പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ടോയ്ക്കത്തോണ്‍-2021'ല്‍ പങ്കെടുക്കുന്നവരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി


'ടോയ്‌ക്കോണമി'യില്‍ മികച്ച നയം കൈവരിക്കാന്‍ ആഹ്വാനം

വികസനവും വളര്‍ച്ചയും ആവശ്യമുള്ള വിഭാഗങ്ങളില്‍ കളിപ്പാട്ട മേഖലയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു

പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്കായി നാം ശബ്ദമുയര്‍ത്തണം: പ്രധാനമന്ത്രി

ഇന്ത്യയുടെ കഴിവുകള്‍, കല, സംസ്‌കാരം, സമൂഹം എന്നിവയെക്കുറിച്ച് അറിയാന്‍ ലോകം ആഗ്രഹിക്കുന്നു; അക്കാര്യത്തില്‍ കളിപ്പാട്ടങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനാകും: പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് ഡിജിറ്റല്‍ ഗെയിം മേഖലയില്‍ വിപുലമായ ഉള്ളടക്കവും കഴിവും ഉണ്ട്: പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം കളിപ്പാട്ട വ്യവസായത്തിലെ നൂതനാശയങ്ങള്‍ക്കും സ്രഷ്ടാക്കള്‍ക്കും വലിയ അവസരമാണ്: പ്രധാനമന്ത്രി

Posted On: 24 JUN 2021 1:10PM by PIB Thiruvananthpuram

'ടോയ്ക്കത്തോണ്‍ -2021'ല്‍ പങ്കെടുത്തവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. കേന്ദ്രമന്ത്രിമാരായ ശ്രീ പീയൂഷ് ഗോയല്‍, ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കഴിഞ്ഞ 5-6 വര്‍ഷത്തിനിടയില്‍ രാജ്യത്തെ പ്രധാന വെല്ലുവിളികളിലേക്ക് ഹാക്കത്തോണ്‍ വേദികളിലൂടെ രാജ്യത്തെ യുവാക്കളുടെ ശ്രദ്ധ എത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ കഴിവുകള്‍ സംയോജിപ്പിക്കുക, അവയ്ക്ക് ഒരു വേദിയൊരുക്കുക എന്നതാണ് ഇതിന്റെ പിന്നിലുള്ള ചിന്ത, അദ്ദേഹം പറഞ്ഞു.


കുട്ടികളുടെ ആദ്യ സുഹൃത്ത് എന്ന നിലയില്‍ കളിപ്പാട്ടങ്ങളുടെ പ്രാധാന്യത്തിന് പുറമെ, കളിപ്പാട്ടങ്ങളുടെയും ഗെയിമിംഗിന്റെയും സാമ്പത്തിക വശങ്ങളെക്കുറിച്ചും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി  അതിനെ 'ടോയ്ക്കോണമി' എന്ന് വിശേഷിപ്പിച്ചു. ആഗോള കളിപ്പാട്ട വിപണി 100 ബില്യണ്‍ ഡോളറാണെന്നും ഇന്ത്യ ഈ വിപണിയുടെ 1.5 ശതമാനം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കളിപ്പാട്ടങ്ങളുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിനര്‍ത്ഥം കോടിക്കണക്കിന് രൂപ രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നുവെന്നാണ്. ഇതിനു മാറ്റം വരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന് ആവശ്യമായ വിഭാഗങ്ങളിലേക്ക് പുരോഗതിയും വളര്‍ച്ചയും കൊണ്ടുവരാനുള്ള ശേഷി ഈ മേഖലയ്ക്കുണ്ടെന്ന് ശ്രീ മോദി അടിവരയിട്ടു പറഞ്ഞു. കളിപ്പാട്ട വ്യവസായത്തിന് ഗ്രാമീണ ജനസംഖ്യ, ദളിതര്‍, പാവപ്പെട്ടവര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവരടക്കമുള്ള ചെറുകിട വ്യവസായവും കരകൗശലത്തൊഴിലാളികളുമുണ്ട്. ഈ മേഖലയിലെ സ്ത്രീകളുടെ സംഭാവനയെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഈ മേഖലകളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുന്നതിന്, പ്രാദേശിക കളിപ്പാട്ടങ്ങള്‍ക്കായി നാം ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ആഗോളതലത്തില്‍ ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ മത്സരാധിഷ്ഠിതമാക്കുന്നതിന് നവീകരണത്തിന്റെയും ധനസഹായത്തിന്റെയും പുതിയ മാതൃകകള്‍ വരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പുതിയ ആശയങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പരമ്പരാഗത കളിപ്പാട്ട നിര്‍മ്മാതാക്കളിലേക്ക് പുതിയ സാങ്കേതികവിദ്യ എത്തിക്കുക, പുതിയ വിപണി ആവശ്യം സജ്ജമാക്കുക എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ടോയ്ക്കത്തോണ്‍ പോലുള്ള പരിപാടികള്‍ക്കു പിന്നിലെ പ്രചോദനം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുടെയും അത് കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അതിലൂടെ രാജ്യത്തെ വെര്‍ച്വല്‍, ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഗെയിമുകളുടെ സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിപണിയില്‍ ലഭ്യമായ മിക്ക ഓണ്‍ലൈന്‍, ഡിജിറ്റല്‍ ഗെയിമുകളും ഇന്ത്യന്‍ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളവയല്ലെന്നും അത്തരം ഗെയിമുകള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുന്നുവെന്ന വസ്തുത പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയുടെ കഴിവുകള്‍, കല, സംസ്‌കാരം, സമൂഹം എന്നിവയെക്കുറിച്ച് ലോകം അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അതില്‍ കളിപ്പാട്ടങ്ങള്‍ക്ക്  വലിയ പങ്കുവഹിക്കാനാകും. ഡിജിറ്റല്‍ ഗെയിമുകള്‍ ഒരുക്കുന്നതിനായി ഇന്ത്യയ്ക്ക് വിപുലമായ ഉള്ളടക്കവും കഴിവും ഉണ്ട്. ഇന്ത്യയുടെ കഴിവുകളുടെയും ആശയങ്ങളുടെയും യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ശ്രദ്ധാലുക്കളാകണമെന്ന് നവീനാശയങ്ങള്‍ കൊണ്ടുവരുന്ന യുവാക്കളെയും സംരംഭങ്ങളെയും ശ്രീ മോദി ആഹ്വാനം ചെയ്തു.

കളിപ്പാട്ട വ്യവസായത്തിലെ നൂതനാശയങ്ങള്‍ക്കും സ്രഷ്ടാക്കള്‍ക്കും വലിയ അവസരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. നിരവധി സംഭവങ്ങളും നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളുടെ കഥകളും അവരുടെ വീരകൃത്യങ്ങളും നേതൃത്വവും ഗെയിമുകളുടെ ആശയങ്ങളാക്കി മാറ്റാന്‍ കഴിയും. 'നാടോടിക്കഥകളെ ഭാവിയുമായി' ബന്ധിപ്പിക്കുന്നതില്‍ നൂതനാശയങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് വലിയ പങ്കുണ്ട്. 'ഇടപെടല്‍ ആവശ്യമുള്ളതും വിനോദപ്രദവും വിജ്ഞാനപ്രദവു'മായ, സംവേദനാത്മകവും രസകരവുമായ ഗെയിമുകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

***

 


(Release ID: 1729983) Visitor Counter : 236