പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് -19 അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തി
നാം ഒരൊറ്റ രാഷ്ട്രമായി പ്രവർത്തിക്കുകയാണെങ്കിൽ, വിഭവങ്ങളുടെ ദൗർലഭ്യം ഉണ്ടാകില്ല: പ്രധാനമന്ത്രി
ഓക്സിജൻ ടാങ്കറുകളുടെ നീക്കത്തിലെ യാത്രാ സമയം കുറയ്ക്കുന്നതിന് റെയിൽവേയെയും വ്യോമസേനയെയും വിന്യസിക്കുന്നു: പ്രധാനമന്ത്രി
അവശ്യ മരുന്നുകളുടെയും കുത്തിവയ്പ്പുകളുടെയും പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയാൻ കർശനമായിരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു
കേന്ദ്രം 15 കോടിയിലധികം ഡോസുകൾ സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകി: പ്രധാനമന്ത്രി ആശുപത്രികളുടെ സുരക്ഷ അവഗണിക്കരുത്: പ്രധാനമന്ത്രി
പരിഭ്രാന്തി അകറ്റുന്നതിന് അവബോധം വർദ്ധിപ്പിക്കണം: പ്രധാനമന്ത്രി
Posted On:
23 APR 2021 2:42PM by PIB Thiruvananthpuram
അടുത്തിടെ പരമാവധി കോവിഡ് കേസുകളുണ്ടായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് -19 സ്ഥിതി സംബന്ധിച്ച് ചർച്ച ചെയ്തു.
വൈറസ് പല സംസ്ഥാനങ്ങളെയും ടയർ 2, ടയർ 3 നഗരങ്ങളെയും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി മഹാമാരിയെ പ്രതിരോധിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാമാരിയുടെ ആദ്യ തരംഗത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനംനമ്മുടെ ഐക്യ ശ്രമങ്ങളും ഐക്യ തന്ത്രവുമാണ്, ഈ വെല്ലുവിളിയെ നമുക്ക് അതേ രീതിയിൽ തന്നെ നേരിടേണ്ടിവരുമെന്ന് ആവർത്തിച്ചു.
എല്ലാ സംസ്ഥാനങ്ങൾക്കും ഈ പോരാട്ടത്തിലും കേന്ദ്രത്തിന്റെ പൂർണ പിന്തുണ പ്രധാനമന്ത്രി മോദി ഉറപ്പ് നൽകി. ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാകാലങ്ങളിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.
ഓക്സിജൻ വിതരണത്തിൽ സംസ്ഥാനങ്ങൾ ഉന്നയിച്ച കാര്യങ്ങൾ പ്രധാനമന്ത്രി മോദി കണക്കിലെടുത്തു . ഓക്സിജൻ വിതരണം വർദ്ധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നു. വ്യാവസായിക ഓക്സിജനും അടിയന്തിര ആവശ്യങ്ങൾക്കായി വഴിതിരിച്ചു വിട്ടിട്ടുണ്ട്.
മരുന്നുകളും ഓക്സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചു. ഓക്സിജന്റെയും മരുന്നുകളുടെയും പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുള്ള ഓക്സിജൻ ടാങ്കർ തടയുകയോ കുടുങ്ങുകയോ ചെയ്യുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിന് ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ്രത്തിൽ നിന്ന് ഓക്സിജൻ അനുവദിച്ചാലുടൻ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ആവശ്യാനുസരണം ഓക്സിജൻ എത്തിക്കാൻ കഴിയുമെന്ന് ഈ ഏകോപന സമിതി ഉറപ്പാക്കണം. ഓക്സിജൻ വിതരണം സംബന്ധിച്ച യോഗത്തിൽ ഇന്നലെ അധ്യക്ഷത വഹിച്ചതായും ഓക്സിജൻ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായി ഇന്ന് മറ്റൊരു യോഗം ചേരുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു.
ഓക്സിജൻ ടാങ്കറുകളുടെ യാത്രാ സമയവും പ്രവർത്തന സമയവും കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.ഇതിനായി റെയിൽവേ ഓക്സിജൻ എക്സ്പ്രസ് ആരംഭിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനായി ശൂന്യമായ ഓക്സിജൻ ടാങ്കറുകളും വ്യോമസേന വിമാനമാർഗം എത്തിക്കുന്നു.
വിഭവങ്ങൾ നവീകരിക്കുന്നതിനൊപ്പം പരിശോധനയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകൾക്ക് സൗകര്യങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതിനായി വിപുലമായ പരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഈ സാഹചര്യത്തിൽ നമ്മുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി മന്ദഗതിയിലാകരുതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയാണ് ഏറ്റവും വലിയ വാക്സിനേഷൻ പരിപാടി നടത്തുന്നതെന്നും ഇതുവരെ 13 കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമർശിച്ചു. 45 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും, ആരോഗ്യ പരിപാലന തൊഴിലാളികൾക്കും മുൻനിര പ്രവർത്തകർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച പരിപാടിയും അതേ രീതിയിൽ തുടരും. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിൻ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടുതൽ കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുന്നതിന് നമുക്ക് മിഷൻ മോഡിൽ പ്രവർത്തിക്കേണ്ടതുണ്ട്.
രോഗികളുടെ ചികിത്സയ്ക്കുള്ള എല്ലാ നടപടികളോടൊപ്പം ആശുപത്രി സുരക്ഷയും വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ആശുപത്രികളിൽ അടുത്തിടെ ഓക്സിജൻ ചോർച്ചയും തീപിടുത്തവും ഉണ്ടായതിൽ ദുഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി , സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശുപത്രി ജീവനക്കാരെ കൂടുതൽ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
പരിഭ്രാന്തിയിലാകാതിരിക്കാൻ ആളുകളെ നിരന്തരം ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സംഘടിതമായ ശ്രമങ്ങളിലൂടെ രാജ്യത്തുടനീളം ഈ മഹാമാരിയുടെ രണ്ടാം തരംഗം തടയാൻ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, പുതിയ അണുബാധകളെ പ്രതിരോധിക്കാനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച് നീതി ആയോഗ് അംഗം ഡോ. വി കെ പോൾ ഒരു അവതരണം നൽകിയിരുന്നു, രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട ചികിത്സയ്ക്കുമായുള്ള മാർഗ്ഗരേഖയും അദ്ദേഹം അവതരിപ്പിച്ചു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ , ഡോക്ടർമാരുടെ ടീമുകൾ, വിതരണം , ക്ലിനിക്കൽ മാനേജ്‌മന്റ് പ്രതിരോധ കുത്തിവയ്പ്പ് , സാമൂഹിക പങ്കാളിത്തം തുടങ്ങിയവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
നിലവിലെ തരംഗത്തിൽ സംസ്ഥാന ഗവണ്മെന്റുകൾ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അതത് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങളും നീതി ആയോഗ് അവതരിപ്പിച്ച മാർഗ്ഗരേഖയുംതങ്ങളുടെ പ്രതികരണങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
******
(Release ID: 1713570)
Visitor Counter : 262
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada