പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജോർദാൻ രാജഭരണത്തിന്റെ നൂറാം വാർഷികത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ

Posted On: 13 APR 2021 11:25PM by PIB Thiruvananthpuram

ജോർദാൻ രാജ്യത്തിന്റെ രാജഭരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  അബ്ദുല്ല  രാജാവിനും  ജോർദാൻ ജനതയ്ക്കും  എന്റെ  ഊഷ്‌മള ആശംസകൾ.

ലോകത്തിന്റെ ചരിത്രപരവും മതപരവുമായ പൈതൃകത്തിൽ ബഹുമാനിക്കപ്പെടുന്ന പേരാണ് ജോർദാൻ.

അബ്ദുല്ല  രാജാവിന്റെ  ദീര്ഘദര്ശിത്വമാർന്ന  നേതൃത്വത്തിന് കീഴിൽ  ജോർദാൻ സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിച്ചു.

സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വികസനത്തിൽ അതിന്റെ പുരോഗതി ശ്രദ്ധേയമാണ്.

ലോകത്തിലെ ഒരു പ്രധാന പ്രദേശത്ത്, ജോർദാൻ ശക്തമായ ശബ്ദമായും മിതത്വത്തിന്റെയും ഉൾക്കൊള്ളലിന്റെയും ആഗോള പ്രതീകമായും  മാറി.

അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കുന്ന ഒരു മാതൃകാ രാജ്യമായി ഇത് ഉയർന്നുവന്നിട്ടുണ്ട്, ഇത് സ്ഥിരതയുടെ പ്രതീകവും യുക്തിയുടെ ശബ്ദവുമാണ്.

പശ്ചിമേഷ്യയിൽ സമാധാനം വളർത്തുന്നതിൽ  രാജാവ് പ്രധാന പങ്ക്  തുടർന്നും വഹിക്കുന്നു.

പ്രാദേശിക സമാധാനവും സുരക്ഷയും സംബന്ധിച്ച ഏകോപനം പ്രോത്സാഹിപ്പിക്കുന്നതിന് അക്കാബ പ്രക്രിയ സഹായിച്ചിട്ടുണ്ട്.

അതുപോലെ, 2004 ലെ അമ്മാൻ സന്ദേശം സഹിഷ്ണുത, ഐക്യം, മനുഷ്യന്റെ അന്തസ്സിനോടുള്ള ആദരവ് എന്നിവയ്ക്കുള്ള ശക്തമായ ആഹ്വാനമായിരുന്നു.

അബ്ദുല്ല രാജാവിന്റെ ചരിത്ര സന്ദർശന വേളയിൽ 2018 ൽ ന്യൂഡൽഹിയിൽ ഇതേ സന്ദേശം ആവർത്തിച്ചു.

മതപണ്ഡിതരുടെ ഒത്തുചേരലിൽ '' ലോകത്തിന്റെ ഭാവിയിൽ വിശ്വാസത്തിന്റെ പങ്ക് '' എന്ന തന്റെ ചിന്തകൾ പങ്കുവെക്കാനുള്ള എന്റെ ക്ഷണം അദ്ദേഹം ആദരവോടെ സ്വീകരിച്ചു.

സമാധാനത്തിനും അഭിവൃദ്ധിക്കും മിതത്വവും സമാധാനപരമായ സഹവർത്തിത്വവും അനിവാര്യമാണെന്ന വിശ്വാസത്തിലാണ് ഇന്ത്യയും ജോർദാനും ഒന്നിക്കുന്നത്.

എല്ലാ മനുഷ്യവർഗത്തിനും മെച്ചപ്പെട്ട ഭാവിക്കായുള്ള   സംയുക്ത ശ്രമങ്ങൾ  ഞങ്ങൾ  തുടരും.

ഈ സന്തോഷകരമായ അവസരത്തിൽ ഞാൻ വീണ്ടും അബ്ദുല്ല രാജാവിനും  ജോർദാൻ ജനതയ്ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.

ആൽഫ് മബ്രൂക്ക്, ആയിരം അഭിനന്ദനങ്ങൾ, ശുക്രാൻ,

നന്ദി.

 

***



(Release ID: 1711658) Visitor Counter : 123