പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശില്‍ നിന്നുള്ള പി എം സ്വാനിധി യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 27 OCT 2020 1:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നിന്നുള്ള പി.എം സ്വാനിധി യോജന ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ആശയവിനിമയം നടത്തി.

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ക്യാഷ് ബാക്ക് നേട്ടങ്ങള്‍ ലഭിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പണം ഉപയോഗിച്ച് ഒരാള്‍ക്ക് ശരിയായ വിദ്യാഭ്യാസവും മികച്ച തൊഴിലും നേടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് പോലും വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കാന്‍ സാധിക്കില്ലായിരുന്നെന്നും പാവപ്പെട്ടവര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ബാങ്കുകള്‍ ആവശ്യക്കാരുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഗുണഭോക്താക്കള്‍ക്ക് ആശംസകള്‍ അറിയിച്ച പ്രധാനമന്ത്രി വായ്പകള്‍ നല്‍കി സഹായിക്കുന്നതിന് ബാങ്കുകളെ അഭിനന്ദിച്ചു. ഈ ശ്രമങ്ങള്‍ പാവപ്പെട്ടവരെ ആഘോഷങ്ങള്‍ ഭംഗിയായി നടത്തുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആത്മനിര്‍ഭര്‍ ഭാരതിനെ സംബന്ധിച്ചും വഴിയോരക്കച്ചവടക്കാരെ ആദരിക്കുന്നത് സംബന്ധിച്ചും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. സ്വയംപര്യാപ്ത ഇന്ത്യക്കായി ഇവരുടെ സംഭാവനകളെ രാജ്യം തിരിച്ചറിഞ്ഞിരിക്കുന്നു. കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ തൊഴില്‍ ശക്തിയെ എങ്ങനെ ഉപയോഗപ്പെടുത്തും എന്ന് ആശങ്കപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏത് വെല്ലുവിളികളേയും നേരിട്ട് വിജയിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് പാവപ്പെട്ടവരുടെ ദുരിതങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ഗരീബ് കല്യാണ്‍ യോജന പ്രഖ്യാപിച്ചതിലൂടെ 1,70,000 കോടി രൂപ വകയിരുത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രധാനമായും പാവപ്പെട്ടവരെ ലക്ഷ്യം വച്ചായിരുന്നു പ്രഖ്യാപിച്ചത്. വഴിയോരക്കച്ചവടക്കാര്‍ക്ക് തങ്ങളുടെ തൊഴില്‍ പുനരാരംഭിക്കാനും സ്വയം പര്യാപ്തരാകാനും സാധിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

രാജ്യവ്യാപകമായി പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതില്‍ പ്രധാനമന്ത്രി അനുമോദനം അറിയിച്ചു. സ്വാനിധി വായ്പ ലഭിക്കുന്നതിനു ജാമ്യക്കാര്‍ ആവശ്യമില്ലെന്നും നൂലാമാലകള്‍ ഇല്ലാതെ എളുപ്പത്തില്‍ ലഭിക്കുമെന്നും മോദി വ്യക്തമാക്കി. സേവന കേന്ദ്രങ്ങള്‍, മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ആയോ ബാങ്കുകളില്‍ ചെന്നോ ആര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിയും.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് വഴിയോരക്കച്ചവടക്കാര്‍ക്ക് ആദ്യമായി ആവശ്യമായ വായ്പ ലഭിക്കുകയാണ്. നഗരം കേന്ദ്രീകരിച്ച് തൊഴില്‍ ചെയ്യുന്ന വഴിയോരക്കച്ചവടക്കാരുടെ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്നത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. പദ്ധതിക്ക് കീഴില്‍ രാജ്യത്ത് നിന്ന് ആകെ ലഭിച്ച 25 ലക്ഷം അപേക്ഷകരില്‍ 6.5 ലക്ഷത്തിലധികം ഉത്തര്‍പ്രദേശില്‍ നിന്നാണ്. 6.5 ലക്ഷത്തില്‍ 4.25 ലക്ഷം അപേക്ഷകളും അംഗീകരിച്ച് വായ്പ അനുവദിച്ചു. യുപിയിലെ സ്വാനിധി യോജന അപേക്ഷ കരാറില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു.  

കോവിഡ് കാലത്ത് സംസ്ഥാനത്തെ 6 ലക്ഷം വഴിയോരക്കച്ചവടക്കാര്‍ക്ക് 1000 രൂപ വീതം സഹായധനം നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

സ്വാനിധി യോജന മുഖേന വായ്പ ലഭിച്ചവര്‍ തിരിച്ചടവ് കൃത്യമായി നടത്തുന്നതിലൂടെ തങ്ങള്‍ ആത്മാര്‍ത്ഥതയിലും സത്യസന്ധതയിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പദ്ധതി പരമാവധി ആളുകളില്‍ എത്തിക്കേണ്ടത് ആവശ്യമാണ്. കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് പലിശ ഇനത്തില്‍ 7 ശതമാനം ഇളവ് ലഭിക്കുമെന്നും ഡിജിറ്റല്‍ ഇടപാടിലൂടെ മാസം 100 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്‍ ധന്‍ അക്കൗണ്ടുകളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയം ഉണ്ടായിരുന്നതായും എന്നാല്‍ ആ അക്കൗണ്ട് ഇന്ന് പ്രതിസന്ധികളില്‍ പാവപ്പെട്ടവര്‍ക്ക് തണലാകുന്നതായും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു.

വഴിയോരക്കച്ചവടക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയും ക്ഷേമത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ലഭിക്കുന്ന എല്ലാ അവസരവും ഉപയോഗപ്പെടുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

 

***
 



(Release ID: 1667832) Visitor Counter : 150