ധനകാര്യ മന്ത്രാലയം

ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതിയുടെ അവലോകന യോഗത്തിൽ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ അധ്യക്ഷത വഹിച്ചു

Posted On: 06 JAN 2021 5:20PM by PIB Thiruvananthpuram


കേന്ദ്ര ജലവിഭവ - നദീ വികസന -ഗംഗാ പുനരുജ്ജീവന വകുപ്പ്,കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിമാരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ  ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതി (നാഷണൽ ഇൻഫ്രാസ്ട്രക്ച്ചർ പൈപ്പ്ലൈൻ - എൻ‌.ഐ‌.പി.) നടപ്പാക്കുന്നതിലെ  പുരോഗതി കേന്ദ്ര ധനമന്ത്രി ശ്രീമതി.നിർമല സീതാരാമൻ അവലോകനം ചെയ്തു.ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതിയുടെ പുരോഗതി,ഇതുവരെ ചെലവഴിച്ച തുക,പദ്ധതി നടപ്പാക്കൽ വേഗത്തിലാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യ അജണ്ടകൾ.പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ചു ചേർക്കുന്ന രണ്ടാമത്തെ അവലോകന യോഗമാണിത്.

6,835 പദ്ധതികളുമായി ആരംഭിച്ച  ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതി ഇപ്പോൾ 7,300 ലധികം പദ്ധതികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 80,915 കോടി രൂപയുടെ 24 പദ്ധതികൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലും 2,79,604 കോടി രൂപയുടെ 10 വലിയ പദ്ധതികൾ കേന്ദ്ര ജലവിഭവ - നദീ വികസന -ഗംഗാ പുനരുജ്ജീവന വകുപ്പിന്റെ കീഴിലും പുരോഗമിച്ചു വരികയാണ്.ഇവയും വിശദമായി അവലോകനം ചെയ്തു.

പൗരന്മാർക്ക് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിനും ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ  സംരംഭങ്ങളുടെ  ഭാഗമാണ് ദേശീയ അടിസ്ഥാന സൗകര്യ പൈപ്പ്ലൈൻ പദ്ധതിയെന്ന്,പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യവെ ശ്രീമതി നിർമ്മല സീതാരാമൻ പറഞ്ഞു.

****
 



(Release ID: 1686607) Visitor Counter : 143