ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19 മായി ബന്ധപ്പെട്ട മന്ത്രിമാരുടെ  29-ാമത് യോഗത്തിൽ ഡോ. ഹർഷ് വർധൻ അധ്യക്ഷത വഹിച്ചു.

Posted On: 28 JUN 2021 2:48PM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 28,2021


കോവിഡ് -19 മായി ബന്ധപ്പെട്ട്   മന്ത്രിമാരുടെ 29-ാമത്  ഉന്നതതല  യോഗത്തിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ വീഡിയോ കോൺഫറൻസിലൂടെ അധ്യക്ഷതവഹിച്ചു. സിവിൽ വ്യോമയാന മന്ത്രി ശ്രീ ഹർദീപ് എസ്. പുരി, ആഭ്യന്തര മന്ത്രാലയ സഹമന്ത്രി  ശ്രീ നിത്യാനന്ദ് റായ്, ആരോഗ്യ- കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനി കുമാർ ചൗബെ എന്നിവരും യോഗത്തിൽ പങ്കെടുത്തു. നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വിനോദ് കെ പോൾ യോഗത്തിൽ വെർച്ച്വൽ ആയി പങ്കെടുത്തു.

 കോവിഡ് വാക്സിനേഷൻ യജ്ഞത്തെ കുറിച്ച് സംസാരിച്ച ശ്രീ ഹർഷവർദ്ധൻ, ആകെ നൽകിയ കോവിഡ് വാക്സിൻ ഡോസ്സുകളുടെ എണ്ണത്തിൽ, അമേരിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി നിർണായക നേട്ടം കൈവരിച്ചതായി പറഞ്ഞു.2020 ഡിസംബർ 14 മുതൽ യു‌എസ്‌എ കോവിഡിനെതിരെ വാക്സിനേഷൻ ആരംഭിച്ചു, അതേസമയം 2021 ജനുവരി 16 ന് ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം  ആരംഭിച്ചു. കോവിഡ് വാക്സിനേഷന്റെ പുതിയ നയപ്രകാരം കേന്ദ്രസർക്കാർ, രാജ്യത്തെ ഉത്പാദകരിൽ നിന്നും  75% വാക്സിനുകൾ വാങ്ങുകയും  സൗജന്യമായി  സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.    ഇന്ന് രാവിലെ 8 മണി   വരെ വിവിധ വിഭാഗങ്ങളിലായി 32,36,63,297 വാക്സിൻ ഡോസുകൾ നൽകി.

കോവിഡ് -19 ന്റെ ഈ ഘട്ടത്തിൽ സംഭവിച്ച മ്യൂക്കോർ മൈക്കോസിസ് അണുബാധയെ ക്കുറിച്ചും അദ്ദേഹം മന്ത്രിതല സംഘത്തെ  അറിയിച്ചു: ആകെ 40,845 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 31,344 കേസുകൾ റൈനോ സെറിബ്രൽ വിഭാഗത്തിൽപ്പെട്ടതാണ്. അണുബാധകളിൽ നിന്നുള്ള മരണം 3,129 ആണ്.
മൊത്തം രോഗികളിൽ 34,940 രോഗികൾക്ക് കോവിഡ് (85.5%) ബാധിച്ചിരുന്നു. 26,187 (ഏകദേശം 64.11%) പേർ പ്രമേഹ രോഗികളാണ്. 21,523 (52.69%) പേർ സ്റ്റിറോയിഡുകൾ ഉപയോഗിച്ചിരുന്നു.13,083 രോഗികൾ 18-45 വയസ്സിനിടയിലായിരുന്നു (32%).17,464 പേർ 45-60 (42%) പ്രായമുള്ളവരും 10,082 (24%) രോഗികൾ 60 വയസ്സിന് മുകളിലുള്ളവരുമാണ്.

രാജ്യത്തെ 80 ജില്ലകളിൽ ഇപ്പോഴും ഉയർന്ന പോസിറ്റീവിറ്റി ഉള്ളതിനാൽ കോവിഡ് -19 ന്റെ രണ്ടാം തരംഗം ഇപ്പോഴും ശമിച്ചിട്ടില്ലെന്ന് ഹെൽത്ത് റിസർച്ച് സെക്രട്ടറി & ഡിജി (ഐസിഎംആർ)  ഡോ. ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി.  ഈ ഘട്ടത്തിൽ ഏതെങ്കിലും അലംഭാവം പാടില്ലെന്ന്  അദ്ദേഹം ഉപദേശിച്ചു.  കോവിഡ് -19 ന്റെ ആൽഫ, ബീറ്റ, ഗാമാ, ഡെൽറ്റ ഇനങ്ങൾക്കെതിരെ വാക്സിനുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും അദ്ദേഹം വിശദീകരിച്ചു.

  സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും  കോവിഡ് സ്ഥിതിഗതികളെ കുറിച്ച് വിശദമായ റിപ്പോർട്ട്  എൻ‌സി‌ഡി‌സി ഡയറക്ടർ ഡോക്ടർ സുജീത് കെ സിംഗ്  അവതരിപ്പിച്ചു. പ്രധാനമായും മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ കേന്ദ്രീകരിച്ച് തുടരുന്നതായി അദ്ദേഹം പറഞ്ഞു.  കോവിഡ് ദേശീയ വ്യാപന നിരക്കിനെക്കാൾ, ഈ സംസ്ഥാനങ്ങളിൽ വ്യാപന നിരക്ക് കൂടുതലാണ്.19 സംസ്ഥാനങ്ങൾ ഒറ്റ അക്കത്തിൽ (10 ൽ താഴെ) മരണസംഖ്യ റിപ്പോർട്ട് ചെയ്യുമ്പോൾ, കേരളം, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ നാല് സംസ്ഥാനങ്ങളിൽ പ്രതിദിനം നൂറിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 


(Release ID: 1730952) Visitor Counter : 279