പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ ആറ് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

Posted On: 19 JAN 2021 3:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശിലെ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നാളെ (20.01.2021) ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടക്കുന്ന ചടങ്ങില്‍ ഇതിന്റെ വിതരണം നിര്‍വ്വഹിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. 5.30 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡുവും, നേരത്തെ ആദ്യ ഗഡു സഹായം ലഭിച്ച 80,000 ഗുണഭോക്താക്കള്‍ക്കുള്ള രണ്ടാം ഗഡുവും ഇതിലുള്‍പ്പെടും.

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി  


2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി എന്ന ബൃഹത് പദ്ധതിക്ക് തുടക്കമിട്ടത്. ഇതുവരെ രാജ്യത്തൊട്ടാകെ 1.26 കോടി വീടുകള്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ചിട്ടുണ്ട്. പി.എം.എ.വൈ - ജി പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും (സമതലങ്ങളില്‍) 1.20 ലക്ഷം രൂപയും, കുന്നിന്‍ പ്രദേശങ്ങള്‍ / വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ജമ്മു കാശ്മീര്‍, ലഡാക്ക്, കേന്ദ്ര ഭരണ പ്രദേശം, നക്‌സല്‍ ബാധിത ജില്ലകള്‍ എന്നിവിടങ്ങളില്‍ 1.3 ലക്ഷം രൂപയും 100 ശതമാനം ഗ്രാന്റായി നല്‍കും.


പി.എം.എ.വൈ - ജി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഇതിനു പുറമെ ശുചിത്വ ഭാരത ദൗത്യത്തിന് കീഴില്‍ ശുചിമുറികളുടെ നിര്‍മ്മാണത്തിന്  മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള കൂലിയായ 12,000 രൂപയും ലഭ്യമാക്കും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിക്ക് കീഴിലെ പാചക വാതക കണക്ഷന്‍ എന്നിവയും, ജല ജീവന്‍ ദൗത്യത്തിന് കീഴില്‍ സുരക്ഷിത കുടിവെള്ളവും ഉള്‍പ്പെടെ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളുമായി ഈ പദ്ധതിയെ ബന്ധിപ്പിച്ചിട്ടുണ്ട്.


****
 


(Release ID: 1690055) Visitor Counter : 274