ധനകാര്യ മന്ത്രാലയം

പെന്‍ഷനും പലിശയും ലഭിക്കുന്ന 75 വയസുകഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കി


ചിലവു കുറഞ്ഞ വാടക വീടുകള്‍ക്ക് കൂടുതല്‍ സഹായം

ഫെയ്സ് ലെസ് തര്‍ക്കപരിഹാര കമ്മിറ്റി രൂപീകരിക്കും

പശ്ചാത്തലസൗകര്യ മേഖലയില്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി നികുതി ഇളവുകള്‍

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ബജറ്റില്‍ നികുതി പ്രോത്സാഹനങ്ങള്‍ പ്രഖ്യാപിച്ചു

റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 3.31 കോടിയില്‍ നിന്നും ആറുവര്‍ഷം കൊണ്ട് 6.48 കോടിയായി ഉയര്‍ന്നു

Posted On: 01 FEB 2021 1:37PM by PIB Thiruvananthpuram

ഇന്ന് പാര്‍ലമെന്റില്‍ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച 2021-22ലേക്കുള്ള കേന്ദ്ര ബജറ്റില്‍ നികുതി ഭരണം, വ്യവഹാര പരിപാലനം എന്നിവ കൂടുതല്‍ ലളിതമാക്കുന്നതിനും പ്രത്യക്ഷ നികുതി ഭരണം സുഗമമാക്കുന്നതിനുമാണ് ശ്രമിച്ചിരിക്കുന്നത്.

ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി മുതിര്‍ന്നപൗരന്മാരുടെ ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ഇളവ് നല്‍കുകയും ആദായനികുതി നടപടികള്‍ക്കുള്ള സമയം കുറയ്ക്കുകയും തര്‍ക്കപരിഹാര കമ്മിറ്റി രൂപീകരിക്കുന്നത്, ഫെയ്സ് ലെസ് ഐ.ടി.എടി. പ്രവാസി ഇന്ത്യാക്കാര്‍ക്കുള്ള ഇളവുകള്‍, ഓഡിറ്റ് പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള പരിധി വര്‍ദ്ധിപ്പിക്കുകയും വരുമാനം പങ്കുവയ്ക്കലില്‍ ആശ്വാസങ്ങളും പ്രഖ്യാപിച്ചു. പശ്ചാത്തലസൗകര്യം, ചിലവു കുറഞ്ഞ ഭവനം, വാടക വീടുകള്‍ എന്നിവയ്ക്ക് ആശ്വാസം, ഐ.എഫ്.എസ്.സികള്‍ക്ക് നികുതി പ്രോത്സാഹനങ്ങള്‍, ചെറുകിട ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ആശ്വാസം, രാജ്യത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനത്തിന് വേണ്ടിയുള്ള നടപടികള്‍ എന്നിവയും അവര്‍ പ്രഖ്യാപിച്ചു.

മഹാമാരിക്ക് ശേഷം ഒരു പുതിയ ലോകക്രമം ഉയര്‍ന്നു വരുന്നതാണ് കാണുന്നതെന്നും അതിന്റെ നേതൃത്വപങ്ക് ഇന്ത്യയ്ക്കായിരിക്കുമെന്നും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ നമ്മുടെ നികുതി സംവിധാനം സുതാര്യവും കാര്യക്ഷമവും രാജ്യത്ത് നിക്ഷേപവും തൊഴിലും പ്രോത്സാഹിപ്പിക്കുന്നതുമാകണമെന്ന് അവര്‍ പറഞ്ഞു. അതേസമയം, അത് നമ്മുടെ നികുതിദായകരില്‍ വളരെ പരിമിതമായ ഭാരം മാത്രമേ ചുമത്താനും പാടുള്ളുവെന്ന് മന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറയ്ക്കുക, ലാഭവിഹിത വിതരണ നികുതി ഇല്ലാതാക്കുക, ചെറുകിട നികുതിദായകരുടെ റിബേറ്റ് വര്‍ദ്ധിപ്പിക്കുക എന്നിവ ഉള്‍പ്പെടെ നികുതിദായകരുടെ ഗുണത്തിനായി ഗവണ്‍മെന്റ് ഒരു ശൃംഖല പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. 2020 ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ 2014ലെ 3.31 കോടിയില്‍ നിന്ന് 6.48 കോടിയായി വര്‍ദ്ധിച്ച ഒരു നാടകീയമായ മാറ്റമാണ് ദര്‍ശിക്കാനായത്.

DIRECT TAX.jpgമുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ 75 വയസിനും അതിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാനാകുന്ന ഭാരം കുറയ്ക്കുന്നതിനാണ് ബജറ്റ് ശ്രമിച്ചിരിക്കുന്നത്.  പെന്‍ഷനും പലിശ വരുമാനവും മാത്രമുള്ള അത്തരം മുതിര്‍ന്ന പൗരന്മാരെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കും. പണം നല്‍കുന്ന ബാങ്ക് അവരുടെ വരുമാനത്തില്‍ നിന്ന് ആവശ്യമായ നികുതി കിഴിക്കും.

പ്രവാസികള്‍ക്ക് ഇളവുകളും ; ലാഭവിഹിതത്തിന് ആശ്വാസവും

വിദേശത്തുനിന്നും വരുന്ന പ്രവാസികള്‍ക്ക് അവരുടെ വിരമിക്കല്‍ അക്കൗണ്ടുകളിലെ ആര്‍ജിത വരുമാനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളിലുള്ള പ്രയാസങ്ങള്‍ നീക്കുന്നതിനായി ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ആര്‍.ഇ.ഐ.ടി/ഇന്‍വിറ്റ് എന്നിവയ്ക്ക് നല്‍കുന്ന ലാഭവിഹിതങ്ങളെ ടി.ഡി.എസില്‍ നിന്നും ഒഴിവാക്കുന്നതിനും ഇത് നിര്‍ദ്ദേശിക്കുന്നു. വിദേശത്തുള്ള നിക്ഷേപകരുടെ ആസ്തികള്‍ക്കും ഓഹരികള്‍ക്കും അവരുടെ ലാഭവരുമാനത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നികുതി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ലാഭവരുമാനത്തിലെ മുന്‍കൂര്‍ നികുതി ബാദ്ധ്യത ലാഭവിഹിതത്തിന്റെ പ്രഖ്യാപനത്തിനോ വിതരണത്തിനോ ശേഷം മാത്രമേ ഉദിക്കുന്നുള്ളുന്നുവെന്നും ബജറ്റ് പറയുന്നു. ഓഹരി കൈവശമുള്ളവര്‍ക്ക് മുന്‍കൂര്‍ നികുതി നല്‍കുന്നതിനായി കൃത്യമായ ലാഭവരുമാനം കണക്കാക്കാന്‍ കഴിയാത്തതുകൊണ്ടാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചിലവു കുറഞ്ഞ വീട്/വാടക വീട്

താങ്ങാനാകുന്ന ഭവനം വാങ്ങുന്നതിനായി 1.5 ലക്ഷം രൂപവരെ വായ്പയെടുത്തവര്‍ക്ക് 2022 മാര്‍ച്ച് 31 വരെയുള്ള നികുതി ഇളവ് കാലാവധി നീട്ടുന്നതിനായുള്ള നിര്‍ദ്ദേശം ധനകാര്യ മന്ത്രി ബജറ്റില്‍ അവതരിപ്പിച്ചു. താങ്ങാനാകുന്ന ഭവനങ്ങളുടെ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഇവയ്ക്കുള്ള നികുതി അവധി അവകാശപ്പെടുന്നതിനുള്ള സമയം നീട്ടുന്നതിനുള്ള യോഗ്യതാ കാലാവധി 2022 മാര്‍ച്ച് 31 വരെയായി അവര്‍ പ്രഖ്യാപിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ടി താങ്ങാനാകുന്ന വാടകവീടുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനായി വിജ്ഞാപനം ചെയ്തിട്ടുള്ള പദ്ധതികള്‍ക്കായി മന്ത്രി പുതിയ നികുതി ഒഴിവാക്കല്‍ പ്രഖ്യാപിച്ചു.

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍

രാജ്യത്ത് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നതിനായി സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നികുതി അവധി അവകാശപ്പെടാനുള്ള സമയം 2022 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയതായി ശ്രീമതി സീതാരാമന്‍ പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ട് അപ്പുകളുടെ ഫണ്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുനായി സ്റ്റാര്‍ട്ട് അപ്പുകളിലെ നിക്ഷേപത്തിലെ മൂലധന നേട്ടം 2022 മാര്‍ച്ച് 31 വരെ ഒരു വര്‍ഷം കൂടി ഒഴിവാക്കുന്നതിനും അവര്‍ നിര്‍ദ്ദേശിച്ചു.

തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ തൊഴിലാളി വിഹിതത്തിന്റെ സമയബന്ധിത നിക്ഷേപം

വിവിധ ക്ഷേമനിധികളില്‍ തൊഴിലാളികളുടെ വിഹിതം നിക്ഷേപിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ ഫലമായി തൊഴിലാളികള്‍ക്ക് പലിശ/വരുമാനം എന്നിവയില്‍ സ്ഥിരമായ നഷ്ടമുണ്ടാകുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. അതുകൊണ്ട് തൊഴിലാളി വിഹിതം തൊഴിലുടമകള്‍ സമയത്തിന് നിക്ഷേപിക്കുന്നതിനായി, തൊഴിലാളി വിഹിതത്തില്‍ നിന്നും പിടിക്കുന്ന തുക  നിക്ഷേപിക്കാന്‍ വൈകിപ്പോയാൽ തൊഴിൽ ദായകന്  കിഴിവ് അനുവദിക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചു.

ആദായനികുതി നടപടികള്‍ പുനരാരംഭിക്കുന്നതിനായി സയമം കുറച്ചു.

നികുതിപാലനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി, ആദായനികുതി നടപടികള്‍ പുനരാരംഭിക്കുന്നതിനുള്ള കാലപരിധി നിലവിലുള്ള ആറുവര്‍ഷത്തിൽ നിന്ന്  മൂന്നുവര്‍ഷമായി കുറയ്ക്കുന്നതിനുള്ള വ്യവസ്ഥ ബജറ്റ് മുന്നോട്ടുവയ്ക്കുന്നു. ഗൗരവമേറിയ നികുതി വെട്ടിപ്പ് കേസുകളില്‍ ഒരുവര്‍ഷം 50 ലക്ഷമോ അതില്‍ കൂടുതലോ വരുമാനം മറച്ചുവച്ചതിനുള്ള തെളിവുകളുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ ചീഫ് കമ്മിഷണറുടെ അംഗീകാരമുണ്ടെങ്കില്‍ മാത്രം പത്തുവര്‍ഷമോ അതില്‍കൂടുതലോയുള്ള അസസ്‌മെന്റുകളില്‍ പുനരാലോചനനടത്താം.

തര്‍ക്കപരിഹാര സമിതിയും ദേശീയ ഫെയ്സ് ലെസ് നികുതി അപ്പലേറ്റ് ട്രിബ്യുണല്‍ കേന്ദ്രങ്ങളും

നികുതി സംവിധാനത്തിലെ വ്യവഹാരങ്ങള്‍ കുറയ്ക്കുകയെന്ന ഗവണ്‍മെന്റിന്റെ പ്രതിജ്ഞയെക്കുറിച്ചു ചൂണ്ടിക്കാട്ടികൊണ്ട് പ്രത്യക്ഷനികുതി 'വിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്ക്' എന്ന പദ്ധതിയില്‍ ഗവണ്‍മെന്റിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. ഈ പദ്ധതിക്ക് കീഴില്‍ 2021 ജനുവരി 30 വരെ 85,000 ലേറെ കോടി രൂപയുടെ നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ലക്ഷത്തി പതിനായിരത്തിലേറെ നികുതിദായകര്‍ ഈ പദ്ധതി സ്വീകരിച്ചു. ചെറിയ നികുതി ദായകരുടെ വ്യവഹാരങ്ങള്‍ വീണ്ടും കുറയ്ക്കുന്നതിനായി, ഒരു തര്‍ക്കപരിഹാര സമിതി രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ശ്രീമതി സീതാരാമന്‍ മുന്നോട്ടുവച്ചു. 50 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ട വരുമാനവും 10 ലക്ഷം രൂപവരെ തര്‍ക്ക വരുമാനവുമുള്ള ഏതൊരു നികുതിദായകനും സമിതിയെ സമീപിക്കാന്‍ അർഹതയുണ്ട്. ഈ ഫെയ്സ് ലെസ്   സമിതി കാര്യക്ഷമതയൂം സുതാര്യതയും ഉത്തരവാദത്തവും ഉറപ്പാക്കും. ദേശീയ ഫെയ്സ് ലെസ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ താമസിയാതെ രൂപീകരിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള നികുതി ഓഡിറ്റ് പരിധി ഉയര്‍ത്തി

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ മിക്കവാറും എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തുന്ന വ്യക്തികള്‍ക്ക് താങ്ങാനാകുന്ന ഭാരത്തിനായും തങ്ങളുടെ ഇടപാടുകളില്‍ 95% അഞ്ചുകോടിയില്‍ നിന്ന് പത്തുകോടി വരെ ഡിജിറ്റലായി നടത്തുന്ന വ്യക്തികളുടെ നികുതി ഓഡിറ്റ് പരിധി വര്‍ദ്ധിപ്പിക്കുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

വിദേശ നിക്ഷേപകര്‍ക്ക് പ്രോത്സാഹനം

പശ്ചാത്തല സൗകര്യമേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി വിദേശ ഫണ്ടിംഗ് തടയുക, വാണിജ്യപരമായ പ്രര്‍ത്തനങ്ങളിലും പശ്ചാത്തല സൗകര്യമേഖലയിലെ നേരിട്ടുള്ള നിക്ഷേപത്തിലുമുള്ള നിയന്ത്രണങ്ങൾ പോലുള്ള ചില വ്യവസ്ഥകളില്‍ ഇളവുകള്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. സീറോ കൂപ്പണ്‍ ബോണ്ടുകള്‍ പുറത്തിറക്കി പശ്ചാത്തലമേഖലയില്‍ ഫണ്ടിംഗ് അനുവദിക്കുന്നതിനായി  അവയിലൂടെ പണംകണ്ടെത്തുന്നതിന് യോഗ്യത നേടുന്നതിനായി വിജ്ഞാപനം ചെയ്തിട്ടുള്ള പശ്ചാത്തല വായ്പാ ഫണ്ട് രൂപീകരിക്കുന്നതിന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

ഐ.എഫ്.എസ്.സികള്‍ക്ക് നികുതി പ്രോത്സാഹനം

അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രങ്ങള്‍ (ഐ.എഫ്.എസ്.സി)കളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ക്കുള്ള മൂലധന നേട്ടത്തിന് നികുതി അവധിദിനങ്ങള്‍, വിദേശപാട്ടക്കാര്‍ക്കുള്ള വിമാന പാട്ടവാടകയ്ക്ക് നികുതി ഒഴിവാക്കല്‍, ഐ.എഫ്.സിയിലെ ഫണ്ടുകളുടെ സ്ഥാനമാറ്റത്തിന് നികുതി പ്രോത്സാഹനം, ഐ.എഫ്.സിയില്‍ സ്ഥാനം കണ്ടെത്തിയിട്ടുള്ള വിദേശബാങ്കുകളുടെ നിക്ഷേപ വിഭാഗത്തിന് നികുതി ഒഴിവാക്കല്‍ അനുവദിക്കുക എന്നിവ ഉള്‍പ്പെടെയുള്ള നികുതി പ്രോത്സാഹനം ബജറ്റ് നിര്‍ദ്ദേശിക്കുന്നു.

ഫെയ്സ് ലെസ് ഐ.ടി.എ.ടി

ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ ഫെയ്സ് ലെസ് ആക്കുമെന്ന്  ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ നിര്‍ദ്ദേശിച്ചു. ട്രിബ്യൂണലും പരാതിക്കാരും തമ്മിലുള്ള എല്ലാ ആശയവിനിമയങ്ങളും ഇലക്‌ട്രോണിക്കായി നടക്കുന്ന ഒരു ദേശീയ ഫെയ്സ് ലെസ് ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ കേന്ദ്രം അവര്‍ ബജറ്റിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിട്ടേണുകള്‍ മുന്‍കൂര്‍ സമര്‍പ്പിക്കുന്നത്

റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് ലളിതമാക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളില്‍ നിന്നുള്ള മൂലധനനേട്ടങ്ങൾ, ലാഭവിഹിത വരുമാനവും ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പലിശ  തുടങ്ങിയവയും റിട്ടേണുകളില്‍ മൂന്‍കൂറായി സമര്‍പ്പിക്കാമെന്ന് ബജറ്റ് നിര്‍ദ്ദേശിക്കുന്നു. ശമ്പളവരുമാനം, നികുതി അടയ്ക്കല്‍, ടി.ഡി.എസ്. എന്നിവയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ തന്നെ മുന്‍കൂറായി സമര്‍പ്പിക്കാം.


*****(Release ID: 1694037) Visitor Counter : 283