പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

Posted On: 13 SEP 2020 2:47PM by PIB Thiruvananthpuram

ബീഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമര്‍പ്പിച്ചു. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍.പി.ജി ബോട്ട്ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍, എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്തത്.

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഹാറിനായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിയം, ഗ്യാസ് എന്നിവയുമായി ബന്ധപ്പെട്ട 21,000 കോടി രൂപയുടെ 10 വന്‍കിട പദ്ധതികളാണ് ബീഹാറിനായി നല്‍കിയ പ്രത്യേക പാക്കേജിലുള്ളത്. ഇവയില്‍ ഏഴാമത്തെ പദ്ധതിയാണ് ഇന്ന് ബീഹാറിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. നേരത്തെ ബീഹാറില്‍ പൂര്‍ത്തിയാക്കിയ മറ്റ് ആറ് പദ്ധതികളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് തറക്കല്ലിട്ട സുപ്രധാന ഗ്യാസ് പൈപ്പ്ലൈന്‍ പദ്ധതിയുടെ ദുര്‍ഗാപുര്‍-ബാങ്ക സെക്ഷന്‍ (ഏകദേശം 200 കിലോമീറ്റര്‍) ഉദ്ഘാടനം ചെയ്യുന്നതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. വിവിധ ഭൂപ്രദേശങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും കഠിനപ്രയത്നത്തിലൂടെ കൃത്യസമയത്ത് ഈ പദ്ധതി പൂര്‍ത്തിയാക്കിയ എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയും പിന്തുണയേകിയ സംസ്ഥാന ഗവണ്‍മെന്റിനെയും അദ്ദേഹം പ്രശംസിച്ചു. ഒരു തലമുറയില്‍ പണി ആരംഭിക്കുകയും അടുത്ത തലമുറകള്‍ അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്ന തൊഴില്‍ സംസ്‌കാരത്തെ മറികടക്കാന്‍ ബീഹാറിനെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച ബീഹാര്‍ മുഖ്യമന്ത്രിയെയും അദ്ദേഹം പ്രശംസിച്ചു. ഈ പുതിയ തൊഴില്‍ സംസ്‌കാരം ശക്തിപ്പെടുത്തേണ്ടതുണ്ട്.  ബിഹാറിനെയും കിഴക്കന്‍ ഇന്ത്യയെയും വികസന പാതയിലേക്ക് നയിക്കാന്‍ ഇതിനാകുമെന്നും അദ്ദേഹം പറഞ്ഞു.

ശക്തിയാണ് സ്വാതന്ത്ര്യത്തിന്റെ ഉറവിടം, ഏതൊരു രാജ്യത്തിന്റെയും വികസനത്തിന്റെ അടിസ്ഥാനം തൊഴില്‍ ശക്തിയാണ് എന്നര്‍ത്ഥം വരുന്ന വേദഗന്ഥ്രങ്ങളില്‍ നിന്നുള്ള  “सामर्थ्य मूलं स्वातंत्र्यम्, श्रम मूलं वैभवम् ।” ' വാക്യവും പ്രധാനമന്ത്രി ഉദ്ധരിച്ചു. കിഴക്കന്‍ ഇന്ത്യയില്‍ ബീഹാര്‍ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ തൊഴില്‍ ശക്തിയുടെ അഭാവമില്ല. പ്രകൃതിവിഭവങ്ങള്‍ക്കും കുറവില്ല. എങ്കിലും ബീഹാറും കിഴക്കന്‍ ഇന്ത്യയും പതിറ്റാണ്ടുകളായി വികസനത്തിന്റെ കാര്യത്തില്‍ പിന്നില്‍ നില്‍ക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനന്തമായ കാലതാമസം നേരിടുകയാണുണ്ടായത്. റോഡ് ഗതാഗതം, റെയില്‍ ഗതാഗതം, വ്യോമഗതാഗതം, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എന്നിവയ്ക്ക് നേരത്തെ പ്രാധാന്യം നല്‍കിയിരുന്നില്ല. പാചകവാതകാധിഷ്ഠിത വ്യവസായവും പെട്രോ കണക്റ്റിവിറ്റിയും ബീഹാറില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. വാതകാധിഷ്ഠിത വ്യവസായങ്ങളുടെ വികസനം ബിഹാറില്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. കാരണം ഇത് കരബന്ധിത സംസ്ഥാനമാണ്. അതിനാല്‍ പെട്രോളിയം, വാതകം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഭവങ്ങളുടെ അഭാവമുണ്ട്. സമുദ്രാതിര്‍ത്തിയുള്ള സംസ്ഥാനങ്ങളിലാണ് ഇവ ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഗ്യാസ് അധിഷ്ഠിത വ്യവസായവും പെട്രോ കണക്റ്റിവിറ്റിയും ജനങ്ങളുടെ ജീവിതത്തെയും ജീവിത നിലവാരത്തെയും നേരിട്ട് ബാധിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.  ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. സി.എന്‍.ജിയും പി.എന്‍.ജിയും ബീഹാറിലെയും കിഴക്കന്‍ ഇന്ത്യയിലെയും പല നഗരങ്ങളിലും എത്തുമ്പോള്‍ ഇവിടത്തെ ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. കിഴക്കന്‍ ഇന്ത്യയെ കിഴക്കന്‍ കടല്‍ത്തീരത്തെ പാരാദീപുമായും പടിഞ്ഞാറന്‍ തീരത്ത് കണ്ട്ലയുമായും ബന്ധിപ്പിക്കാനുള്ള ഭഗീരഥപ്രയത്നം പ്രധാനമന്ത്രി ഊര്‍ജ്ജ ഗംഗ യോജനയുടെ കീഴില്‍ ആരംഭിച്ചു. ഏഴ് സംസ്ഥാനങ്ങളെ 3000 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ്ലൈന്‍ വഴി ബന്ധിപ്പിക്കുമെന്നും അതില്‍ ബീഹാറിനു മുഖ്യപങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാരാദീപ് - ഹല്‍ദിയയില്‍ നിന്നുള്ള ലൈന്‍ ഇപ്പോള്‍ പട്ന, മുസാഫര്‍പൂര്‍ എന്നിവിടങ്ങളിലേക്ക് നീട്ടും. കണ്ട്ലയില്‍ നിന്ന് ഗൊരഖ്പുര്‍ വരെയെത്തിയ പൈപ്പ്ലൈനും ഇതുമായി ബന്ധിപ്പിക്കും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ പൈപ്പ്ലൈന്‍ പദ്ധതികളിലൊന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഗ്യാസ് പൈപ്പ്ലൈനുകള്‍ ഉള്ളതിനാല്‍ ബിഹാറില്‍ വലിയ ബോട്ട്ലിങ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതില്‍ രണ്ട് പുതിയ ബോട്ട്ലിങ് പ്ലാന്റുകളാണ് ഇന്ന് ബാങ്ക, ചമ്പാരണ്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചത്. ഈ രണ്ട് പ്ലാന്റുകള്‍ക്കും പ്രതിവര്‍ഷം 125 ദശലക്ഷത്തിലധികം സിലിണ്ടറുകള്‍ നിറയ്ക്കാനുള്ള ശേഷിയുണ്ട്. ഗോഡ്ഡ, ദേവ്ഘര്‍, ദുംക, സാഹിബ്ഗഞ്ച്, പാകുര്‍ ജില്ലകളുടെയും ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളുടെയും എല്‍.പി.ജി ആവശ്യകതകള്‍ ഈ പ്ലാന്റുകള്‍ നിറവേറ്റും. ഈ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിലൂടെ ഊര്‍ജ്ജാടിസ്ഥാനത്തിലുള്ള പുതിയ വ്യവസായങ്ങളില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ബീഹാര്‍.

മുമ്പ് അടച്ചിട്ടിരുന്ന ബറൗനിയിലെ രാസവള ഫാക്ടറിയും ഈ ഗ്യാസ് പൈപ്പ്ലൈന്‍ നിര്‍മാണം കഴിഞ്ഞാലുടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉജ്ജ്വല പദ്ധതിയുടെ ഭാഗമായി ഇന്ന് രാജ്യത്തെ എട്ട് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ കാലഘട്ടത്തില്‍ പാവപ്പെട്ടവരുടെ ജീവിതത്തെ ഇതു മാറ്റിമറിച്ചു. കാരണം അവര്‍ക്ക് വീട്ടില്‍ തന്നെ തുടരേണ്ട അവസ്ഥയായിരുന്നു. വിറകും മറ്റ് ഇന്ധനങ്ങളും ശേഖരിക്കാന്‍ പുറത്തു പോകേണ്ടി വന്നില്ല.

കൊറോണക്കാലത്ത് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളായ ദശലക്ഷക്കണക്കിന് ദരിദ്ര കുടുംബങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും അവ അവര്‍ക്കു പ്രയോജനകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗവ്യാപനസാധ്യത നിലനില്‍ക്കുമ്പോഴും കൊറോണക്കാലത്ത് പാചകവാതകക്ഷാമത്തിന് ഇടകൊടുക്കാതെ പെട്രോളിയം, പാചകവാതക വകുപ്പുകളുടെയും കമ്പനികളുടെയും ദശലക്ഷക്കണക്കിന് വിതരണക്കാര്‍ നടത്തിയ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബീഹാറില്‍ എല്‍പിജി ഗ്യാസ് കണക്ഷന്‍ സമ്പന്നരുടെ അടയാളമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാസ് കണക്ഷനായി ആളുകള്‍ ശുപാര്‍ശ ചെയ്യേണ്ടതുണ്ടായിരുന്നു. ഉജ്ജ്വല പദ്ധതി കാരണം ബിഹാറില്‍ ഇപ്പോള്‍ ഈ സ്ഥിതി മാറിയിട്ടുണ്ട്. ബീഹാറിലെ 1.25 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി. വീട്ടിലെ ഗ്യാസ് കണക്ഷന്‍ ബിഹാറിലെ കോടിക്കണക്കിന് ദരിദ്രരുടെ ജീവിതം മാറ്റിമറിച്ചു.


ബീഹാറിലെ യുവാക്കളെ പ്രശംസിച്ച പ്രധാനമന്ത്രി ബീഹാറാണ് രാജ്യത്തെ പ്രതിഭകളുടെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ചു. ഓരോ സംസ്ഥാനത്തിന്റെയും വികസനത്തില്‍ ബീഹാറിന്റെ ശക്തിയും അധ്വാനത്തിന്റെ മുദ്രയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി,  ശരിയായ ഗവണ്‍മെന്റിലൂടെ ശരിയായ തീരുമാനങ്ങളും വ്യക്തമായ നയവും ബീഹാര്‍ സ്വീകരിക്കുന്നുണ്ട്. വികസനം നടക്കുന്നുവെന്നും അത് ഓരോരുത്തരിലും എത്തിച്ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ യുവാക്കള്‍ക്ക് വയലുകളിലാണ് ജോലി ചെയ്യേണ്ടത്, അതിനാല്‍ വിദ്യാഭ്യാസം ആവശ്യമില്ല എന്ന ചിന്താഗതിയുണ്ടായിരുന്നു. ഇതു കാരണം ബീഹാറില്‍ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. അതിന്റെ ഫലമായി ബീഹാറിലെ യുവാക്കള്‍ പഠനത്തിനായും ജോലിക്കായും ദേശംവിട്ടുപോകാന്‍ നിര്‍ബന്ധിതരായി. കൃഷിചെയ്യല്‍ കഠിനാധ്വാനവും അഭിമാനവുമാണ്, എന്നാല്‍ യുവാക്കള്‍ക്ക് മറ്റ് അവസരങ്ങള്‍ നല്‍കരുത്, അതിനായി ക്രമീകരണങ്ങള്‍ ഒരുക്കരുത് എന്ന ചിന്താഗതി തെറ്റായിരുന്നു.

ബീഹാറില്‍ ഇന്ന് വലിയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ കാര്‍ഷിക കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍, എന്‍ജിനിയറിങ് കോളേജുകള്‍ എന്നിവയുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്തെ ഐ.ഐ.ടി, ഐ.ഐ.എം, ഐ.ഐ.ഐ.ടി എന്നിവ ബീഹാറിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ക്കു ചിറകുവിടര്‍ത്തുന്നു. പോളിടെക്നിക് സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനും രണ്ട് വലിയ സര്‍വകലാശാലകള്‍ ആരംഭിക്കാനും ബിഹാര്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഐഐടി, ഐഐഎം, എന്‍.ഐ.എഫ്.ടി, നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് ബിഹാറില്‍ വരുന്നത്.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, മുദ്ര യോജന തുടങ്ങി നിരവധി പദ്ധതികള്‍ ബീഹാറിലെ യുവാക്കള്‍ക്ക് ആവശ്യമായ സ്വയംതൊഴില്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മുമ്പത്തേക്കാള്‍ കൂടുതല്‍ ഇന്ന് ബീഹാറിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, പെട്രോളിയം, പാചകവാതക മേഖലകളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു; പരിഷ്‌കരണങ്ങള്‍ എത്തിക്കുന്നു; ജനങ്ങളുടെ ജീവിതം സുഗമമാക്കുന്നു; അതുപോലെ തന്നെ വ്യവസായങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും പ്രചോദനം നല്‍കുന്നു. കൊറോണയുടെ ഈ കാലഘട്ടത്തില്‍, പെട്രോളിയവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളായ റിഫൈനറി പ്രോജക്ടുകള്‍, പര്യവേക്ഷണവും ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍, പൈപ്പ്ലൈനുകള്‍, സിറ്റി ഗ്യാസ് വിതരണ പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ആക്കം കൂട്ടി. 8000ത്തിലധികം പദ്ധതികളുണ്ടെന്നും അതിനായി 6 ലക്ഷം കോടി രൂപ വരും ദിവസങ്ങളില്‍ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയതായും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഈ വലിയ ആഗോള മഹാമാരിയുടെ കാലത്തു പോലും രാജ്യം നിശ്ചലമായില്ല, പ്രത്യേകിച്ച് ബീഹാര്‍. 100 ലക്ഷം കോടിയിലധികം രൂപയുടെ ദേശീയ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന്‍ പദ്ധതിയും സാമ്പത്തിക പ്രവര്‍ത്തനങ്ങക്ക് ഊര്‍ജ്ജം പകരാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിനെയും കിഴക്കന്‍ ഇന്ത്യയെയും ഒരു പ്രധാന വികസന കേന്ദ്രമാക്കി മാറ്റാന്‍ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ഏവരോടും അഭ്യര്‍ത്ഥിച്ചു.


***
 



(Release ID: 1653802) Visitor Counter : 180