പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐഐടി ഗുവാഹത്തിയുടെ ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.


ദുരന്തനിവാരണത്തിനായി പ്രത്യേക കേന്ദ്രം തുടങ്ങാൻ പ്രധാനമന്ത്രി ഐ ഐ ടി യോട് ആവശ്യപ്പെട്ടു.

ദേശീയ വിദ്യാഭ്യാസനയം 2020 ഇന്ത്യയെ ആഗോള വിദ്യാഭ്യാസ ലക്ഷ്യ കേന്ദ്രം ആക്കുമെന്നും പ്രധാനമന്ത്രി.

Posted On: 22 SEP 2020 2:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്രമോദി ഐഐടി ഗുവാഹത്തി യുടെ ബിരുദ ദാന ചടങ്ങിനെ  വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്തു. ശാസ്ത്രം ഉൾപ്പെടെ എല്ലാ അറിവുകളും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗം ആണ് എന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഐഐടി പോലുള്ള സ്ഥാപനങ്ങൾ ഇന്ന് മുന്നേറുന്ന വിധത്തിൽ അഭിമാനമുണ്ടെന്നും നൂതനാശയത്തിനുവേണ്ടിയുള്ള ഊർജ്ജം ആണ്  ആയിരക്കണക്കിന്  വർഷമായി ഇന്ത്യയെ സജീവമാക്കി നിലനിർത്തുന്നതെന്നും  അദ്ദേഹം പറഞ്ഞു.

 

 ഭാവിയിലേക്ക് സജ്ജരായി ഇരിക്കാൻ  യുവാക്കളോട് അഭ്യർത്ഥിച്ച പ്രധാനമന്ത്രി യുവാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ആണ് ഇന്ത്യയുടെ ഭാവിയെ രൂപപ്പെടുത്തുന്നതെന്ന്  പറഞ്ഞു. ഈ ദിശയിൽ ഇതിനോടകം പ്രവർത്തനമാരംഭിച്ച ഐഐടി ഗുവാഹത്തി യുടെ പരിശ്രമത്തിൽ  പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. മഹാമാരിക്കാലത്ത് അക്കാദമിക സെഷനുകളും ഗവേഷണ പ്രവർത്തനങ്ങളും നടത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നിട്ടും  രാജ്യത്തെ ആത്മനിർഭരം ആക്കുന്നതിനു സംഭാവനകൾ നൽകിയ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

 ദേശീയ വിദ്യാഭ്യാസനയം,  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കും ശാസ്ത്രസാങ്കേതിക വിദ്യയിൽ ഇന്ത്യയെ ആഗോളതലത്തിൽ നേതൃസ്ഥാനത്ത് എത്തിക്കാനും വേണ്ടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ബഹു  വിഷയങ്ങൾ ചേർന്ന പാഠ്യപദ്ധതി, വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരം, മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ് സൗകര്യം എന്നിവ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഉണ്ട്.  


 ശാസ്ത്രo, മാനവിക ശാസ്ത്രo ഉൾപ്പെടെ ഏതു മേഖലയിലെയും  ഗവേഷണപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്  ദേശീയ ഗവേഷണ ഫൗണ്ടേഷൻ രൂപീകരിക്കാൻ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു.


 വിദേശ സർവകലാശാലകൾക്ക്  അവരുടെ ക്യാമ്പസുകൾ ഇന്ത്യയിൽ തുടങ്ങാൻ അവസരം നൽകുന്നത്,  ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോള സാധ്യത നൽകുന്നു. ലോകത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഇത്  സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യയുടെ കിഴക്കൻ പ്രവർത്തന നയത്തിന്റെ കേന്ദ്രവും തെക്കുകിഴക്കൻ ഏഷ്യയുമായുള്ള ബന്ധത്തിന്റെ കവാടവും രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശമാണ്. സംസ്കാരം,  വ്യാപാരം,  കണക്റ്റിവിറ്റി,  വിഭവശേഷി എന്നിവയാണ് ഈ രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പ്രധാന കണ്ണികൾ.ഈ  ശൃംഖലയിലേക്ക് വിദ്യാഭ്യാസം കൂടി ഉൾപ്പെടാൻ പോവുകയാണെന്നും ഐഐടി ഗുവാഹത്തിക്ക്   ഇതിന്റെ പ്രധാന കേന്ദ്രമാകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ മേഖലയ്ക്ക് അവസരങ്ങൾ ഇതിലൂടെ ലഭ്യമാകും.

 റെയിൽവേ, റോഡ്,  വ്യോമ, ജലപാതകൾ തുടങ്ങി വടക്കുകിഴക്കൻ മേഖലയുടെ അടിസ്ഥാന സൗകര്യ മേഖലയ്ക്ക് ഗവൺമെന്റ് ഊന്നൽ നൽകുന്നുണ്ട് എന്നും ശ്രീ മോദി പറഞ്ഞു. മുന്നൂറിൽപരം യുവ ഗവേഷകർ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയതിൽ  സന്തുഷ്ടി പ്രകടിപ്പിച്ച പ്രധാനമന്ത്രി,  രാജ്യത്തിന്റെ  വികസനത്തിനായി അവരുടെ ഗവേഷണം തുടരാൻ ആവശ്യപ്പെട്ടു. 

 

പ്രദേശത്തിന്റെ വികസനത്തിനായി സ്വന്തം  ഗവേഷണം എങ്ങനെ മെച്ചപ്പെടുത്താം എന്ന്  ചിന്തിക്കണമെന്ന് വിദ്യാർത്ഥികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. വടക്കുകിഴക്കൻപ്രദേശത്തെ ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിന് വിദഗ്ധ ഉപദേശം നൽകുന്നതിന് അപകടസാധ്യത കുറയ്ക്കുന്നതിനും ദുരന്തനിവാരണത്തിനുമായി പ്രത്യേക കേന്ദ്രം തുടങ്ങാനും ഐഐടി ഗുവാഹത്തിയോട്  പ്രധാനമന്ത്രി അഭ്യർഥിച്ചു

 

 

*****


(Release ID: 1657873) Visitor Counter : 174