പ്രധാനമന്ത്രിയുടെ ഓഫീസ്‌

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വിവിധ അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 25 FEB 2021 6:56PM by PIB Thiruvananthpuram

തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ഭന്‍വാരിലാല്‍ പുരോഹിത് ജി, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ പളനിസ്വാമി ജി, ഉപ മുഖ്യമന്ത്രി, ശ്രീ ഒപിഎസ്, എന്റെ സഹപ്രവര്‍ത്തകന്‍, പ്രള്‍ഹാദ് ജോഷി ജി, തമിഴ്നാട് സംസ്ഥാന മന്ത്രി ശ്രീ വേലുമണി ജി, വിശിഷ്ടാതിഥികളെ, സഹോദരീ സഹോദരന്‍മാരേ, 

വണക്കം.

കോയമ്പത്തൂരിന്‍ വരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. വ്യവസായത്തിന്റെയും പുതുമയുടെയും ഒരു നഗരമാണിത്. കോയമ്പത്തൂരിനും മുഴുവന്‍ തമിഴ്നാട്ടിനും പ്രയോജനപ്പെടുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ന് നാം ആരംഭിക്കുകയാണ്.

സുഹൃത്തുക്കളെ,
ഭവാനിസാഗര്‍ അണക്കെട്ടിന്റെ നവീകരണത്തിന് തറക്കല്ലിടുന്നു. ഇത് രണ്ട് ലക്ഷം ഏക്കര്‍ സ്ഥലത്ത് ജലസേചനം നടത്തും. ഈറോഡ്, തിരുപ്പൂര്‍, കരൂര്‍ ജില്ലകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഈ പദ്ധതി നമ്മുടെ കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യും. മഹാനായ തിരുവള്ളുവറിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു: 

உழுதுண்டு வாழ்வாரே வாழ்வார்மற் றெல்லாம்

தொழுதுண்டு பின்செல் பவர்.

അര്‍ത്ഥം: 'കൃഷിക്കാരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്, മറ്റുള്ളവരെല്ലാം അവര്‍ കാരണം ജീവിക്കുന്നു; അവരെ ആരാധിക്കുന്നു '.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് തമിഴ്നാട് വലിയ സംഭാവന നല്‍കുന്നു. വ്യവസായം വളരുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങളിലൊന്ന് തുടര്‍ച്ചയായ വൈദ്യുതി വിതരണമാണ്. ഇന്ന്, രണ്ട് പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്കായി രാജ്യത്തിനായി സമര്‍പ്പിക്കുകയും ഒരു ഊര്‍ജ്ജ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്യുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗര്‍ ജില്ലകളിലെ നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡാണ് 709 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി വികസിപ്പിക്കുന്നത്. മൂവായിരം കോടിയിലധികം രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. മൊത്തം ഏഴായിരത്തി എണ്‍പതിനായിരം കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച എന്‍എല്‍സിയുടെ 1000 മെഗാവാട്ട് താപവൈദ്യുത പദ്ധതി തമിഴ്നാടിന് വലിയ ഗുണം ചെയ്യും. ഈ പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്നതിന്റെ അറുപത്തിയഞ്ച് ശതമാനത്തിലധികം വൈദ്യുതി തമിഴ്നാടിന് നല്‍കും.

സുഹൃത്തുക്കള്‍,

കടല്‍ വഴിയുള്ള വ്യാപാരത്തിന്റെയും തുറമുഖം വഴിയുള്ള വികസനത്തിന്റെയും മഹത്തായ ചരിത്രമാണ് തമിഴ്നാട്ടിനുള്ളത്. വി.ഒ. ചിദംബരനാര്‍ തുറമുഖം, തൂത്തുക്കുടിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ സമാരംഭിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.  മഹത്തായ സ്വാതന്ത്ര്യസമര സേനാനിയായ വി-ഒ-സി യുടെ ശ്രമങ്ങള്‍ നാം ഓര്‍ക്കുന്നു. ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ ഷിപ്പിംഗ് വ്യവസായത്തെയും സമുദ്ര വികസനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മെ വളരെയധികം പ്രചോദിപ്പിക്കുന്നു. ഇന്ന് ആരംഭിച്ച പദ്ധതികള്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള തുറമുഖത്തിന്റെ കഴിവ് കൂടുതല്‍ ശക്തിപ്പെടുത്തും. ഹരിത തുറമുഖ സംരംഭത്തെപ്പോലും ഇത് പിന്തുണയ്ക്കും. ഇതിനുപുറമെ, തുറമുഖത്തെ കിഴക്കന്‍ തീരത്തെ ഒരു വലിയ ട്രാന്‍സ്-ഷിപ്പിങ് തുറമുഖമാക്കി മാറ്റുന്നതിനുള്ള കൂടുതല്‍ നടപടികള്‍ നാം സ്വീകരിക്കും. നമ്മുടെ തുറമുഖങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമ്പോള്‍, അത് ഇന്ത്യ ആത്മനിര്‍ഭര്‍ ആകുന്നതിനും വ്യാപാരത്തിനും ചരക്കുനീക്കത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായി മാറുന്നു.

തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വികസനത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരികേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത സാഗര്‍മല പദ്ധതിയിലൂടെ കാണാന്‍ കഴിയും. 2015-2035 കാലയളവില്‍ മൊത്തം ആറ് ലക്ഷം കോടി രൂപ ചെലവില്‍ 575 പദ്ധതികള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങള്‍: തുറമുഖ നവീകരണം, പുതിയ തുറമുഖ വികസനം, തുറമുഖ കണക്റ്റിവിറ്റി മെച്ചപ്പെടുത്തല്‍, തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായവല്‍ക്കരണം, തീരദേശ സമൂഹ വികസനം.

ചെന്നൈയിലെ ശ്രീപെരുമ്പുത്തൂരിനടുത്തുള്ള മാപ്പെഡുവില്‍ ഒരു പുതിയ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് ഉടന്‍ ആരംഭിക്കാന്‍ പോകുന്നു എന്നറിയുന്നതിലും ഞാന്‍ സന്തോഷിക്കുന്നു. കോരമ്പള്ളം പാലവും റെയില്‍ ഓവര്‍ബ്രിഡ്ജും എട്ടു വരിയാക്കുന്ന ജോലിയും 'സാഗര്‍മാല പരിപാടിയില്‍' ഏറ്റെടുത്തു. തുറമുഖത്തേക്കും പുറത്തേക്കും തടസ്സമില്ലാത്തതും തിരക്കില്ലാത്തതുമായ ഗതാഗതം ഈ പദ്ധതി സുഗമമാക്കും. ചരക്കുലോറികളുടെ ഓട്ടത്തിനു വേണ്ടിവരുന്ന സമയം കുറയ്ക്കാന്‍ ഇതു വഴിവെക്കും.

സുഹൃത്തുക്കളെ,
പരിസ്ഥിതിയുടെ വികസനവും പരിചരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വി-ഒ-സി തുറമുഖം ഇതിനകം 500 കിലോവാട്ട് മേല്‍ക്കൂരയുള്ള സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചിട്ടുണ്ട്. 140 കിലോവാട്ട് മേല്‍ക്കൂരയുള്ള സോളാര്‍ പദ്ധതിയുടെ ഇന്‍സ്റ്റലേഷന്‍ പുരോഗമിക്കുന്നു. ഇരുപത് കോടി രൂപ ചെലവില്‍ 5 മെഗാവാട്ട് ഭൂഗര്‍ഭ അധിഷ്ഠിത സൗരോര്‍ജ്ജ നിലയം ബന്ധിപ്പിച്ച ഗ്രിഡ് വി-ഒ-സി പോര്‍ട്ട് ഏറ്റെടുത്തത് എന്നെ സന്തോഷിപ്പിക്കുന്നു. തുറമുഖത്തിന്റെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 60 ശതമാനം നിറവേറ്റാന്‍ ഈ പദ്ധതി സഹായിക്കും. ഇത് തീര്‍ച്ചയായും ഊര്‍ജ ആത്മാനിര്‍ഭര്‍ ഭാരതത്തിന്റെ ഒരു ഉദാഹരണമാണ്.

പ്രിയ സുഹൃത്തുക്കളെ,
ഓരോ വ്യക്തിയുടെയും അന്തസ്സ് ഉറപ്പാക്കുകയാണ് വികസനത്തിന്റെ കാതല്‍. അന്തസ്സ് ഉറപ്പുവരുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം എല്ലാവര്‍ക്കും അഭയം നല്‍കുക എന്നതാണ്. നമ്മുടെ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചിറകുകള്‍ നല്‍കുന്നതിനായി പ്രധാന്‍ മന്ത്രി ആവാസ് യോജന ആരംഭിച്ചു.

സുഹൃത്തുക്കളെ, 
നാലായിരത്തി നൂറ്റിനാല്പത്തിനാല് വാടകമുറികള്‍ ഉദ്ഘാടനം ചെയ്യുന്നത് എന്റെ ഭാഗ്യമാണ്. തിരുപ്പൂര്‍, മധുര, തിരുച്ചിറപ്പള്ളി ജില്ലകളിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ ചെലവ് 332 കോടി രൂപയാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനുശേഷവും ഒരിക്കലും തലയ്ക്കു മീതെ മേല്‍ക്കൂരയില്ലാത്തവര്‍ക്ക് ഈ വീടുകള്‍ കൈമാറും.

സുഹൃത്തുക്കള്‍,

കനത്ത നഗരവത്കൃത സംസ്ഥാനമാണ് തമിഴ്നാട്. നഗരങ്ങളുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും പ്രതിജ്ഞാബദ്ധരാണ്. തമിഴ്നാട്ടിലുടനീളമുള്ള സ്മാര്‍ട്ട് സിറ്റികളില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് തറക്കല്ലിട്ടതില്‍ സന്തോഷമുണ്ട്. ഈ നഗരങ്ങളിലുടനീളം വിവിധ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ബുദ്ധിപരവും സംയോജിതവുമായ ഐടി പരിഹാരങ്ങള്‍ ഇതിലൂടെ ലഭിക്കും.

സുഹൃത്തുക്കളെ,

ഇന്ന് ആരംഭിച്ച പദ്ധതികള്‍ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും വലിയ ഉത്തേജനം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് പുതിയ വീടുകള്‍ ലഭിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ആശംസകള്‍. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഒരു ആത്മനിര്‍ഭര്‍ ഭാരതം യാഥാ ര്‍ഥ്യമാക്കാനും നാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.

നന്ദി.

വളരെ നന്ദി.

വണക്കം.

 

***



(Release ID: 1700991) Visitor Counter : 207