സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി

രാജ്യത്തെ എഥനോൾ ഉല്പാദനശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പരിഷ്കരിച്ച പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം

Posted On: 30 DEC 2020 3:44PM by PIB Thiruvananthpuram

നെല്ല്, ഗോതമ്പ്, ബാർലി, ചോളം തുടങ്ങിയ ധാന്യങ്ങളിൽ നിന്ന് ഒന്നാം തലമുറ എഥനോൾ ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷി, രാജ്യത്ത് വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് താഴെപ്പറയുന്നവയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കുള്ള ക്യാബിനറ്റ് സമിതി അംഗീകാരം നൽകി.

 

താഴെപ്പറയുന്ന വിഭാഗങ്ങളിൽ, എഥനോൾ ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിനു പ്രത്യേക പലിശ ഇളവ് ലഭ്യമാക്കുന്നതിനായി പരിഷ്കരിച്ച ഒരു പദ്ധതി: 

 

 

1)      ധാന്യങ്ങളിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കുന്ന പുത്തൻ സംവിധാനങ്ങൾ നിർമ്മിക്കുകയും നിലവിലുള്ളവയുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുക. ഡ്രൈ മില്ലിങ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന തനിയെ പ്രവർത്തിക്കുന്ന ഡിസ്റ്റിലറികൾക്ക് മാത്രമായിരിക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുക.

 

2)      മൊളാസസ് അധിഷ്ഠിത ഡിസ്റ്റിലറികൾ പുതിയതായി സ്ഥാപിക്കുകയും നിലവിലുള്ളവ (പഞ്ചസാര മില്ലുകളോട് ചേർന്നോ തനിയെയോ പ്രവർത്തിക്കുന്നവ) വികസിപ്പിക്കുകയും ചെയ്യുക. ദ്രവരൂപത്തിലുള്ള മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കുന്ന, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകാരമുള്ള ഏത് സംവിധാനവും ഉപയോഗപ്പെടുത്തുക.

 

3)      ഡ്യുവൽ ഫീഡ് ഡിസ്റ്റിലറികൾ പുതിയതായി സ്ഥാപിക്കുകയും നിലവിൽ പ്രവർത്തിക്കുന്നവരുടെ ശേഷി വർധിപ്പിക്കുകയും ചെയ്യുക.

 

4)      പഞ്ചസാര മില്ലുകളോട് ചേർന്നോ തനിയെയോ പ്രവർത്തിക്കുന്ന മോളാസസ് അധിഷ്ഠിത ഡിസ്റ്റിലറികളെ ഡ്യുവൽ ഫീഡ് ഡിസ്റ്റിലറികളായി പരിഷ്കരിക്കുക. ധാന്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിസ്റ്റിലറികളെയും ഡ്യുവൽ ഫീഡ് സംവിധാനത്തിലേക്ക് മാറ്റുക.

 

5)       മധുരക്കിഴങ്ങ്, ധാന്യങ്ങൾ, സ്വീറ്റ് സോർഗം തുടങ്ങിയവയിൽ നിന്നും എഥനോൾ ഉല്പാദിപ്പിക്കുന്നതിനായി പുതിയ ഡിസ്റ്റിലറികൾ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ ശേഷി വികസിപ്പിക്കുകയും ചെയ്യുക.

 

6)      നിലവിലെ ഡിസ്റ്റിലറികളിൽ മോളിക്കുലാർ സീവ് ഡീഹൈഡ്രേഷൻ കോളം (MSDH) സ്ഥാപിച്ചുകൊണ്ട് റെക്റ്റിഫൈഡ് സ്പിരിറ്റിനെ എഥനോൾ ആക്കി മാറ്റുക

 

ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ അഞ്ചുവർഷം പലിശ ഇളവിനുള്ള ചിലവ് ഭരണകൂടം വഹിക്കും. പ്രതിവർഷം ആറു ശതമാനം, ബാങ്ക് വായ്പ നിരക്കിന്റെ 50 ശതമാനം എന്നിവയിൽ ഏതാണോ കുറവ് അതിന്മേൽ ആകും ഇളവ്.

 

പെട്രോളുമായി സംയോജിപ്പിക്കുന്നതിന് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 75 ശതമാനം എങ്കിലും എഥനോൾ കൈമാറുന്ന ഡിസ്റ്റിലറികൾക്ക് മാത്രമേ പലിശഇളവ് സൗകര്യം ലഭ്യമാക്കൂ.

 

***



(Release ID: 1684707) Visitor Counter : 274