പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നവംബർ 13 ന് ജാംനഗറിലും ജയ്പൂരിലും ആയുര്‍വേദ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യും

Posted On: 11 NOV 2020 3:08PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഞ്ചാമത് ആയുര്‍വേദ ദിനത്തില്‍ (ഈ മാസം 13ന്) ജാംനഗറിലെ ടീച്ചിംഗ് ആന്റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ (ഐ.ടി.ആര്‍.എ), ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എന്‍.ഐ.എ) എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം. 21ാം നൂറ്റാണ്ടില്‍ ആഗോള തലത്തില്‍ ആയുര്‍വേദത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ഈ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. 

പശ്ചാത്തലം

2016 മുതല്‍ എല്ലാ വര്‍ഷവും ധന്വന്തരി ജയന്തി ആയുര്‍വേദ ദിനമായി ആചരിച്ച് വരികയാണ്. ഈ വര്‍ഷം നവംബര്‍ 13നാണ് ആയുര്‍വേദ ദിനം. ആയുര്‍വേദ ദിനം എന്നത് ആഘോഷത്തിനും ഉത്സവത്തിനുമപ്പുറം ആയുര്‍വേദ രംഗത്തോടും സമൂഹത്തോടുമുള്ള പുനര്‍ സമര്‍പ്പണത്തിനുള്ള അവസരമായാണ് കണക്കാക്കുന്നത്. ഈ വര്‍ഷത്തെ ആയുര്‍വേദ ദിനത്തില്‍ കോവിഡ് 19 മഹാമാരിക്കെതിരെ ആയുര്‍വേദത്തിന്റെ ഫലപ്രദമായ പങ്ക് പ്രധാനമായും ചര്‍ച്ച ചെയ്യും. 

ഇന്ത്യയിലെ ആരോഗ്യ മേഖലയിലുള്ള വെല്ലുവിളികളെ നേരിട്ട് സാധ്യമായ പരിഹാരം കാണുന്നതിന് ആയുഷ് സംവിധാനത്തിനുള്ള കീഴിലുള്ള സാധ്യതകളെ ഉപയോഗിക്കുക എന്നതാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണന. ആയുഷ് വിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കുക എന്നതും മുന്‍ഗണനയിലുള്ള കാര്യമാണ്. കഴിഞ്ഞ 3-4 വര്‍ഷത്തിനിടെ ഇതിനായി നിരവധി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആന്റ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ രാജ്യത്തിന് സമര്‍പ്പിക്കുന്നത് വഴി ജാംനഗര്‍ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ പ്രധാനപ്പെട്ട ഒരു കേന്ദ്രമായി മാറും. ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ,  ഡീംഡ് സര്‍വകലാശാല ആയി മാറുകയും ചെയ്യും. ഇത് ആയുര്‍വേദ പഠനം ആധുനികവല്‍ക്കരിക്കുന്നതിനപ്പുറം പാരമ്പര്യ ചികിത്സയുടെ ഉത്ഭവത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.  ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനും ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള ആവശ്യങ്ങള്‍ക്കനുസരിച്ച് വിവിധ കോഴ്സുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനായി ആധുനിക ഗവേഷണം മികവുറ്റതാക്കുന്നതിനുമായി ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കും.

 

***



(Release ID: 1671937) Visitor Counter : 311