ സാങ്കേതിക സഹായ കേന്ദ്രം, ജല്‍ ജീവന്‍ ദൗത്യത്തിനു കീഴിലുള്ള 143 ഗ്രാമീണ പ്രോജക്ടുകള്‍, കര്‍ഖിയാവോണിലെ മാമ്പഴ- പച്ചക്കറി സംയോജിത പായ്ക്ക് ഹൗസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ ആക്രമണം നടത്തിയതിനാലുണ്ടായ പ്രതിസന്ധിയെ പ്രധാനമന്ത്രി അനുസ്മരിച്ചു. വെല്ലുവിളി നേരിടാന്‍ ഉത്തര്‍പ്രദേശും കാശിയും നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. കാശിയില്‍ നിന്നുള്ള തന്റെ സംഘത്തെ, ഭരണസമിതിയെയും കൊറോണ യോദ്ധാക്കളുടെ മുഴുവന്‍ സംഘത്തെയും, കാശിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് രാവും പകലും അണിനിരത്തിയ രീതിയെ അദ്ദേഹം പ്രശംസിച്ചു. ''ദുഷ്‌കരമായ ദിനങ്ങളില്‍ പോലും, കാശി അതൊരിക്കലും നിര്‍ത്തില്ലെന്നും ഒരിക്കലും തളരില്ലെന്നും തെളിയിച്ചിട്ടുണ്ട്''- പ്രധാനമന്ത്രി പറഞ്ഞു. ജാപ്പനീസ് എന്‍സെഫലൈറ്റിസ് പോലുള്ള രോഗങ്ങള്‍ നാശം വിതയ്ക്കുന്നതിന് മുമ്പുള്ള സംഭവങ്ങളുമായി രണ്ടാം തരംഗത്തിന്റെ അഭൂതപൂര്‍വമായ കൈകാര്യം ചെയ്യലിനെ അദ്ദേഹം താരതമ്യപ്പെടുത്തി. ചികിത്സാ സൗകര്യങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും അഭാവത്തില്‍ ചെറിയ വെല്ലുവിളികള്‍ പോലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇന്ന് ഏറ്റവും കൂടുതല്‍ പരിശോധനകളും വാക്‌സിനേഷനും നടക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്- അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അതിവേഗം മെച്ചപ്പെടുന്ന ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ശ്രീ മോദി വിശദീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിച്ചു. പല മെഡിക്കല്‍ കോളേജുകളും പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന 550 ഓക്‌സിജന്‍ പ്ലാന്റുകളെക്കുറിച്ച് ശ്രീ മോദി സംസാരിച്ചു. അതില്‍ 14 എണ്ണം ഇന്ന് ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കുള്ള ഐസിയുകളും ഓക്‌സിജന്‍ സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. അടുത്തിടെ പ്രഖ്യാപിച്ച 23000 കോടി രൂപയുടെ പാക്കേജ് ഉത്തര്‍പ്രദേശിനെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍വഞ്ചലിന്റെ വലിയ ചികിത്സാകേന്ദ്രമായി കാശി നഗരം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും പോയി ചികിത്സിക്കേണ്ട ചില രോഗങ്ങള്‍ക്കുള്ള ചികിത്സ ഇപ്പോള്‍ കാശിയില്‍ ലഭ്യമാണ്. ഇന്ന് ഉദ്ഘാടനം ചെയ്ത ചില പദ്ധതികള്‍ നഗരത്തിന്റെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും.
പല പദ്ധതികളും പുരാതന നഗരമായ കാശിയെ, അതിന്റെ സത്ത സുരക്ഷിതമാക്കിക്കൊണ്ടുതന്നെ, വികസന പാതയിലേക്ക് നയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പാതകള്‍, ഫ്‌ളൈ ഓവറുകള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍, ഭൂഗര്‍ഭ വയറിംഗ്, മലിനജല-കുടിവെള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പദ്ധതികളില്‍ ഗവണ്‍മെന്റ് മുമ്പെങ്ങുമില്ലാത്തവിധം ആക്കം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ''നിലവില്‍ 8000 കോടി രൂപയുടെ പദ്ധതികളുടെ പണി പുരോഗമിക്കുന്നു'' - പ്രധാനമന്ത്രി അറിയിച്ചു.
ഗംഗയുടെയും കാശിയുടെയും ശുചിത്വവും സൗന്ദര്യവുമാണ് ആഗ്രഹവും മുന്‍ഗണനയും എന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി റോഡുകള്‍, മലിനജല സംസ്‌കരണം, പാര്‍ക്കുകള്‍, കടവുകള്‍ എന്നിവയുടെ സൗന്ദര്യവല്‍ക്കരണം തുടങ്ങി എല്ലാ മേഖലകളിലും പണി നടക്കുന്നു. പഞ്ച്‌കോസി മാര്‍ഗ് വിപുലീകരണം, വാരാണസി ഗാസിപ്പൂര്‍ പാലം എന്നിവ നിരവധി ഗ്രാമങ്ങള്‍ക്കും സമീപ നഗരങ്ങള്‍ക്കും സഹായകമാകും.
നഗരത്തിലുടനീളം വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കടവുകളിലെ ഏറ്റവും പുതിയ സാങ്കേതിക വിവര അറിയിപ്പു ബോര്‍ഡുകള്‍ കാശി സന്ദര്‍ശിക്കുന്നവര്‍ക്കു വളരെയധികം സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ എല്‍ഇഡി സ്‌ക്രീനുകളും അറിയിപ്പു ബോര്‍ഡുകളും കാശിയുടെ ചരിത്രം, വാസ്തുവിദ്യ, കരകൗശലം, കല തുടങ്ങിയ എല്ലാ വിവരങ്ങളും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കും. ഇത് ഭക്തര്‍ക്ക് വളരെയധികം ഉപയോഗപ്രദമാകും. ഗംഗാ മാതാവിന്റെ കടവുകളിലും കാശി വിശ്വനാഥ ക്ഷേത്രത്തിലുമുള്ള ആരതിയുടെ പ്രക്ഷേപണം വലിയ സ്‌ക്രീനുകളിലൂടെ നഗരം മുഴുവന്‍ സാധ്യമാക്കും. ഇന്ന് ഉദ്ഘാടനം ചെയ്ത റോ-റോ സേവനവും ക്രൂയിസ് സേവനവും വിനോദസഞ്ചാരത്തിന് ആക്കം കൂട്ടും. ഇന്ന് ഉദ്ഘാടനം ചെയ്ത രുദ്രാക്ഷ കേന്ദ്രം നഗരത്തിലെ കലാകാരന്മാര്‍ക്ക് ലോകോത്തര വേദി ഒരുക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ആധുനിക കാലത്തെ വിദ്യാകേന്ദ്രമായുള്ള കാശിയുടെ വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇന്ന് കാശിക്ക് മോഡല്‍ സ്‌കൂള്‍, ഐടിഐ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യാവസായിക വികസനത്തിന് സിപ്പെറ്റിന്റെ നൈപുണ്യ- സാങ്കേതിക സഹായ കേന്ദ്രം പിന്തുണയേകും. രാജ്യത്തെ പ്രമുഖ നിക്ഷേപ കേന്ദ്രമായി ഉത്തര്‍പ്രദേശ് അതിവേഗം വളരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വ്യവസായം ബുദ്ധിമുട്ടാണെന്ന് കരുതിയിരുന്ന ഉത്തര്‍പ്രദേശ് ഇന്ന് മേക്ക് ഇന്‍ ഇന്ത്യയുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്തായി, തടസ്സമില്ലാത്ത അടിസ്ഥാന സൗകര്യവികസനങ്ങളൊരുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗി ഗവണ്മെന്റിനെ പ്രധാനമന്ത്രി അനുമോദിച്ചത്. പ്രതിരോധ ഇടനാഴി, പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ, ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ, ഗോരഖ്പൂര്‍ ലിങ്ക് എക്‌സ്പ്രസ് വേ, ഗംഗ എക്‌സ്പ്രസ് വേ എന്നിവ സമീപകാലത്തെ മുന്നേറ്റത്തിന്റെ ചില ഉദാഹരണങ്ങളാണ്.
രാജ്യത്തെ കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക ഫണ്ട് സൃഷ്ടിച്ചിട്ടുണ്ടെന്നും ഇത് നമ്മുടെ കാര്‍ഷിക വിപണികള്‍ക്കു ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ കാര്‍ഷിക വിപണികളുടെ സംവിധാനം ആധുനികവും സൗകര്യപ്രദവുമാക്കുന്നതിനുള്ള സുപ്രധാന പടിയാണിത്.
ഉത്തര്‍പ്രദേശിലെ പുതിയ വികസന പദ്ധതികളുടെ നീണ്ട പട്ടികയെപ്പറ്റി ശ്രദ്ധയില്‍പ്പെടുത്തിയ പ്രധാനമന്ത്രി, നേരത്തെ പദ്ധതികളും സാമ്പത്തിക സഹായവും സംസ്ഥാനത്തിനായി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും അന്ന് ലക്‌നോവില്‍ അവയ്‌ക്കെല്ലാം തടസമുണ്ടായെന്നു ചൂണ്ടിക്കാട്ടി. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തിക്കുന്നതിനായി ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പ്രശംസിച്ചു.
ഉത്തര്‍പ്രദേശില്‍ ഇന്ന് നിയമം നടപ്പാകുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് നിയന്ത്രണാതീതമായിരുന്ന മാഫിയ രാജും ഭീകരതയും ഇപ്പോള്‍ നിയമത്തിനു കീഴിലാണ്. സഹോദരിമാരുടെയും പെണ്‍മക്കളുടെയും സുരക്ഷയെക്കുറിച്ച് മാതാപിതാക്കള്‍ എല്ലായ്‌പ്പോഴും ഭയന്നു കഴിഞ്ഞിരുന്ന അവസ്ഥയ്ക്കു മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഭരിക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും അടിസ്ഥാനമാക്കിയല്ല. അതുകൊണ്ടാണ്, ഇന്ന് ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ക്ക് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് പുതിയ വ്യവസായങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിക്ഷേപം നടത്തുന്നതെന്നും തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വീണ്ടും ശക്തിപ്രാപിക്കാന്‍ കൊറോണയ്ക്ക് അവസരമൊരുക്കാതിരിക്കാന്‍ ഏവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചാണ് പ്രധാനമന്ത്രി വാക്കുകള്‍ അവസാനിപ്പിച്ചത്. വ്യാപനം കുറയുന്നുവെങ്കിലും ചെറിയൊരു അശ്രദ്ധയ്ക്കു പോലും വലിയ തരംഗമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ''എല്ലാവര്‍ക്കും വാക്‌സിന്‍; എല്ലാവര്‍ക്കും സൗജന്യം''ക്യാമ്പയിന് കീഴില്‍ പ്രതിരോധ കുത്തിവയ്പു സ്വീകരിക്കണമെന്നും അദ്ദേഹം ഏവരോടും ആവശ്യപ്പെട്ടു.
***
(Release ID: 1735853)
Visitor Counter : 285
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada