ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യ സുപ്രധാന നാഴികക്കല്ലു പിന്നിട്ടു. ഒന്നര മാസത്തിനു ശേഷം ആദ്യമായി രോഗബാധിതരുടെ എണ്ണം 8 ലക്ഷത്തില്‍ താഴെയെത്തി
Posted On:
17 OCT 2020 10:23AM by PIB Thiruvananthpuram
കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇതാദ്യമായി രാജ്യത്തെ കൊറോണ രോഗികളുടെ സംഖ്യ ഒന്നര മാസത്തിനുള്ളില്‍ എട്ടു ലക്ഷത്തിനു താഴെയ്‌ക്കെത്തി. രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം ഇന്ന് 7,95,087 ആണ്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.70 ശതമാനം മാത്രമാണ്. ഇതിനു മുൻപ് സെപ്റ്റംബര്‍ ഒന്നിനാണ് മൊത്തം രോഗികളുടെ എണ്ണം എട്ടു ലക്ഷത്തിൽ താഴെ ( 7,85,996 ) ആയിരുന്നത്.

ഇന്ത്യയില്‍ വന്‍ തോതില്‍ കോവിഡ് രോഗികള്‍ ഓരോ ദിവസവും സുഖം പ്രാപിച്ചു വരികയാണ്. രാജ്യത്ത് കൊറോണ വിമുക്തി നേടുന്ന പ്രവണതയാണ് തുടരുന്നത്. രോഗവിമുക്തി നേടിയവരുടെ സംഖ്യ 65 ലക്ഷം( 65,24,595) പിന്നിട്ടു. ഇപ്പോള്‍ രോഗികളുടെ സംഖ്യയും രോഗവിമുക്തരായവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസവും വർദ്ധിച്ച് 57,29,508 -ല്‍ എത്തി നില്ക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70816 പേര്‍ രോഗവിമുക്തരായി ആശുപത്രി വിട്ടു. അതെ സമയം 62212 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ദേശീയ തലത്തിലുള്ള രേഗവിമുക്തി നിരക്ക് 87.78 ശതമാനമായി ഉയര്‍ന്നു.
രാജ്യവ്യാപകമായി ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്റ്റാന്‍ഡേര്‍ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ അര്‍പ്പണ ബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് കൂടുതല്‍ രോഗികള്‍ രോഗവിമുക്തി നേടുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും കാരണമായിരിക്കുന്നത്.
ഇന്ന് ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയിലാണ് ഏറ്റവും കുറച്ച് രോഗികള്‍ മരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികള്‍ കോവിഡ് വിമുക്തി നേടുന്നതും. ഇന്ന് രാജ്യത്തെ മരണ നിരക്ക് 1.52 ശതമാനം മാത്രമാണ്.

78 ശതമാനം രോഗികളുടെ രോഗവിമുക്തി രേഖപ്പെടുത്തിയിട്ടുള്ളത്
രാജ്യത്തെ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് . ഒറ്റ ദിവസം മഹാരാഷ്ട്രയില്‍ മാത്രം 13,000 രോഗികൾ കോവിഡ് മുക്തരായി. കര്‍ണാടകത്തില്‍ 8000 പേരും സൗഖ്യം പ്രാപിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 62,212 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നാണ്. ഇതില്‍ തന്നെ ഏറ്റവും മുന്നില്‍ മഹാരാഷ്ട്രയാണ്. 11000 രോഗികള്‍. തൊട്ടു പിന്നില്‍ ഏതാണ്ട് 7000 രോഗികളുമായി കര്‍ണാടകവും കേരളവും.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 837 രോഗികള്‍ മരണത്തിനു കീഴടങ്ങി. ഇതില്‍ 82 ശതമാനവും 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നു മാത്രം 306 രോഗികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

ആഗോള മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രഗവണ്മെന്റ് വളരെയേറെ സഹായങ്ങളാണ് നല്കിവരുന്നത്. കേരളം, കര്‍ണാടക, രാജസ്ഥാന്‍, ഛത്തിസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് കേന്ദ്ര ആരോഗ്യ കുടംബക്ഷേമ മന്ത്രാലയം പ്രത്യേക ഉന്നത തല സംഘത്തെ അയച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് പുതിയ കോവിഡ് രോഗബാധ കൂടുതലായി സ്ഥിരീകരിക്കുന്നത്. ഈ സംഘം സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും ശാക്തീകരിക്കും. നിരീക്ഷണം, പരിശോധനകള്‍, രോഗവ്യാപനം തടയല്‍, രോഗ നിയന്ത്രണ നടപടികള്‍, രോഗസ്ഥിരീകരണം റിപ്പോര്‍ട്ട് ചെയ്യുന്ന കേന്ദ്രങ്ങളില്‍ ഫലപ്രദമായ ചികിത്സാ നടപടികള്‍ തുടങ്ങിയവയ്ക്ക് ഇവര്‍ പിന്തുണ നല്കും. സമയ ബന്ധിതമായി പരിശോധനകളും തുടര്‍ നടപടികളും എടുക്കുന്നതിനും കോവിഡുമായി ബന്ധപ്പെട്ട മറ്റു വെല്ലുവിളികള്‍ നേരിടുന്നതിലും ഇവര്‍ നേതൃത്വം നല്കും.
****
(Release ID: 1665482)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu