പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് പ്രധാനമന്ത്രി

Posted On: 04 JUL 2020 6:14PM by PIB Thiruvananthpuram

 

ഇന്ത്യയിലെ കാര്‍ഷിക ഗവേഷണം, വിപുലീകരണം, വിദ്യാഭ്യാസം എന്നിവയുടെ പുരോഗതി വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അവലോകനം ചെയ്തു. കാര്‍ഷിക-ഗ്രാമവികസന- പഞ്ചായത്ത് രാജ് മന്ത്രിയും കാര്‍ഷിക സഹമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പുറമെ കൃഷി, മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധന വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറലും കാര്‍ഷിക ഗവേഷണ-വിപുലീകരണ വകുപ്പു സെക്രട്ടറിയുമായ ഡോ. ത്രിലോചന്‍ മോഹപത്ര വിവിധ വെല്ലുവിളികള്‍ നേരിടുന്നതിലെ മുന്‍ഗണനകള്‍, പ്രവര്‍ത്തനങ്ങള്‍, തയ്യാറെടുപ്പ് എന്നിവയെക്കുറിച്ചു വിശദീകരിച്ചു. 2014 മുതല്‍, ഐസിഎആറിന്റെ വിവിധ കേന്ദ്രങ്ങളിലെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ ഇനം വയല്‍ വിളകള്‍ (1434), തോട്ടവിളകള്‍ (462), കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇനങ്ങള്‍ (1121) എന്നിവ വികസിപ്പിച്ചെടുത്തു. വിവിധ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഴിയുന്ന ഇനങ്ങള്‍ വികാസിപ്പിച്ചെടുക്കാനായി മോളിക്യുലാര്‍ ബ്രീഡിങ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. എച്ച്ഡി 3226 ഗോതമ്പ് ഏഴും ആര്‍ക്ക്അബെഡ് തക്കാളി നാലും രോഗങ്ങളെ പ്രതിരോധിക്കുന്നവയാണ്.

ആര്‍ക്ക്വൈസസ്, ആര്‍ക്ക്അലേഷ, ആര്‍ക്ക്യോജി തുടങ്ങിയവ വികസിപ്പിച്ചെടുത്തത് വാണിജ്യസാധ്യതകള്‍ കൂടി കണക്കിലെടുത്താണ്. കാര്‍ഷിക കാലാവസ്ഥാ മേഖലകളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഇനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാന്‍ ഇരുവശവും കൂട്ടിച്ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

കരിമ്പിന്‍ ഇനമായ കരണ്‍ -4 പഞ്ചസാര കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഉത്തര്‍പ്രദേശില്‍ പരമ്പരാഗതമായി വളരുന്ന ഇനങ്ങള്‍ക്ക് പകരമാകുകയും ചെയ്തു. കരിമ്പില്‍ നിന്നും മറ്റുവിളകളില്‍ നിന്നും ജൈവ എഥനോള്‍ വേര്‍തിരിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

'കുപോഷ് മുക്ത് ഭാരത്' (പോഷകാഹാരക്കുറവില്ലാത്ത ഇന്ത്യ) സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, കൂടുതല്‍ ഇരുമ്പ്, സിങ്ക്, പ്രോട്ടീന്‍ എന്നിവയടങ്ങിയ കരുത്തുറ്റ 70 ജൈവ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മാതളനാരങ്ങ ഇനമായ ഭഗ്വ ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ്.

കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളിലൂടെ പോഷണ്‍ താലി, ന്യൂട്രിയ ഗാര്‍ഡനുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 76 കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളിലും 450 മാതൃകാകൃഷിയിടങ്ങളിലുമായി പ്രാരംഭ പദ്ധതികള്‍ നടപ്പാക്കി. സമീകൃതാഹാരം ഉറപ്പാക്കുന്നതിന് അംഗന്‍വാടി തൊഴിലാളികള്‍ക്കും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും ന്യൂട്രിയ-ഗാര്‍ഡനുകള്‍ സജ്ജീകരിക്കുന്നതിന് പരിശീലനം നല്‍കുന്നു. അരി, പരിപ്പ്, ഓരോ കാലാവസ്ഥയിലും ലഭ്യമാകുന്ന പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മറ്റ് പച്ചക്കറികള്‍, പാല്‍, പഞ്ചസാര, ശര്‍ക്കര, എണ്ണകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് പോഷണ്‍ താലി. 2022 ഓടെ 100 ന്യൂട്രി സ്മാര്‍ട്ട് ഗ്രാമങ്ങള്‍ സൃഷ്ടിക്കും.

കൂട്ടായ ഇടപെടലില്‍, ജൈവ- അകൃത്രിമ കൃഷി രീതികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഐസിഎആര്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഓര്‍ഗാനിക് കാര്‍ബണ്‍ മാപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുതകുന്ന, കീടനിയന്ത്രണത്തിനുള്ള 88 മിത്രകീടങ്ങളെയും 22 ജൈവകീടനാശിനികളെയും കണ്ടെത്തി.

കാര്‍ഷിക - അനുബന്ധ മേഖലകളിലെ സാങ്കേതികവിദ്യയുടെ നവീകരണവും ഉപയോഗവും ഉറപ്പാക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും കാര്‍ഷിക സംരംഭങ്ങള്‍ക്കും പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. കര്‍ഷകര്‍ക്ക് ആവശ്യാനുസരണം വിവരങ്ങള്‍ നല്‍കുന്നതിന് വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

തിരിച്ചറിഞ്ഞ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ടുതവണ ഹാക്കത്തോണുകള്‍ സംഘടിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇതിലൂടെ കര്‍ഷകവൃത്തിയുടെ കാഠിന്യം കുറയ്ക്കാനുതകുന്ന ഉപകരണങ്ങളും പണിയായുധങ്ങളും രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. കര്‍ഷകത്തൊഴിലാളികള്‍ ഏറെയും സ്ത്രീകളാണ് എന്നതിനാലാണിത്.

ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുന്നതിന് ജോവര്‍, ബജ്റ, റാഗി, മറ്റ് നിരവധി ചെറുധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഉഷ്ണതരംഗങ്ങള്‍, വരള്‍ച്ച, ശീതതരംഗങ്ങള്‍, കനത്ത മഴയാലുണ്ടാകുന്ന വെള്ളക്കെട്ട് തുടങ്ങിയ കാലാവസ്ഥാ പ്രതിസന്ധികള്‍ കാരണം ഭീമമായ നഷ്ടമുണ്ടാകുകയും കാര്‍ഷികവൃത്തിക്കും ഉപജീവനത്തിനും ഭീഷണിയാകുകയും ചെയ്യുന്നു. പ്രതികൂലകാലാവസ്ഥാ ഘടകങ്ങളാലുണ്ടാകുന്ന നഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്കു മോചനം നല്‍കുന്നതിനായി സംയോജിത കാര്‍ഷിക സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും മറ്റ് അനുകൂല ഘടകങ്ങള്‍ ഒരുക്കുന്നതിനുമായി, തലമുറകളായി കൃഷിചെയ്യുന്ന പരമ്പരാഗത ഇനങ്ങള്‍ പരിശോധിക്കുന്നുമുണ്ട്.

വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനു ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കന്നുകാലികള്‍, ആടുകള്‍, ചെമ്മരിയാടുകള്‍ എന്നിവയുടെ പുതിയ ഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഐസിഎആറിന്റെ സംഭാവനകള്‍ അവലോകനം ചെയ്യുന്നതിനിടെ, നായ്ക്കളുടെയും കുതിരകളുടെയും തദ്ദേശീയ ഇനങ്ങളെക്കുറിച്ച് ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുളമ്പ്-മോണ രോഗങ്ങള്‍ക്കുള്ള വാക്സിനേഷന്‍ ഡ്രൈവുകള്‍ പ്രത്യേക ദൗത്യം എന്ന നിലയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പുല്ല്, വൈക്കോല്‍ തുടങ്ങി പ്രാദേശിക വിളകളെക്കുറിച്ചുള്ള പഠനം അവയുടെ പോഷകമൂല്യം മനസിലാക്കാന്‍ വേണ്ടിയാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂട്രസ്യൂട്ടിക്കലുകളുടെ വ്യാവസായിക ഉപയോഗങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം മണ്ണിന്റെ ആരോഗ്യത്തെ കടല്‍പ്പായലിന്റെ ഉപയോഗം ബാധിക്കുന്നതെങ്ങനെയെന്നു പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

നെല്‍കൃഷി വിളവെടുപ്പിനുശേഷം തീപിടിത്തമുണ്ടാകുന്നതിനു പരിഹാരം കാണാനായി പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ ഐസിഎആര്‍ മാജിക് സീഡര്‍ അവതരിപ്പിച്ചു. 2016നെ അപേക്ഷിച്ച് 2019ല്‍ തീപ്പിടിത്തങ്ങളില്‍ 52 ശതമാനം കുറയുകയും ചെയ്തു.

കാര്‍ഷികോപകരണങ്ങളുടെ സുഗമമായ ലഭ്യതയും വയലില്‍ നിന്ന് വിപണികളിലേക്കുള്ള ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് കൃഷി, സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് കിസാന്‍രഥ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

കൃഷിക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കാര്‍ഷിക കാലാവസ്ഥാ ആവശ്യകതകള്‍ അടിസ്ഥാനമാക്കി കാര്‍ഷിക വിദ്യാഭ്യാസത്തെയും ഗവേഷണ സംവിധാനങ്ങളെയും ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കണം.


ഗ്രാമീണ മേഖലകളുടെ മുഖം മിനുക്കുന്നതിനായി, ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യന്‍ സമൂഹങ്ങളെക്കുറിച്ചുള്ള പരമ്പരാഗത അറിവ്, സാങ്കേതികവിദ്യയുമായും യുവാക്കളുടെയും കാര്‍ഷിക ബിരുദധാരികളുടെയും നൈപുണ്യവുമായും ചേര്‍ന്നുപ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

*****



(Release ID: 1655533) Visitor Counter : 137