പ്രധാനമന്ത്രിയുടെ ഓഫീസ്
മൊബൈല്‍ ഇന്ത്യാ കോണ്‍ഗ്രസിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന
Posted On:
08 DEC 2020 11:42AM by PIB Thiruvananthpuram
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ രവിശങ്കര്‍ പ്രസാദ്, ടെല്‍കോം വ്യവസായത്തിലെ പ്രമുഖരേ, മറ്റ് ആദരണീയരായ വിശിഷ്ടവ്യക്തികളെ,
ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020ലൂടെ നിങ്ങളെ അഭിസംബോധന ചെയ്യുന്നത് എനിക്ക് അതിയായ സന്തോഷം നല്‍കുന്നു. ടെലകോം മേഖലയിലെ ഏറ്റവും ശോഭയുള്ള മനസുകളുടെ ഒരു കൂട്ടായ്മയാണ് നമുക്കിവിടെയുള്ളത്. ഈ സമീപ ഭൂതകാലത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കുകയും കൂടുതല്‍ അഭിവൃദ്ധികരമായ ഭാവിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത ഈ മേഖലയില്‍ നിന്നുള്ള എല്ലാ പ്രമുഖരായവരും ഈ കൂട്ടായ്മയിലുണ്ട്.
സുഹൃത്തുക്കളെ,
ഈ മഹാമാരിയുണ്ടായിരിക്കുമ്പോഴും ലോകം പ്രവര്‍ത്തിക്കുന്നത് നിങ്ങളുടെ പരിശ്രമവും നൂതാനാശയങ്ങളും കൊണ്ടാണ്. മറ്റൊരു നഗരത്തിലുള്ള പുത്രന്‍ അമ്മയുമായി ബന്ധപ്പെടുന്നത് നിങ്ങളുടെ പരിശ്രമങ്ങള്‍ കൊണ്ടാണ്, പഠനമുറിയിലല്ലാതെ ഒരു വിദ്യാര്‍ത്ഥി അവന്റെ അദ്ധ്യാപകരില്‍ നിന്നും പഠിക്കുന്നത്, വീട്ടിലിരുന്ന ഒരു രോഗി ഡോക്ടറുമായി കൂടിക്കാഴ്ച നടത്തുന്നത്, വ്യത്യസ്തമായ ഒരു ഭൂപ്രദേശത്തിരുന്ന് ഒരു വ്യാപാരിയെ ഒരു ഉപഭോക്താവുമായി ബന്ധപ്പെടുത്തുന്നത് എല്ലാം നിങ്ങളുടെ പരിശ്രമം കൊണ്ടാണ്.
നിങ്ങളുടെ പരിശ്രമം കൊണ്ടാണ് ഐ.ടി-ടെലകോം മേഖലകളുടെ പൂര്‍ണ്ണശേഷി തുറക്കാനായി ഒരു ഗവണ്‍മെന്റ് എന്ന നിലയില്‍ ഞങ്ങളും പ്രവര്‍ത്തിക്കുന്നത്. പുതിയ അന്യ സേവനദാതാക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (ദി ന്യൂ അദര്‍ സര്‍വീസ് പ്രൊവൈഡര്‍ ഗൈഡ്‌ലൈന്‍സ്) ഇന്ത്യന്‍ ഐ.ടി. സേവന വ്യവസായത്തിന് പുതിയ ഉയരങ്ങള്‍ നേടാന്‍ സഹായിക്കും. മഹാമാരി നീണ്ടുപോയാലും അതിനുശേഷവും ഈ മേഖലയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ഈ മുന്‍കൈ ഐ.ടി സേവന വ്യവസായമേഖലയെ ജനാധിപത്യവല്‍ക്കരിക്കുന്നതിനും അതിനെ രാജ്യത്തിന്റെ വിദൂരകോണുകളിലേക്ക്‌പോലും കൊണ്ടുപോകുന്നതിനും സഹായിക്കും.
സുഹൃത്തുക്കളെ,
പതിറ്റാണ്ടുകളായുള്ള കമ്പനികളുടെ മൂല്യങ്ങളെ കുറച്ചുവര്‍ഷം മാത്രം പഴക്കമുള്ള മൊബൈല്‍ ആപ്പുകള്‍ മറികടക്കുന്ന കാലത്താണ് ഇന്ന് നാമുള്ളത്. ഇത് ഇന്ത്യയ്ക്കും നമ്മുടെ യുവ നൂതനാശയക്കാര്‍ക്കുമുള്ള മികച്ച സൂചനയാണ്. ആഗോളതലത്തില്‍ തന്നെ എത്തപ്പെടാന്‍ ശേഷിയുള്ള നിരവധി ഉല്‍പ്പന്നങ്ങളില്‍ നമ്മുടെ യുവത്വം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ന് ബില്ല്യണിലധികം ഫോണ്‍ ഉപയോക്താക്കളുള്ള ഒരു രാജ്യമാണ് നമ്മുടേത്. സവിശേഷമായ ഡിജിറ്റല്‍ തിരിച്ചറിയലുള്ള ബില്യണിലധികം ആളുകള്‍ നമുക്കുണ്ട്. ഇന്ന് നമുക്ക് 750 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. തുടര്‍ന്നുള്ള വസ്തുതകളിലൂടെ ഇന്റര്‍നെറ്റ് കടന്നുപോകുന്നതിന്റെ വളര്‍ച്ചയും വേഗതയും നമുക്ക് കാണാനാകും: മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിയോളം കൂട്ടിചേര്‍ത്തത് കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളിലാണ്. മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ പകുതിയോളം ഗ്രാമങ്ങളിലാണ്. നമ്മുടെ ഡിജിറ്റല്‍ വലുപ്പവും നമ്മുടെ ഡിജിറ്റല്‍ ആസക്തിയും മുമ്പൊന്നുമില്ലാത്ത തരത്തിലുമാണ്. ലോകത്തില്‍ ഏറ്റവും കുറഞ്ഞ താരിഫുള്ള രാജ്യമാണ് നമ്മുടേത്. ലോകത്ത് ഏറ്റവും അതിവേഗത്തില്‍ വളരുന്ന മൊബൈല്‍ ആപ്പ് വിപണിയാണ് നമ്മുടേത്. നമ്മുടെ രാജ്യത്തിന്റെ ഡിജിറ്റല്‍ ശേഷി സമാനതകളില്ലാത്തതാണ്, ഒരുപക്ഷേ മനുഷ്യകുലത്തിന്റെ ചരിത്രത്തില്‍ തന്നെ.
മൊബൈല്‍ സാങ്കേതികവിദ്യമൂലമാണ് നമുക്ക് ദശലക്ഷക്കണക്കിന് പേര്‍ക്ക് ബില്യണ്‍ ഡോളറുകളുടെ സഹായങ്ങള്‍ ലഭ്യമാക്കാനാകുന്നത്. മഹാമാരിക്കാലത്ത് പാവപ്പെട്ടവരെയും ദുര്‍ബലവിഭാഗങ്ങളേയും നമുക്ക് സഹായിക്കാന്‍ കഴിഞ്ഞത് ഈ മൊബൈല്‍ സാങ്കേതികവിദ്യ കൊണ്ടാണ്. ഔപചാരികതയും സുതാര്യതയും വര്‍ദ്ധിപ്പിച്ച ബില്യണ്‍ കണക്കിന് കറന്‍സിരഹിത പണമിടപാടുകള്‍ കാണാനാകുന്നത് ഈ മൈാബൈല്‍ സാങ്കേതികവിദ്യ കൊണ്ടാണ്. ടോള്‍ ബൂത്തുകളില്‍ സുഗമമായി പരസ്പരം ബന്ധപ്പെടാത്ത ഇടപെടലുകള്‍ സാദ്ധ്യമാകുന്നത് ഈ മൊബൈല്‍ സാങ്കേതികവിദ്യകൊണ്ടാണ്. ലോകത്തെ ഏറ്റവും വലിയ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ആരംഭിക്കുന്നതും ഈ മൊബൈല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണത്തില്‍ നമ്മള്‍ വളരെയധികം വിജയം നേടിക്കഴിഞ്ഞു. മൊബൈല്‍ നിര്‍മ്മാണത്തില്‍ ഏറ്റവും പരിഗണിക്കപ്പെടുന്ന ഒരു ലക്ഷ്യസ്ഥാനമായി ഇന്ത്യ ഉയര്‍ന്നുവരുന്നു. ഇന്ത്യയില്‍ ടെലികോം ഉപകരണ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മള്‍ ഉല്‍പ്പാദനബന്ധിത സഹായ പദ്ധതികളുമായി മുന്നോട്ടുവന്നിട്ടുമുണ്ട്. ഇന്ത്യയെ ടെലികോം ഉപകരണങ്ങള്‍, രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം എന്നിവയുടെ ആഗോള ഹബ്ബാക്കി മാറ്റുന്നതിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഫൈബര്‍-ഒപ്റ്റിക്ക് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിക്ക് നമ്മള്‍ തുടക്കം കുറിയ്ക്കുകയാണ്. ആൻഡമാന്‍ നിക്കോബാര്‍ ദ്വീപിനെ നമ്മള്‍ ഇതിനകം തന്നെ ഫൈബര്‍ ഒപ്റ്റിക് കേബിളില്‍ ബന്ധിപ്പിച്ചുകഴിഞ്ഞു. അത്തരം ബന്ധിപ്പിക്കലില്‍ നിന്നും ഏറ്റവും മികച്ചത് ഉണ്ടാക്കാന്‍ കഴിയുന്ന -അഭിലഷണീയ ജില്ലകള്‍, ഇടതുപക്ഷ തീവ്രവാദബാധിത ജില്ലകള്‍, വടക്കുകിഴക്കന്‍ ജില്ലകള്‍, ലക്ഷദ്വീപ് സമൂഹങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് അവയ്ക്ക് വേണ്ടിയുള്ള പരിപാടികളും ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഫിക്‌സഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് ബന്ധിപ്പിക്കലിനും പൊതു വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ക്കും കൂടുതല്‍ വേഗത ഉറപ്പാക്കുന്നതിനും ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്.
സുഹൃത്തുക്കളെ,
ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഇത് ഒരു തുടക്കം മാത്രമാണ്. അതിവേഗ സാങ്കേതികവിദ്യാ പുരോഗതിക്കൊപ്പമാണ് ഭാവിയുടെ വലിയ ശേഷി ആശ്രയിച്ചിരിക്കുന്നത്. ഭാവിയിലേക്കുള്ള കുതിച്ചുചാട്ടത്തിനും ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരെ ശാക്തീകരിക്കുന്നതിനുമായി 5ജി സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനായി നമ്മള്‍ ഒന്നിച്ച പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഈ കോണ്‍ ക്ലേവ് അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും ഈ നിര്‍ണ്ണായകമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് നമ്മെ മുന്നോട്ടുനയിക്കുന്ന ഫലപ്രദമായ ആശയങ്ങള്‍ കൊണ്ടുവരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
നിങ്ങള്‍ക്കെല്ലാം ഞാന്‍ എല്ലാ നന്മകളും ആശംസിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി.
***
(Release ID: 1679121)
Visitor Counter : 286
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada