ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാ നിരോധനം 2021 ജനുവരി 7 വരെ ദീർഘിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു


പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ, അതിതീവ്ര വ്യാപന ശേഷിയുള്ള വൈറസിനെതിരെ ജാഗ്രത പാലിക്കാനാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു

Posted On: 30 DEC 2020 11:39AM by PIB Thiruvananthpuram

ബ്രിട്ടനിൽ നിന്ന്  ഇന്ത്യയിലേക്കുള്ള  വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക യാത്രാ നിരോധനം 2021 ജനുവരി 7(വ്യാഴം) വരെ ദീർഘിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം, സിവിൽ വ്യോമയാന മന്ത്രാലയത്തിന് ശുപാർശ നൽകി. ആരോഗ്യ സേവന വിഭാഗം ഡയറക്ടർ ജനറലിന്റെ  നേതൃത്വത്തിലുള്ള, സംയുക്ത അവലോകന സംഘത്തിന്റെയും, ഐസിഎംആർ ഡയറക്ടർ ജനറലും നീതിആയോഗ് (ആരോഗ്യം) അംഗവും സംയുക്ത നേതൃത്വം വഹിക്കുന്ന ദേശീയ കർമ്മ സമിതിയുടെയും നിർദേശത്തെത്തുടർന്നാണ് ഈ ശുപാർശ.

2021 ജനുവരി 7 ന് ശേഷം കർശനമായ നിയന്ത്രണത്തോടെ ഏതാനും വിമാനങ്ങൾ യുകെയിൽ നിന്നും ഇന്ത്യയിലേക്ക്, സർവീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്നും ശുപാർശയിൽ പറയുന്നു. ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സിവിൽ വ്യോമയാന വകുപ്പും  ചേർന്നായിരിക്കും തീരുമാനിക്കുക.

 അതി വ്യാപന  ശേഷിയുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തെഴുതി.


ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്ന എല്ലാ  നിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും  ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തി കൊറോണ വ്യാപനം ചെറുക്കുന്നതിന്, ആവശ്യമെങ്കിൽ രാത്രി കാല കർഫ്യൂ  ഉൾപ്പെടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സംസ്ഥാനങ്ങൾക്ക് ഉള്ളിലും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി, ഡിസംബർ 30,31, 2021 ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ  ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട്  കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

 

***



(Release ID: 1684611) Visitor Counter : 209