ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പുതിയ സുരക്ഷാ സവിശേഷത ഉൾപ്പെടുത്തി

Posted On: 07 MAY 2021 12:53PM by PIB Thiruvananthpuram



ന്യൂഡൽഹി, മെയ് 07, 2021

കോവിൻ പോർട്ടൽ വഴി കോവിഡ് വാക്സിനേഷനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത, എന്നാൽ നിശ്ചിത തീയതിയിൽ വാക്സിനേഷനായി പോകാതിരുന്നവർക്ക് ഒരു ഡോസ്  വാക്സിൻ  നൽകിയതായി ചില സന്ദർഭങ്ങളിൽ എസ്എംഎസിലൂടെ അറിയിപ്പ് ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാക്സിനേറ്റർ, നിശ്ചിത വ്യക്തിക്ക് വാക്സിനേഷൻ നൽകി എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാലാണ് ഇത് സംഭവിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

അത്തരം പിശകുകൾ കുറയ്ക്കുന്നതിന്, 2021 മെയ് 8 മുതൽ കോവിൻ ആപ്ലിക്കേഷനിൽ ഒരു “4 അക്ക സുരക്ഷാ കോഡ്” അവതരിപ്പിക്കുന്നു. ഇനി മുതൽ പരിശോധനയ്ക്ക് ശേഷം ഗുണഭോക്താവ് വാക്സിൻ എടുക്കാൻ യോഗ്യനാണെന്ന് കണ്ടെത്തിയ ശേഷം വാക്സിൻ ഡോസ് നൽകുന്നതിനുമുമ്പ്, വെരിഫയർ/വാക്സിനേറ്റർ ഗുണഭോക്താവിനോട് അവരുടെ 4 അക്ക കോഡിനെക്കുറിച്ച് ചോദിക്കുകയും വാക്സിനേഷൻ നില ശരിയായി രേഖപ്പെടുത്തുന്നതിന് കോവിൻ സിസ്റ്റത്തിൽ അത് ചേർക്കുകയും ചെയ്യും.

വാക്സിനേഷൻ സ്ലോട്ടിനായി ഓൺലൈൻ ബുക്കിംഗ് നടത്തിയവർക്ക് മാത്രമേ ഈ പുതിയ സവിശേഷത ബാധകമാകൂ. അപ്പോയിന്റ്മെന്റ് അക്നോളജ്മെന്റ് സ്ലിപ്പിൽ അച്ചടിക്കുന്ന “4 അക്ക സുരക്ഷാ കോഡ്” വാക്സിനേറ്റർക്ക് അറിയാൻ കഴിയില്ല. അപ്പോയിന്റ്മെന്റ് വിജയകരമായി ബുക്ക് ചെയ്തതിനുശേഷം ഗുണഭോക്താവിന് അയക്കുന്ന സ്ഥിരീകരണ എസ്എംഎസിലും ഈ കോഡ് ഉണ്ടാകും.

പൗരന്മാർക്കുള്ള നിർദ്ദേശങ്ങൾ:

• പൗരന്മാർ അവരുടെ അപ്പോയിന്റ്മെന്റ് സ്ലിപ്പിന്റെ ഒരു പകർപ്പ് (ഡിജിറ്റൽ അല്ലെങ്കിൽ ഫിസിക്കൽ) കൂടാതെ/അല്ലെങ്കിൽ അപ്പോയിന്റ്മെന്റ് സ്ഥിരീകരണ SMS ഉള്ള രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണും കൈവശം വയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു.

• വാക്സിൻ ഡോസ് നൽകുന്നതിനുമുമ്പ് സുരക്ഷാ കോഡ് വെരിഫയർ/വാക്സിനേറ്ററിന് നൽകണം

• വാക്സിനേഷൻപ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം പൗരന് ഒരു സ്ഥിരീകരണ SMS ലഭിക്കും. വാക്സിനേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും ഡിജിറ്റൽ സർട്ടിഫിക്കറ്റ് സൃഷ്ടിച്ചതായും ഈ സ്ഥിരീകരണ SMS സൂചിപ്പിക്കുന്നു. സ്ഥിരീകരണ SMS ലഭിച്ചില്ലെങ്കിൽ‌, ആ  വ്യക്തി, വാക്സിനേറ്റർ‌/വാക്സിനേഷൻ‌ സെന്റർ‌ ഇൻ‌ചാർ‌ജുമായി ബന്ധപ്പെടേണ്ടതാണ്.

 
RRTN/SKY


(Release ID: 1716815) Visitor Counter : 244