മന്ത്രിസഭ
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണത്തിനും പങ്കാളിത്തത്തിനുമുള്ള കരാറിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
17 FEB 2021 3:57PM by PIB Thiruvananthpuram
ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണവും പങ്കാളിത്തത്തിനുമുള്ള കരാറും (സിഇസിപിഎ) ഒപ്പിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇന്ത്യ-മൗറീഷ്യസ് കരാറിന്റെ പ്രധാന സവിശേഷതകള്‍ ഇവയാണ്:
ആഫ്രിക്കയിലെ ഒരു രാജ്യവുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ വ്യാപാര കരാറായിരിക്കും ഇന്ത്യ-മൗറീഷ്യസ് സിഇസിപിഎ. ചരക്കുകളുടെ വ്യാപാരം, ഉത്ഭവ നിയമങ്ങള്‍, സേവനങ്ങളുടെ വ്യാപാരം, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങള്‍ (ടിബിടി), സാനിറ്ററി, ഫൈറ്റോസാനിറ്ററി (എസ്പിഎസ്) നടപടികള്‍, തര്‍ക്ക പരിഹാരം, ടെലികോം, ധനകാര്യ സേവനങ്ങള്‍, കസ്റ്റംസ് നടപടിക്രമങ്ങളും മറ്റ് മേഖലകളിലെ സഹകരണവും എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു പരിമിത കരാറാണിത്.
ആഘാതം അല്ലെങ്കില്‍ നേട്ടങ്ങള്‍:
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഒരു സ്ഥാപനവല്‍കൃത സംവിധാനം സിഇസിപിഎ ഉറപ്പ് നല്‍കുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സിഇസിപിഎ യില്‍ 310 കയറ്റുമതി വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നു, അവയില്‍ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും, കാര്‍ഷിക ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, അടിസ്ഥാന ലോഹങ്ങളും അവ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളും, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് ഇനങ്ങള്‍, പ്ലാസ്റ്റിക്കുകളും രാസവസ്തുക്കളും, മരവും മരഉരുപ്പടികളും, തുടങ്ങിയവ ഉള്‍പ്പെടും. ശീതീകരിച്ച മത്സ്യം, പ്രത്യേക പഞ്ചസാര, ബിസ്‌കറ്റ്, പഴങ്ങള്‍, ജ്യൂസുകള്‍, മിനറല്‍ വാട്ടര്‍, ബിയര്‍, ലഹരി പാനീയങ്ങള്‍, സോപ്പുകള്‍, ബാഗുകള്‍, മെഡിക്കല്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ 615 ഉല്‍പ്പന്നങ്ങള്‍ക്കായി മൗറീഷ്യസിന് ഇന്ത്യയിലേക്ക് മുന്‍ഗണനാ വിപണി പ്രവേശനം ലഭിക്കും.
സേവന വ്യാപാരത്തെ സംബന്ധിച്ചിടത്തോളം, പ്രൊഫഷണല്‍ സേവനങ്ങള്‍, കമ്പ്യൂട്ടര്‍ അനുബന്ധ സേവനങ്ങള്‍, ഗവേഷണം, വികസനം, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, വാര്‍ത്താ വിനിമയം, നിര്‍മ്മാണം, വിതരണം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ 11 വിശാലമായ സേവന മേഖലകളില്‍ നിന്ന് 115 ഓളം ഉപമേഖലകളിലേക്ക് ഇന്ത്യന്‍ സേവന ദാതാക്കള്‍ക്ക് പ്രവേശനം ലഭിക്കും. സാമ്പത്തികം, വിനോദ സഞ്ചാര മേഖല, വിനോദ മേഖല, യോഗ, ദൃശ്യ-ശ്രാവ്യ സേവനങ്ങള്‍, ഗതാഗത സേവനങ്ങള്‍. പ്രൊഫഷണല്‍ സേവനങ്ങള്‍, ഗവേഷണ വികസന, മറ്റ് ബിസിനസ്സ് സേവനങ്ങള്‍, എന്നിവയുള്‍പ്പെടെ 11 വിശാലമായ സേവന മേഖലകളില്‍ നിന്ന് 95 ഓളം ഉപമേഖലകള്‍ ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കരാര്‍ ഒപ്പിട്ട് രണ്ട് വര്‍ഷത്തിനുള്ളില്‍ പരിമിതമായ എണ്ണം ഉയര്‍ന്ന സെന്‍സിറ്റീവ് ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു ഓട്ടോമാറ്റിക് ട്രിഗര്‍ സേഫ്ഗാര്‍ഡ് സംവിധാനത്തെക്കുറിച്ച് (എടിഎസ്എം) ചര്‍ച്ച നടത്താനും ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.
സമയരേഖകള്‍:
ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ തീയതിയില്‍ രണ്ട് രാജ്യങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ ഒപ്പിടുന്ന കരാര്‍ തൊട്ടടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
പശ്ചാത്തലം:
ഇന്ത്യയും മൗറീഷ്യസും തമ്മില്‍ മികച്ച ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്നു. ചരിത്രപരമായ സാംസ്‌കാരിക ബന്ധങ്ങള്‍, ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകള്‍, വികസന സഹകരണം, പ്രതിരോധം, സമുദ്ര പങ്കാളിത്തം, ജനങ്ങളുമായുള്ള ബന്ധം എന്നിവ തുടര്‍ന്ന് പോരുന്നു. മൗറീഷ്യസ് ഇന്ത്യയുടെ ഒരു പ്രധാന വികസന പങ്കാളിയാണ്. 2016 ല്‍ ഇന്ത്യ 353 ദശലക്ഷം യുഎസ് ഡോളര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് മൗറീഷ്യസന് നല്‍കിയിരുന്നു. ഈ പാക്കേജിന് കീഴില്‍ നടപ്പാക്കുന്ന അഞ്ച് പദ്ധതികളില്‍ ഒന്നാണ് പുതിയ സുപ്രീം കോടതി കെട്ടിട നിര്‍മ്മിതി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രിയും പ്രവിന്ദ് ജുഗ്‌നൗത്ത് സംയുക്തമായി 2020 ജൂലൈയില്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക സാമ്പത്തിക പാക്കേജിന്‍ കീഴിന് നിര്‍മ്മിച്ച മെട്രോ എക്‌സ്പ്രസ് പദ്ധതിയുടെ ഒന്നാം ഘട്ടവും മൗറീഷ്യസിലെ 100 കിടക്കകളുള്ള ആര്‍ട്ട് ഇഎന്‍ടി ഹോസ്പിറ്റല്‍ പ്രോജക്ടും 2019 ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
2005 മുതല്‍, മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ, കൂടാതെ മൗറീഷ്യസിലേക്ക് ഏറ്റവും കൂടുതല്‍ ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ (ഐടിസി) ന്റെ കണക്ക് അനുസരിച്ച്, 2019 ല്‍ മൗറീഷ്യസിന്റെ പ്രധാന ഇറക്കുമതി പങ്കാളികള്‍ ഇന്ത്യ (13.85%), ചൈന (16.69%), ദക്ഷിണാഫ്രിക്ക (8.07%), യുഎഇ (7.28%) എന്നിവയായിരുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2005-06 സാമ്പത്തിക വര്‍ഷത്തില്‍ 206.76 ദശലക്ഷം യുഎസ് ഡോളറില്‍ നിന്ന് 233 ശതമാനം വളര്‍ച്ച നേടി. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 690.02 മില്യണ്‍ ഡോളറായി. മൗറീഷ്യസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2005-06 സാമ്പത്തിക വര്‍ഷത്തില്‍ 199.43 മില്യണ്‍ ഡോളറില്‍ നിന്ന് 232 ശതമാനം വര്‍ദ്ധിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 662.13 മില്യണ്‍ ഡോളറായി ഉയര്‍ന്നു. മൗറീഷ്യസില്‍ നിന്നുള്ള ഇറക്കുമതി 2005-06 ല്‍ 7.33 മില്യണ്‍ ഡോളറില്‍ നിന്ന് 280 ശതമാനം വര്‍ധിച്ച് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 27.89 മില്യണ്‍ ഡോളറായി. ഇന്ത്യ-മൗറീഷ്യസ് സിഇസിപിഎ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും പ്രത്യേകവുമായ ബന്ധം കൂടുതല്‍ ഉറപ്പിക്കും.
***
(Release ID: 1698737)
Visitor Counter : 270
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada