പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജെ.എന്‍.യു. ക്യാംപസില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

Posted On: 12 NOV 2020 8:09PM by PIB Thiruvananthpuram

ജെ.എന്‍.യു. ക്യാംപസില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഉദ്ഘാടനം ചെയ്തു.

 

ജെ.എന്‍.യു. വിദ്യാര്‍ഥികളെയും രാജ്യത്തെ യുവാക്കളെയും അഭിസംബോധന ചെയ്യവേ, രാഷ്ട്ര താല്‍പര്യങ്ങള്‍ക്കു മീതെ പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കുന്നതു സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചു പരാമര്‍ശിച്ചു. ഇതു രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഏറെ കോട്ടം സൃഷ്ടിച്ചു എന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ പ്രത്യയശാസ്ത്രം പറയുന്നതുപോലെയാണു ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുക എന്നതു തെറ്റായ നിലപാടാണ്', ശ്രീ. മോദി പറഞ്ഞു. ഒരാൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ച് അഭിമാനം തോന്നുക സ്വാഭാവികമാണ്. എങ്കിലും രാഷ്ട്ര താല്‍പര്യത്തിനൊപ്പം നില്‍ക്കുന്നതായിരിക്കണം പ്രത്യയശാസ്ത്രം. അല്ലാതെയാവരുത്- പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
 

രാജ്യത്തെ വിദ്യാര്‍ഥികളുടെ ചരിത്രമെടുത്താല്‍ രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ രാഷ്ട്രതാല്‍പര്യം മുന്‍നിര്‍ത്തി എല്ലാവരും ഒന്നിക്കുന്നതായി മനസ്സിലാക്കാം. എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ പിന്‍തുടരുന്നവരും സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിനു പിന്നില്‍ യോജിച്ചു നിലകൊണ്ടു. അവര്‍ രാജ്യത്തിനായി ഒരുമിച്ചു പൊരുതി.
 

അടിയന്തരാവസ്ഥക്കാലത്തും രാജ്യം സമാനമായ ഐക്യബോധം കണ്ടു. അടിയന്തരാവസ്ഥയ്‌ക്കെതിരായ മുന്നേറ്റത്തില്‍ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിരുന്നു. ആര്‍.എസ്.എസ്. സന്നദ്ധ പ്രവര്‍ത്തകരും ജനസംഘ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചിരുന്നു.

 

ഈ ഐക്യപ്പെടലിന് ആരുംതന്നെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നില്ലെന്നു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. രാഷ്ട്ര താല്‍പര്യം എന്ന ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, ദേശീയൈക്യം, സമന്വയം, രാഷ്ട്ര താല്‍പര്യം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യയശാസ്ത്ര ബാധ്യത ഉള്ളില്‍വെച്ചു തീരുമാനം കൈക്കൊള്ളുന്നതു രാജ്യത്തെ ഇല്ലാതെയാക്കും.

 

ആശയങ്ങളുടെ കൈമാറ്റവും നവീന ആശയങ്ങളുടെ ഒഴുക്കും നിര്‍ബാധം നടക്കണമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ ബൗദ്ധിക ചിന്തകള്‍ നാമ്പെടുക്കുകയും നിലനില്‍ക്കുകയും ചെയ്ത ഇടമാണ് നമ്മുടെ രാജ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ പാരമ്പര്യത്തെ ശക്തിപ്പെടുത്തേണ്ടതു യുവാക്കളുടെ കടമയാണ്. ഈ പാരമ്പര്യം നിമിത്തം ലോകത്ത് ഏറ്റവും സജീവമായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ.
 

ഈ ഗവണ്‍മെന്റിന്റെ പരിഷ്‌കരണ പദ്ധതിയുടെ ചട്ടക്കൂടു വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു. ആത്മനിര്‍ഭര്‍ ഭാരത് എന്നതു 130 കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ പൊതു ബോധമായി മാറിയെന്നും നമ്മുടെ പ്രതീക്ഷകളുടെ ഭാഗമായിക്കഴിഞ്ഞു എന്നും അദ്ദേഹം തുടര്‍ന്നു. ഇന്ത്യയിലെ പരിഷ്‌കാരങ്ങളെക്കുറിച്ചു തുടര്‍ന്നും സംസാരിച്ച പ്രധാനമന്ത്രി, നല്ല രാഷ്ട്രീയം നല്ല പരിഷ്‌കാരങ്ങള്‍ക്കു കാരണമായിത്തീരുന്ന ആശയം പിന്‍പറ്റാന്‍ വിദ്യാര്‍ഥികളോട് ആഹ്വാനംചെയ്തു. ഇന്നത്തെ പരിഷ്‌കാരങ്ങള്‍ക്കു പിന്നില്‍ ഇന്ത്യയെ എല്ലാ അര്‍ഥത്തിലും മെച്ചപ്പെട്ടതാക്കാനുള്ള ദൃഢനിശ്ചയമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ പരിഷ്‌കാരങ്ങള്‍ക്കു പിന്നിലുള്ള ഉദ്ദേശ്യവും നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥമാണെന്ന് ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു.
 

നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുംമുന്‍പ് വിശ്വാസ്യതയുടെ സുരക്ഷാവല ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

കാലങ്ങളായി ദരിദ്രര്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടതു കേവലം മുദ്രാവാക്യങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ ദരിദ്രരെ ഭരണ സംവിധാനവുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ദരിദ്രരായിരുന്നു നേരത്തേ ഏറ്റവും അവഗണിക്കപ്പെട്ടിരുന്നതും ഭരണ സംവിധാനത്തില്‍നിന്ന് അകന്നുകഴിയേണ്ടി വന്നതും സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കപ്പെടാതിരുന്നതും. ഇപ്പോള്‍ ദരിദ്രര്‍ക്കു നല്ല വീടും ശൗചാലയവും വൈദ്യുതിയും പാചകവാതകവും കുടിവെള്ളവും ഡിജിറ്റല്‍ ബാങ്കിങ്ങും കുറഞ്ഞ ചെലവില്‍ മൊബൈല്‍ കണക്ഷനും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷനും ലഭിക്കുന്നുണ്ട്. ഇതാണു ദരിദ്രര്‍ക്കായി നെയ്ത സുരക്ഷാവല. ഇത് അവരുടെ പ്രതീക്ഷകളെ നേടിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണു താനും. അതുപോലെ, മെച്ചപ്പെട്ട ജലസേചന അടിസ്ഥാനസൗകര്യം വഴിയും മണ്ടികളുടെ ആധുനികവല്‍ക്കരണം വഴിയും ഇ-നാം വഴിയും സോയില്‍ ഹെല്‍ത്ത് കാര്‍ഡുകളിലൂടെയും യൂറിയ ലഭ്യമാക്കുന്നതിലൂടെയും കുറഞ്ഞ തറവില വഴിയും കര്‍ഷകര്‍ക്കായി സുരക്ഷാവല നെയ്തു. ആദ്യം ഗവണ്‍മെന്റ് ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനായി യത്‌നിക്കുകയാണ്.

 

ജെ.എന്‍.യുവില്‍ സ്ഥാപിക്കപ്പെട്ട സ്വാമി വിവേകാനന്ദന്റെ പ്രതിമ എല്ലാവര്‍ക്കും പ്രചോദനവും ധൈര്യവും പകരുമെന്നും അത് ഓരോരുത്തരിലും സംഭവിക്കണമെന്നാണു സ്വാമി ആഗ്രഹിച്ചിരുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഈ പ്രതിമ അനുകമ്പയെക്കുറിച്ചുള്ള പാഠം പകര്‍ന്നുനല്‍കുമെന്നും അതു സ്വാമിജിയുടെ തത്വശാസ്ത്രത്തിന്റെ പ്രധാന അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതിമ രാജ്യത്തോടുള്ള സമര്‍പ്പണ ബോധവും രാജ്യത്തോടുള്ള ആഴത്തിലുള്ള സ്‌നേഹവും നമ്മില്‍ വളര്‍ത്തുമെന്നും അതാണു സ്വാമിജിയുടെ ജീവിത സന്ദേശമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. യോജിപ്പിനായുള്ള വീക്ഷണത്തിലേക്കും യുവാക്കളാല്‍ നയിക്കപ്പെടുന്ന വികസനത്തിലേക്കും രാജ്യത്തെ പ്രചോദിപ്പിക്കാന്‍ പ്രതിമയ്ക്കു സാധിക്കട്ടെയെന്നും അതായിരുന്നു സ്വാമിജിയുടെ പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരുത്തുറ്റതും അഭിവൃദ്ധിയേറിയതുമായ ഇന്ത്യയെന്ന സ്വാമിജിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനായി നമുക്കു പ്രചോദനമേകാന്‍ പ്രതിമയ്ക്കു സാധിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

***

 

 



(Release ID: 1672517) Visitor Counter : 207