ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ഇന്ത്യയുടെ 2021ലെ വിവരസാങ്കേതികവിദ്യാ നിയമങ്ങളെക്കുറിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്കു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷൻ മറുപടി നൽകി


ഐടി ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത് വിവിധ പങ്കാളികളുമായുള്ള ഉചിതമായ ചര്‍ച്ചയ്ക്ക് ശേഷം


- ചട്ടങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സമൂഹമാധ്യമങ്ങളിലെ സാധാരണ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിന്

Posted On: 20 JUN 2021 1:13PM by PIB Thiruvananthpuram

ഇന്ത്യയുടെ വിവരസാങ്കേതികവിദ്യാ മധ്യവര്‍ത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (ഡിജിറ്റല്‍ മാധ്യമ നൈതിക നിയമാവലി 2021) സംബന്ധിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗം ഉന്നയിച്ച ആശങ്കകള്‍ക്ക് യുഎന്നിലെ    ഇന്ത്യയുടെ സ്ഥിരം മിഷൻ  മറുപടി നല്‍കി.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു സംബന്ധിച്ച 2021 ജൂണ്‍ 11ലെ സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടിയും സമാധാനപരമായി സമ്മേളിക്കാനുള്ള  അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയില്‍ ഇന്ത്യയുടെ ഐടി നിയമത്തിലെ മധ്യവര്‍ത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ നൈതികതാ നിയമാവലിയും സംബന്ധിച്ച ഹ്രസ്വ വിവരക്കുറിപ്പും ഉള്‍പ്പെടുന്ന മറുപടിയാണ് ഐക്യരാഷ്ട്രസഭയുടെ ഓഫീസിനും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സഘടനകള്‍ക്കും നല്‍കിയത്.

വ്യക്തികള്‍, പൊതുസമൂഹം, വ്യവസായ സംഘടനകള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ക്ഷണിച്ച് വിവിധ പങ്കാളികളുമായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും വിവര, പ്രക്ഷേപണ മന്ത്രാലയവും 2018 ല്‍ വിശാലമായ കൂടിയാലോ ചനകള്‍ നടത്തിയാണ് കരടു ചട്ടങ്ങള്‍ തയ്യാറാക്കിയതെന്ന് ഇന്ത്യ അറിയിച്ചു. അതിനുശേഷം മന്ത്രാലയങ്ങള്‍ തമ്മില്‍ യോഗം ചേര്‍ന്ന് ലഭിച്ച അഭിപ്രായങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും അതിനനുസരിച്ച് നിയമാവലിക്ക് അന്തിമരൂപം നല്‍കുകയുമാണ് ചെയ്തത്.

ഇന്ത്യയുടെ ജനാധിപത്യ യോഗ്യതാപത്രങ്ങള്‍ ശരിയായി അംഗീകരിക്കപ്പെട്ടതാണെന്ന് മറുപടിയില്‍ സ്ഥിരം മിഷൻ  എടുത്തു പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്വതന്ത്ര നീതിന്യായ സംവിധാനവും ശക്തമായ മാധ്യമങ്ങളും ഇന്ത്യയുടെ ജനാധിപത്യ ഘടനയുടെ ഭാഗമാണ്.


മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക നടപടിക്രമ വിഭാഗത്തിനു മുന്നില്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ ഐക്യരാഷ്ട്രസഭയും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളും മുഖേന ലഭിച്ച ഈ അവസരം സന്തോഷത്തോടെ പ്രയോജനപ്പെടുത്തുകയാണെന്നും ഇന്ത്യയുടെ സ്ഥിരം മിഷൻ  അറിയിച്ചു.

രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലെ സാധാരണക്കാരായ ഉപയോക്താക്കളെ ശാക്തീകരിക്കാനാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന ഇരകള്‍ക്ക് പരാതി നല്‍കാന്‍ ഒരിടം വേണം. പൊതുജനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഐടി ചട്ടങ്ങള്‍ തയ്യാറാക്കിയതെന്നും  മറുപടിയിൽ  പറയുന്നു. 

രാജ്യത്തെ ഐടി ചട്ടം അഭിപ്രായസ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ തെറ്റാണ്. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട് .  

******(Release ID: 1728812) Visitor Counter : 234