ധനകാര്യ മന്ത്രാലയം

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി വർദ്ധിപ്പിച്ചു

Posted On: 01 FEB 2021 1:59PM by PIB Thiruvananthpuram

 


അനുവദനീയമായ വിദേശ നിക്ഷേപ പരിധി നിലവിലുള്ള 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്താനും നിയന്ത്രണങ്ങളോടെ വിദേശ ഉടമസ്ഥാവകാശവും നിയന്ത്രണവും അനുവദിക്കാനും ആവശ്യമായ ഭേദഗതി 1938 ലെ ഇൻഷുറൻസ് നിയമത്തിൽ സർക്കാർ വരുത്തുമെന്ന് 2021-22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. നിർദ്ദിഷ്ട ഘടന പ്രകാരം, ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും മാനേജുമെന്റിലെ പ്രധാന വ്യക്തികളും സ്ഥിരവാസികളായ ഇന്ത്യക്കാരായിരിക്കണം. കുറഞ്ഞത് 50% ഡയറക്ടർമാർ സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. ലാഭത്തിന്റെ നിർദ്ദിഷ്ട ശതമാനം പൊതു കരുതൽ ധനമായി നിലനിർത്തുകയും വേണം.

നിലവിലുള്ള കിട്ടാക്കടങ്ങൾ ഏകീകരിക്കാനും ഏറ്റെടുക്കാനും ഒരു ആസ്തി പുനർനിർമാണ കമ്പനിയും ആസ്തി മാനേജുമെന്റ് കമ്പനിയും രൂപീകരിക്കും. തുടർന്ന് ആൾട്ടർനേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകൾക്കും മറ്റ് സാധ്യതയുള്ള നിക്ഷേപകർക്കും ആസ്തി കൈകാര്യം ചെയ്യാനും വിനിയോഗിക്കാനും അനുവാദം നൽകാനും വ്യവസ്ഥയുണ്ട്. നടപടി പൊതുമേഖലാ ബാങ്കുകളെ കിട്ടാക്കടങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും.

പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനായി 2021-22 സാമ്പത്തിക വർഷത്തിൽ 20,000 കോടി രൂപ മൂലധനനിക്ഷേപം നടത്തും.

 

100 കോടി രൂപ കുറഞ്ഞ ആസ്തിയുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്, 2002 ലെ സർഫാസി നിയമ പ്രകാരം കടം വീണ്ടെടുക്കാൻ അർഹതയുള്ള ഏറ്റവും കുറഞ്ഞ വായ്പയുടെ പരിധി 50 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി കുറയ്ക്കും. ചെറുകിട വായ്പക്കാരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനോടൊപ്പം വായ്പ അച്ചടക്കത്തിനും തീരുമാനം വഴിയൊരുക്കും.



(Release ID: 1694424) Visitor Counter : 224