പ്രധാനമന്ത്രിയുടെ ഓഫീസ്
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാളം പരിഭാഷ
Posted On:
10 DEC 2020 4:57PM by PIB Thiruvananthpuram
ലോക്‌സഭാ സ്പീക്കര്‍ ശ്രീ ഓം പ്രകാശ് ബിര്‍ളാജി, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ശ്രീ ഹരിവംശന്‍ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശ്രീ പ്രഹളാദ് ജോഷിജി, ശ്രീ ഹര്‍ദീപ് സിംഗ് പുരിജി, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വെര്‍ച്ച്വല്‍ മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്ന നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് സ്പീക്കര്‍മാരെ, ഇവിടെ സന്നിഹിതരായിരിക്കുന്ന നിരവധി രാജ്യങ്ങളിലെ അംബാസിഡര്‍മാരെ, ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ അംഗങ്ങള്‍, മറ്റ് വിശിഷ്ടാതിഥികളെ എന്റെ പ്രിയപ്പെട്ട ദേശവാസികളെ,
ഇന്നത്തെ ദിനം ചരിത്രപരമാണ്. ഇന്ത്യയുടെ ജനാധിപത്യചരിത്രത്തില്‍ ഇന്ന് ഒരു നാഴികകല്ലാണ്. ഇന്ത്യക്കാരിലൂടെ ഇന്ത്യാവല്‍ക്കരണം എന്ന ആശയത്തോടെയുള്ള ഇന്ത്യ പാര്‍ലമെന്റ് ഹൗസിന്റെ നിര്‍മ്മാണ ഉദ്ഘാടനമാണ്, ഇത് നമ്മുടെ ജനാധിപത്യപാരമ്പര്യത്തില്‍ ഇത് ഒരു സുപ്രധാനമായ നാഴികല്ലാണ്. ഞങ്ങള്‍ ഇന്ത്യയുടെ ജനങ്ങള്‍ ഒന്നിച്ച് നിന്ന് ഈ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കും.
സുഹൃത്തുക്കളെ, പഴമയുടെയൂം പുതുമയുടെയും സഹവര്‍ത്തിത്വത്തിന്റെ ഉദാഹരണമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണം. കാലത്തിന്റെയും അനിവാര്യതയുടെയൂം അടിസ്ഥാനത്തില്‍ സ്വയം മാറ്റം കൊണ്ടുവരുന്നതിനുള്ള ഒരു പരിശ്രമമാണിത്. നമ്മുടെ ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും പിന്നീട് സ്വതന്ത്ര ഇന്ത്യയേയും ശക്തിപ്പെടുത്തുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവണ്‍മെന്റ് രൂപീകൃതമായതും ആദ്യത്തെ പാര്‍ലമെന്റ് സമ്മേളിച്ചതും ഇവിടെയാണ്. ഈ പാര്‍ലമെന്റ് മന്ദിരത്തിലാണ് നമ്മുടെ ഭരണഘടന സൃഷ്ടിച്ചതും നമ്മുടെ ജനാധിപത്യത്തെ പുനപ്രതിഷ്ഠിച്ചതും.
സുഹൃത്തുക്കളെ, പാര്‍ലമെന്റിന്റെ പ്രബലമായ ചരിത്രത്തോടൊപ്പം വസ്തുതകളെയും അംഗീകരിക്കേണ്ടതും തുല്യമായ ആവശ്യമാണ്. ഈ കെട്ടിടം ഇപ്പോള്‍ 100 വര്‍ഷം പഴക്കമുള്ളതാണ്.മുന്‍പ് കാലത്തിന്റെ ആവശ്യം കണക്കിലെടുത്ത് ഇത് തുടര്‍ച്ചയായി നവീകരിച്ചിരുന്നു. പുതിയ ശബ്ദസംവിധാനത്തിനും അഗ്നി സുരക്ഷയ്ക്കും അല്ലെങ്കില്‍ ഐ.ടി. സംവിധാനങ്ങള്‍ക്കും വേണ്ടിയുള്ള പ്രക്രിയയുടെ ഭാഗമായി നിരവധി പ്രാവശ്യം ഇതിന്റെ ഭിത്തികള്‍ തകര്‍ത്തിരുന്നു. ലോക്‌സഭയുടെ സീറ്റിംഗ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഭിത്തികള്‍ മാറ്റുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ ഫലമായി ഈ പാര്‍ലമെന്റ് മന്ദിരത്തിന് ഒരു ഇടവേള ആവശ്യമാണ്. ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം വേണമെന്നത് എങ്ങനെ അനുഭവപ്പെട്ടിരുന്നെന്ന് ഇപ്പോള്‍ ലോക്‌സഭാ സ്പീക്കറും നമ്മോട് പറഞ്ഞിരുന്നു. അതുകൊണ്ട് 21-ാം നൂറ്റാണ്ടിന് വേണ്ടി ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം ഉറപ്പാക്കുകയെന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്വമാണ്.
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അവതരിപ്പിക്കുന്ന നിരവധി പുതിയ കാര്യങ്ങള്‍, നമ്മുടെ എം. പിമാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയും അവരുടെ പ്രവര്‍ത്തന സംസ്‌ക്കാരങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യും. ഉദാഹരണത്തിന് മണ്ഡലങ്ങളില്‍ നിന്നും അവരുടെ എം.പിമാരെ കാണാന്‍ എത്തുന്ന ജനങ്ങള്‍ക്ക് ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. തങ്ങളുടെ എം.പിമാരെ തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കാനായി പൗരന്മാര്‍ എത്തുമ്പോള്‍ പാര്‍ലമെന്റില്‍ വല്ലാത്ത സ്ഥലപരിമിതിയുണ്ട്. ഈ വിശാലമായ സമുച്ചയത്തില്‍ തങ്ങളുടെ മണ്ഡലത്തില്‍ നിന്നുള്ള ജനങ്ങളെ കാണാനും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനുമുള്ള സൗകര്യം ഭാവിയില്‍ ഓരോ പാര്‍ലമെന്റേറിയന്മാര്‍ക്കും ലഭിക്കും.
എന്തുകൊണ്ടാണ് ഇന്ത്യ ജനാധിപത്യം പിന്തുടര്‍ന്നതെന്നും എന്തുകൊണ്ടാണ് അത് വിജയകരമായതെന്നും എന്തുകൊണ്ടാണ് ജനാധിപത്യത്തിന് ഒരു കേടും വരുത്താന്‍ കഴിയാത്തതെന്നും ഓരോ തലമുറയും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. 13-ാം നൂറ്റാണ്ടില്‍ തയാറാക്കിയ മാഗ്നാകാര്‍ട്ടയെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുണ്ട്. ഇതിനെ ജനാധിപത്യത്തിന്റെ അടിത്തറയായി ചില പണ്ഡിതന്മാര്‍ വിളിക്കാറുണ്ട്. എന്നാല്‍ മാഗ്നാകാര്‍ട്ടയ്ക്ക് വളരെ മുമ്പ് 12-ാം നൂറ്റാണ്ടില്‍ ഭഗവാന്‍ ബാസവേശ്വരന്റെ അനുഭവ് മന്ദപ നിലവില്‍ വന്നുവെന്നതും തുല്യമായ സത്യമാണ്. അനുഭവ് മന്ദപയുടെ ഭാഗമായി അദ്ദേഹം ജനങ്ങളുടെ പാര്‍ലമെന്റ് നിര്‍മ്മിക്കുക മാത്രമല്ല, അതിന്റെ പ്രവര്‍ത്തനവും ഉറപ്പാക്കി. അനുഭവ് മന്ദപ എന്നത് ജനാധിപത്യത്തിന്റെ ഒരു രൂപമാണ്.
സുഹൃത്തുക്കളെ, ഈ കാലത്തിനും വളരെ മുമ്പ് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും 80-85 കിലോമീറ്റര്‍ അകലെയുള്ള ഉത്തരമേരൂര്‍ എന്ന ഗ്രാമത്തില്‍ ഒരു ചരിത്രപരമായ തെളിവുണ്ട്. 10-ാം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ സമയത്ത് പഞ്ചായത്ത് സംവിധാനം നിലനിന്നിരുന്നുവെന്നതിനെക്കുറിച്ച് തമിഴ് ഭാഷയിലുള്ള ശിലാലിഖിതങ്ങളുണ്ട് അവിടെ. ഓരോ ഗ്രാമത്തിനെയും ഇന്ന് നമ്മള്‍ വാര്‍ഡുകള്‍ എന്ന് വിളിക്കുന്ന 'കുടുംബു'വായി എങ്ങനെയാണ് വര്‍ഗ്ഗീകരിച്ചിരുന്നതെന്ന് ഇത് വിശദീകരിക്കുന്നു. ഇന്ന് സംഭവിക്കുന്നതുപോലെ കുടുംബുവില്‍ നിന്നുള്ള ഓരോ പ്രതിനിധികളെ പൊതുസഭയിലേക്ക് അയക്കും. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന പൊതുസഭകള്‍ ഇപ്പോഴും അവിടെയുണ്ട്.
സുഹൃത്തുക്കളെ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിച്ച ജനാധിപത്യ സംവിധാനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരുകാര്യവും കൂടിയുണ്ടായിരുന്നു. ആ സമയത്ത് തന്നെ ഒരു പൊതുപ്രതിനിധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കുന്നതിനുള്ള വ്യവസ്ഥയും ആ ശിലാലിഖിതങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്വത്തുവിശദാംശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പൊതുപ്രതിനിധിയ്‌ക്കോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നതാണ് നിയമം.
സുഹൃത്തുക്കളെ, ജനാധിപത്യത്തിന്റെ നമ്മുടെ ഈ ചരിത്രം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും കാണാന്‍ കഴിയും. അസംബ്ലി, കമ്മിറ്റി, ഭരണാധികാരി, പട്ടാള സേനാതലവന്‍ തുടങ്ങി ചില വാക്കുകള്‍ നമ്മുക് വളരെ സുപരിചിതമാണ്. ഈ പദങ്ങള്‍ നമ്മുടെ മനസുകളില്‍ ഉറച്ചിരിക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അത് ശാക്യ, മല്ല, വെജി പോലുള്ള റിപ്പബ്ലിക്കുകളോ അല്ലെങ്കില്‍ ലിച്ചാവി, മല്ലക് മാര്‍കണ്ഡ് കംബോഡിയ അല്ലെങ്കില്‍ മൗര്യാകാലഘട്ടത്തിലെ കലിംഗയോ ആയിക്കോട്ടെ, അവ എല്ലാം തന്നെ ജനാധിപത്യത്തെ തങ്ങളുടെ ഭരണസംവിധാനത്തിന്റെ അടിത്തറയാക്കിയിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിച്ച നമ്മുടെ വേദങ്ങളില്‍, ഋഗേദ്വത്തില്‍ ജനാധിപത്യത്തിന്റെ ആശയം കൂട്ടായബോധം എന്ന് നമുക്ക് കാണാന്‍ കഴിയും.
സുഹൃത്തുക്കളെ, മറ്റെവിടെയെങ്കിലും ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ അവയെല്ലാം തന്നെ തെരഞ്ഞെടുപ്പിനെക്കുറിച്ച്, തെരഞ്ഞെടുപ്പ് പ്രക്രിയകളെക്കുറിച്ച്, തെരഞ്ഞെടുത്ത അംഗങ്ങളെക്കുറിച്ച്, അവരുടെ രൂപീകരണത്തെക്കുറിച്ച്, ഭരണസംവിധാനത്തെക്കുറിച്ച് ഭരണത്തെക്കുറിച്ച് ഒക്കെയായിരിക്കും. ഇത്തരം സംവിധാനത്തിന് ഊന്നല്‍ നല്‍കുന്ന സ്ഥലങ്ങളില്ലെല്ലാം വലിയതോതില്‍ ഇതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്. എന്നാല്‍ ജനാധിപത്യമെന്നത് ഇന്ത്യയില്‍ ജീവിതമൂല്യങ്ങളെക്കുറിച്ചുള്ളതാണ്, അത് ഒരു ജീവിതരീതിയാണ്, അത് രാജ്യത്തിന്റെ ആത്മാവാണ്. നൂറ്റാണ്ടുകളുടെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വികസിച്ച ഒരു സംവിധാനമാണ് ഇന്ത്യയുടെ ജനാധിപത്യം. അവിടെ ഒരു ജീവിതമന്ത്രമുണ്ട്, ജീവിതത്തിന്റെ ഒരു ഘടകമുണ്ട് അതോടൊപ്പം ഒരു വ്യവസ്ഥാ സംവിധാനവും ഇന്ത്യയിലെ ജനാധിപത്യത്തിലുണ്ട്. കാലകാലങ്ങളില്‍ സംവിധാനങ്ങളിലും പ്രക്രിയകളിലും മാറ്റങ്ങളുണ്ടായി, എന്നാല്‍ ജനാധിപത്യം ആത്മാവായി തന്നെ തുടര്‍ന്നു. വിരോധാഭാസമെന്ന് പറയട്ടെ ഇന്ന് ഇന്ത്യയുടെ ജനാധിപത്യത്തെ നമുക്ക് പാശ്ചാത്യരാജ്യങ്ങളാണ് വിശദീകരിച്ചുതരുന്നത്. നമ്മള്‍ നമ്മുടെ ജനാധിപത്യ ചരിത്രത്തെ നിശ്ചയദാര്‍ഡ്യംകൊണ്ട് മഹത്വപ്പെടുത്തുമ്പോള്‍, ഇന്ത്യയാണ് ജനാധിപത്യത്തിന്റെ മാതാവ് എന്ന് ലോകം പറയുന്ന ദിവസം അതിവിദൂരമല്ല.
ജന്മസിദ്ധമായ ജനാധിപത്യ ശക്തി രാജ്യത്തിന്റെ വികസനത്തിന് പുതിയ ചലനാത്മകതയും ദേശവാസികള്‍ക്ക് ഇപ്പോള്‍ പുതിയ ആത്മവിശ്വാസവും നല്‍കുന്നു. അതേസമയം ലോകത്തെ നിരവധി രാജ്യങ്ങളിലെ ജനാധിപത്യ പ്രക്രിയയില്‍ വ്യത്യസ്തമായ സാഹചര്യം ഉരുത്തിരിഞ്ഞുവരികയാണ്, ഇന്ത്യയിലെ ജനാധിപത്യം നൂതനാശയമായി തുടരുന്നു. അടുത്തകാലത്തായി നിരവധി ജനാധിപത്യരാജ്യങ്ങളില്‍ വോട്ടുചെയ്യാനെത്തുന്നവര്‍ തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. അതിന് വിപരീതമായി ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യുന്നവരുടെ എണ്ണം വളര്‍ന്നുവരുന്നത് നമ്മള്‍ കാണുകയാണ്. വനിതകളുടെയും യുവാക്കളുടെയും പങ്കാളിത്തവും നിരന്തരം വര്‍ദ്ധിച്ചുവരുന്നു.
സുഹൃത്തുക്കളെ, ഈ വിശ്വാസത്തിനും കര്‍ത്തവ്യപാലനത്തിനും പിന്നില്‍ ഒരു കാരണമുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം എന്നത് എല്ലായ്‌പ്പോഴും ഭരണത്തിനൊപ്പം വ്യത്യാസങ്ങളെയും വൈരുദ്ധ്യങ്ങളേയും പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗവും കൂടിയാണ്. വ്യത്യസ്തങ്ങളായ വീക്ഷണങ്ങളും പരിപ്രേക്ഷ്യങ്ങളും ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യത്തെ ശക്തിപ്പെടുത്തും. നയങ്ങളും രാഷ്ട്രീയങ്ങളും വ്യത്യസ്തങ്ങളായിരിക്കാം, എന്നാല്‍ നമ്മള്‍ പൊതുജനങ്ങളുടെ സേവനത്തിന് വേണ്ടിയുള്ളവരാണ്, അതുകൊണ്ട് ആ ആത്യന്തികമായ ലക്ഷ്യത്തില്‍ ഒരു വ്യത്യാസവും ഉണ്ടാകാന്‍ പാടില്ല. പാര്‍ലമെന്റിലെ ഓരോ അംഗവും ഉത്തരവാദിത്വപ്പെട്ടവരാണെന്ന് നമ്മള്‍ എല്ലായ്‌പ്പോഴും ഓര്‍ക്കണം. ഈ ഉത്തരവാദിത്വം ജനങ്ങളോടും ഒപ്പം ഭരണഘടനയോടുമാണ്.
സുഹൃത്തുക്കളെ, പുതിയ പാര്‍ലമെന്റ് മന്ദിരം തയാറാകും, എന്നാല്‍ അത് പ്രതിഷ്ഠാപനം ചെയ്യുന്നതുവരെ അത് വെറും ഒരു കെട്ടിടം മാത്രമായിരിക്കും. എന്നാല്‍ ഈ പ്രതിഷ്ഠാപനം ഒരു വിഗ്രഹത്തിന്റെ അല്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ പ്രതിഷ്ഠയ്ക്ക് ഒരു ആചാരങ്ങളുമില്ല. ഈ ക്ഷേത്രത്തില്‍ വരുന്ന ജനങ്ങളുടെ പ്രതിനിധികളാണ് ഇതിനെ പ്രതിഷ്ഠിക്കുന്നത്. അവരുടെ സമര്‍പ്പണം, അവരുടെ സേവനം, പെരുമാറ്റം, ചിന്തകള്‍, സ്വഭാവം എന്നിവയാണ് ഈ ക്ഷേത്രത്തിന്റെ ജീവിനായി മാറുന്നത്.
സുഹൃത്തുക്കളെ, 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കണമെന്നത് നമ്മുടെ മഹാന്മാരായ പുരുഷന്മാരുടെയൂം സ്ത്രീകളുടെയും സ്വപ്‌നമാണ്. വളരെക്കാലമായി നമ്മള്‍ ഇതുകേട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയെ ഏറ്റവും മികച്ചതാക്കാന്‍ ഇന്ത്യയിലെ ഓരോ പൗരന്മാരും സംഭാവനകള്‍ ചെയ്യുമ്പോഴാണ് 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറുന്നത്. മാറുന്ന ലോകത്തില്‍ ഇന്ത്യയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയാണ്. ചില സമയത്ത് അവസരങ്ങളുടെ കുത്തൊഴുക്ക് തന്നെ ഉള്ളതായി തോന്നും. ഒരു സാഹചര്യത്തിലും ഈ അവസരങ്ങള്‍ നമ്മുടെ കൈകളില്‍ നിന്ന് വഴുതിപ്പോകാന്‍ നാം അനുവദിക്കാന്‍ പാടില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ പരിചയം നമ്മെ വളരെയധികം പഠിപ്പിച്ചിട്ടുണ്ട്. സമയം നഷ്ടപ്പെടുത്തരുതെന്നും അതിനെ ബഹുമാനിക്കണമെന്നും ഈ പരിചയങ്ങള്‍ നമ്മെ ആവര്‍ത്തിപ്പിച്ച് ഓര്‍മ്മിപ്പിക്കുകയാണ്.
സുഹൃത്തുക്കളെ, ദേശതാല്‍പര്യത്തിനെക്കാളും വലിയ ഒരു താല്‍പര്യവും നമുക്കുണ്ടാവില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ വ്യക്തിപരമായ ഉത്കണഠയെക്കാള്‍ കൂടുതലാണ് രാജ്യത്തെ സംബന്ധിച്ചുള്ള ആശങ്കയെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെക്കാളും വലുതായി ഒന്നുമില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസും പ്രതീക്ഷകളും ഉറപ്പാക്കുന്നതിനെക്കാളും വലുതായി നമ്മുടെ ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
ഒരു പുതിയ മാതൃക അവതരിപ്പിക്കാന്‍ നമ്മുടെ പുതിയ പാര്‍ലമെന്റ മന്ദിരം നമ്മെയൊക്കെ പ്രചോദിതരാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതകള്‍ എല്ലായ്‌പ്പോഴും ശക്തിപ്പെടട്ടെ! ഈ ആഗ്രഹത്തോടെ ഞാന്‍ നിര്‍ത്തുന്നു. 2047 മനസില്‍ കണ്ടുകൊണ്ടുള്ള പ്രതിജ്ഞയുമായി അണിചേരുവാന്‍ എല്ലാ ദേശവാസികളെയും ഞാന്‍ ക്ഷണിക്കുന്നു.
നിങ്ങള്‍ക്കെല്ലാം അനവധി നിരവധി നന്ദി.
വസ്തുതാനിരാകരണം: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ തര്‍ജ്ജിമയാണ്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.
***
(Release ID: 1680896)
Visitor Counter : 3367
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada