പ്രധാനമന്ത്രിയുടെ ഓഫീസ്
മദ്ധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണിന് കീഴില്‍ നിര്‍മ്മിച്ച 1.75 ലക്ഷം ഭവനങ്ങളുടെ 'ഗൃഹപ്രവേശന' ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയുടെ മലയാള പരിഭാഷ
Posted On:
12 SEP 2020 2:04PM by PIB Thiruvananthpuram
ഇന്ന് പക്കാ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കളുമായി, അവരുടെ സ്വപ്നത്തിലെ ഭവനങ്ങള്‍ ലഭിച്ചവരുമായി, അവരുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് വിചാരമുള്ളവരുമായി ഞാന്‍ ഇന്ന് ആശയവിനിമയം നടത്തി. ഔപചാരികമായി ഇന്ന് തങ്ങളുടെ സ്വന്തം ഭവനങ്ങളിലേക്ക് കടക്കുന്ന മദ്ധ്യപ്രദേശിലെ 1.75 ലക്ഷം കുടുംബങ്ങളെ ഞാന്‍ അഭിനന്ദിക്കുകയും അവര്‍ക്ക് ശുഭാംശസകള്‍ നേരുകയും ചെയ്യുന്നു. വാടകവീട്ടിലോ അല്ലെങ്കില്‍ ഒരു ചേരിയിലോ അല്ലെങ്കില്‍ ഒരു കച്ചാ വീട്ടിലോ ജീവിക്കുന്നതിനെക്കാള്‍ സ്വന്തം വീട്ടില്‍ കഴിയുന്ന, കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി പാര്‍പ്പിടം ലഭിച്ച 2.25 കോടി കുടുംബങ്ങളോടൊപ്പം ഇന്ന് നിങ്ങളും ചേരുകയാണ്.
സുഹൃത്തുക്കളെ, ഈ ദീപാവലിക്കും മറ്റ് ഉത്സവങ്ങള്‍ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ വര്‍ഷത്തെ ആഘോഷം മറ്റൊരുതലത്തിലായിരിക്കും. കൊറോണയില്ലായിരുന്നില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമായി, നിങ്ങളുടെ പ്രധാന സേവകന്‍ നിങ്ങളുടെ ജീവതത്തിലെ ഏറ്റവും വലിയ സന്തോഷത്തില്‍ പങ്കുചേരാന്‍ നിര്‍ബന്ധമായും കൂടുമായിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഞാന്‍ നിങ്ങളെയൊക്കെ വളരെ ദൂരെയിരുന്ന് കണ്ടുമുട്ടുകയാണ്. എന്നാല്‍ ഇത് ഇത്തവണത്തേയ്ക്ക് മാത്രമാണ്.
മദ്ധ്യപ്രദേശിലെ ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, സംസ്ഥാനത്തിന്റെ ജനകീയനായ മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ നരേന്ദ്രസിംഗ് തോമര്‍ ജി, എന്റെ സഹപ്രവര്‍ത്തകന്‍ ജ്യോതിരാദിത്യ സിന്‍ഹ ജി, മദ്ധ്യപ്രദേശിലെ മന്ത്രിമാരെ, എം.പിമാരെ, എം.എല്‍.എമാരെ, ഗ്രാമപഞ്ചായത്തിലെ പ്രതിനിധികളെ ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മദ്ധ്യപ്രദേശത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഗ്രാമങ്ങളിലെ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, സഹോദരിമാരെ.
ഇന്ന് മദ്ധ്യപ്രദേശില്‍ നടക്കുന്ന ഈ ബഹുജനപരിപാടിയായ 'ഗൃഹപ്രവേശം'പാവപ്പെട്ട 1.75 ലക്ഷം കുടുംബങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ്, ഒപ്പം രാജ്യത്തെ വീടില്ലാത്ത ആളുകള്‍ക്ക് പക്കാ ഭവനങ്ങള്‍ നല്‍കുന്നതിനുള്ള സുപ്രധാനമായ പടവുമാണ്. രാജ്യത്ത് വീടില്ലാത്തവരില്‍ പ്രതീക്ഷകള്‍ വീണ്ടും ഉയര്‍ത്തുന്ന നിമിഷവും കൂടിയാണ് ഈ പരിപാടി. ആര്‍ക്കൊക്കെ വീടുകളില്ലയോ ഒരുദിവസം അവര്‍ക്കൊക്കെ അവരുടെ സ്വന്തം ഭവനങ്ങള്‍ ലഭിക്കും അവരുടെ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കപ്പെടും.
സുഹൃത്തുക്കളെ, ശരിയായ ഉദ്ദേശത്തോടെ ആവിഷ്‌ക്കരിക്കുന്ന ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പിലാകുക മാത്രമല്ല, അവ അവരുടെ ഗുണഭോക്താക്കളില്‍ എത്തിച്ചേരുമെന്നുമുള്ള ഒരു വിശ്വാസം കോടിക്കണക്കിന് ദേശവാസികളില്‍ ഇന്ന് ശക്തിപ്പെടുന്നുണ്ട്. ഞാന്‍ ആശയവിനിമയം നടത്തിയവരിലും എനിക്ക് സ്‌ക്രീനില്‍ കാണാന്‍ കഴിയുന്ന സുഹൃത്തുക്കളില്‍ നിന്നും എനിക്ക് അവരിലെ സംതൃപ്തിയും ആത്മവിശ്വാസവും മനസിലാക്കാനാകുന്നുണ്ട്. ഈ വീടുകള്‍ നിങ്ങളുടെ മികച്ച ഭാവിക്ക് വേണ്ടിയുള്ള അടിത്തറയാണെന്നാണ് എല്ലാ സുഹൃത്തുക്കളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഇവിടെ മുതല്‍ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ തുടക്കം കുറിയ്ക്കുകയാണ്. നിങ്ങളുടെ കുട്ടികളേയും കുടുംബങ്ങളേയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക. നിങ്ങള്‍ മുന്നോട്ടുപോകുകയാണെങ്കില്‍ രാജ്യവും മുന്നോട്ടു തന്നെ പോകും.
സുഹൃത്തുക്കളെ, കൊറോണകാലത്തെ വെല്ലുവിളികള്‍ ഉണ്ടായിരിക്കുമ്പോഴും രാജ്യത്താകമാനം 18 ലക്ഷം വീടുകള്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ പണിതു. അതില്‍ 1.75 ലക്ഷം ഭവനങ്ങള്‍ മദ്ധ്യപ്രദേശില്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നതും. ഈ പ്രവര്‍ത്തി നടത്തിയ വേഗതയും അതിന്റേതായ ഒരു റെക്കാര്‍ഡാണ്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ശരാശരി 125 ദിവസമാണ് എടുക്കുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് രാജ്യത്തിനും നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള സകാരാത്മകമായ ഒരു വാര്‍ത്തയാണ്. ഈ കൊറോണ കാലത്ത് 125 ദിവസത്തിന് പകരം 45-60 ദിവസങ്ങള്‍ കൊണ്ടാണ് പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലെ വീടുകള്‍ നിര്‍മ്മിച്ചത്. പ്രതികൂലാവസ്ഥയെ അവസരമാക്കി മാറ്റുന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്. ഇത് എങ്ങനെ സാദ്ധ്യമായെന്ന് നിങ്ങള്‍ ചിന്തിക്കും. 125 ദിവസത്തിന് പകരം എങ്ങനെയാണ് 40-60 ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുക?
സുഹൃത്തുക്കളെ, നഗരങ്ങളില്‍ നിന്നും മടങ്ങിവന്ന നമ്മുടെ കുടിയേറ്റ് സുഹൃത്തുക്കളാണ് ഇത് സാദ്ധ്യമാക്കിയത്. അവര്‍ക്ക് വൈദഗ്ധ്യമുണ്ട്, ഇച്ഛാശക്തിയുണ്ട്, അവര്‍ അതിനെ യോജിപ്പിച്ചു ഇത് അതിന്റെ ഫലമാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്റെ മുഴുവന്‍ നേട്ടങ്ങളും എടുത്തുകൊണ്ട് ഈ സുഹൃത്തുക്കള്‍ തങ്ങളുടെ കുടുംബങ്ങളെ പരിരക്ഷിക്കുകയും ഒപ്പം അവരുടെ പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്ക് വീടുകള്‍ പണിയുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഏകദേശം 23,000 കോടി രൂപ വരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അഭിയാന്റെ പദ്ധതികള്‍ മദ്ധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തിലെ നിരവധി സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായിയെന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഈ പദ്ധതിക്ക് കീഴില്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടി വീടുകള്‍ പണിതു, ഓരോ വീടിലേയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍, അംഗണവാടികള്‍ക്കും പഞ്ചായത്തുകള്‍ക്കും വേണ്ട കെട്ടിടങ്ങളുടെ നിര്‍മ്മാണം, കാലിതൊഴുത്ത്, കുളങ്ങള്‍, കിണറുകള്‍, ഗ്രാമീണറോഡുകള്‍ തുടങ്ങി ഗ്രാമങ്ങളിലെ മറ്റ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ അതിവഗം പൂര്‍ത്തിയാകുകയാണ്. അവിടെ രണ്ടു നേട്ടങ്ങളാണുള്ളത്. നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റ സുഹൃത്തുക്കള്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നതാണ് ഒന്ന്. ഇഷ്ടിക, സിമെന്റ്, മണല്‍, മറ്റ് നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ വിറ്റിരുന്നവര്‍ക്ക് വലിയ വില്‍പ്പന രേഖപ്പെടുത്തി. ഒരുതരത്തില്‍ ഈ ബുദ്ധിമുട്ടേറിയ കാലത്ത് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഒരു വലിയ സഹായമായി. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ ഏറ്റെടുത്തിരുന്ന നിരവധി പദ്ധതികള്‍ക്കും ഇത് വളരെയധികം ഗുണകരമായി.
മുമ്പും ഗവണ്‍മെന്റ് പദ്ധതികളുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചിരുന്നു, ഇപ്പോള്‍ എന്ത് വ്യത്യാസമാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് പലപ്പോഴും ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. പാവപ്പെട്ടവര്‍ക്ക് വീടുകള്‍ വച്ചുനല്‍കുന്നതിനുള്ള നിരവധി പദ്ധതികള്‍ പതിറ്റാണ്ടുകളായി രാജ്യത്ത് നടന്നുവന്നിരുന്നുവെന്നത് വസ്തുതയാണ്. അതിനേക്കാള്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ പതിറ്റാണ്ടില്‍ തന്നെ ഈ പ്രവര്‍ത്തികള്‍ സമൂഹവികസന പരിപാടിക്ക് കീഴില്‍ ആരംഭിച്ചിരുന്നു. അതിന്‌ശേഷം ഓരോ 10-15 വര്‍ഷത്തിലും നിരവധി മാറ്റങ്ങള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയിരുന്നു, അതിന്റെ പേര് തന്നെ മാറി. എന്നാല്‍ അഭിമാനാര്‍ഹമായ ഒരു ജീവിതം നല്‍കുക, കോടിക്കണക്കിന് പാവങ്ങള്‍ക്ക് പാര്‍പ്പിടം നല്‍കുക എന്ന ലക്ഷ്യം ഒരിക്കലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഈ പദ്ധതികളിലെ വല്ലാത്ത ഗവണ്‍മെന്റ് ഇടപെടലുകളായിരുന്നു ഇതിന് കാരണം. ഭവനപദ്ധതികളുമായി ബന്ധപ്പെട്ട ഏത് തീരുമാനങ്ങളും ഗവണ്‍മെന്റാണ് എടുത്തിരുന്നത്, അതും ഡല്‍ഹിയിലിരുന്ന്. ആ വീടുകളില്‍ താമസിക്കേണ്ട ആളുകള്‍ക്ക് തീരുമാനത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല.
നഗരങ്ങളുടെ മാതൃകയില്‍ ഗോത്രമേഖലയില കോളനി സമ്പ്രദായം ഏര്‍പ്പെടുത്താനും നഗരങ്ങള്‍ പോലുള്ള വീടുകള്‍ നിര്‍മ്മിക്കാനും ഒരു ശ്രമം നടന്നിരുന്നു. എന്നാല്‍ നമ്മുടെ ആദിവാസി സഹോദരങ്ങളുടെ ജീവിതശൈലി നഗരങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവരുടെ ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍, സര്‍ക്കാര്‍ നിര്‍മ്മിച്ച വീടുകളിലെ ഊഷ്മളത അവര്‍ക്ക് അനുഭവപ്പെട്ടില്ല. മാത്രമല്ല, ആ പദ്ധതികളില്‍ സുതാര്യതയുടെ അഭാവം ഉണ്ടായിരുന്നു, ധാരാളം അപാകതകള്‍. വിശദമായി പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, ആ വീടുകളുടെ ഗുണനിലവാരം മോശമായിരുന്നു. ഇതിനുപുറമെ, വൈദ്യുതിയുടെയും വെള്ളത്തിന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട സ്ഥിതിയുണ്ടായിരുന്നു. അതിന്റെ ഫലമായി ആ പദ്ധതികള്‍ക്ക് കീഴില്‍ നിര്‍മ്മിച്ച വീടുകളിലേക്കു ജനങ്ങള്‍ പെട്ടെന്ന് മാറില്ല.
സുഹൃത്തുക്കളേ, ഞങ്ങള്‍ 2014 ല്‍ അധികാരമേറ്റപ്പോള്‍ മുന്‍കാല അനുഭവങ്ങള്‍ വിശകലനം ചെയ്യുകയും മുമ്പത്തെ സ്‌കീം പരിഷ്‌കരിക്കുകയും തുടര്‍ന്ന് പുതിയ മനോഭാവത്തോടെ പ്രധാന്‍ മന്ത്രി ആവാസ് യോജന എന്ന ഒരു പുതിയ സ്‌കീം ആരംഭിക്കുകയും ചെയ്തു. ഗുണഭോക്താവിനെ തിരഞ്ഞെടുക്കുന്നതു മുതല്‍ വീടുകള്‍ കൈമാറുന്നതുവരെ സുതാര്യതയ്ക്ക് മുന്‍ഗണന നല്‍കി. നേരത്തെ, ദരിദ്രര്‍ സര്‍ക്കാരിന്റെ പിറകേ നടക്കുമായിരുന്നു. ശുപാര്‍ശയ്ക്കായി ആളുകളെ അന്വേഷിക്കുമായിരുന്നു. ഇന്ന്, ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ്. ദരിദ്രരെ അന്വേഷിച്ച് അവര്‍ക്ക് സൗകര്യമൊരുക്കണം. തിരഞ്ഞെടുപ്പ് മുതല്‍ നിര്‍മ്മാണം വരെ ശാസ്ത്രീയവും സുതാര്യവുമായ രീതികള്‍ സ്വീകരിക്കുന്നു. മാത്രമല്ല, സാമഗ്രികള്‍ മുതല്‍ നിര്‍മ്മാണം വരെ പ്രാദേശികമായി ലഭ്യമായ സാധനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. വീടുകളുടെ രൂപകല്‍പ്പനയും പ്രാദേശിക ആവശ്യങ്ങള്‍ക്കും ശൈലിക്കും അനുസരിച്ച് തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ പൂര്‍ണ്ണ സുതാര്യതയോടെ, ഒരു വീട് പണിയുന്നതിന്റെ ഓരോ ഘട്ടവും നിരീക്ഷിച്ച് ഗുണഭോക്താവ് തന്നെ വീട് നിര്‍മ്മിക്കുന്നു. വീടിന്റെ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍, വീടിന്റെ ഗഡു അവന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. ഇപ്പോള്‍, ആരെങ്കിലും തട്ടിപ്പു കാണിച്ചാല്‍ അവരെ പിടിക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ട്.
സുഹൃത്തുക്കളേ, പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ തിളക്കമാര്‍ന്ന സ്വഭാവമാണ്. മഴവില്ലിന് വ്യത്യസ്ത നിറങ്ങളുള്ളതുപോലെ, പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള വീടുകള്‍ക്കും അവരുടേതായ നിറങ്ങളുണ്ട്. ഇപ്പോള്‍ ദരിദ്രര്‍ക്ക് ഒരു വീട് മാത്രമല്ല, ഒരു വീടിനൊപ്പം ഒരു ടോയ്ലറ്റും, ഉജ്ജ്വല്‍ ഗ്യാസ് കണക്ഷനും, സൗഭാഗ്യ പദ്ധതിയുടെ കീഴില്‍ വൈദ്യുതി കണക്ഷനും, എല്‍ഇഡി ബള്‍ബും, വാട്ടര്‍ കണക്ഷനും, ഒരു വീടിനൊപ്പം എല്ലാമുണ്ട്. അതായത്, പ്രധാനമന്ത്രി ആവാസ് യോജനയുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താവിന് നിരവധി പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നു. അതു വീണ്ടും വിപുലീകരിക്കുന്നതിനും മറ്റ് 27 പദ്ധതികളെ പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധിപ്പിക്കുന്നതിനും ശിവരാജ് ജി സര്‍ക്കാരിനെ ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ദരിദ്രര്‍ക്ക് പ്രധാന്‍ മന്ത്രി ആവാസ് യോജന ആയാലും സ്വച്ഛ് ഭാരത് അഭിയാന്റെ കീഴിലുള്ള ടോയ്ലറ്റുകളായാലും സൗകര്യം ലഭിക്കുന്നുണ്ട്, എന്നാല്‍ ഇവയും തൊഴില്‍, ശാക്തീകരണത്തിനുള്ള വലിയ മാര്‍ഗങ്ങളാണ്. നമ്മുടെ ഗ്രാമീണ സഹോദരിമാരുടെ ജീവിതത്തെ പ്രത്യേകിച്ച് പരിവര്‍ത്തനം ചെയ്യുന്നതിലും ഈ പദ്ധതികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ നിര്‍മ്മിച്ച വീടുകള്‍ കൂടുതലും സ്ത്രീ കളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അല്ലെങ്കില്‍ സംയുക്തമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അതേസമയം, ധാരാളം സ്ത്രീത്തൊഴിലാളികള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മധ്യപ്രദേശില്‍ മാത്രം 50,000 ത്തിലധികം കല്‍പ്പണിക്കാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്, ഇതില്‍ 9,000 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇത് നമ്മുടെ സഹോദരിമാരുടെ വരുമാനത്തിലും ആത്മവിശ്വാസത്തിലും വര്‍ദ്ധനവിന് കാരണമാകുന്നു.
സുഹൃത്തുക്കളേ, ദരിദ്രരുടെ വരുമാനവും ആത്മവിശ്വാസവും വളരുമ്പോള്‍, അത് സ്വാശ്രയ ഇന്ത്യക്കുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. ഈ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനായി ഗ്രാമങ്ങളില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നു. ടോയ്ലറ്റുകള്‍, ഗ്യാസ്, വൈദ്യുതി, റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ ഗ്രാമങ്ങളിലേക്ക് ലഭ്യമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഈ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സൗകര്യങ്ങളും ഉപയോഗിച്ച് ഗ്രാമങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. അടുത്ത ആയിരം ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തോളം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുമെന്ന് ഞാന്‍ ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നിന്ന് പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2.5 ലക്ഷം പഞ്ചായത്തുകള്‍ക്ക് ഫൈബര്‍ കേബിള്‍ നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്, ഇപ്പോള്‍ എല്ലാ ഗ്രാമങ്ങളെയും ഉള്‍ക്കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
ഈ കൊറോണ കാലഘട്ടത്തില്‍ പോലും പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ റോ സ്ഗര്‍ അഭിയാന്റെ കീഴില്‍ ഈ പ്രവര്‍ത്തനം അതിവേഗം പുരോഗമിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തെ 116 ജില്ലകളില്‍ 5,000 കിലോമീറ്ററിലധികം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി, 1,250 പഞ്ചാത്തുകളില്‍ 15,000 ത്തോളം വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകളും 19,000 ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷനുകളും നല്‍കി. മധ്യപ്രദേശിലെ തിരഞ്ഞെടുത്ത ജില്ലകളില്‍ 1,300 കിലോമീറ്ററിലധികം ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചിട്ടുണ്ട്. കൊറോണ കാലഘട്ടത്തില്‍, ഈ പ്രതിസന്ധിയുടെ നടുവിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇത്രയും വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് ഇത് സംഭവിച്ചത്. ഒപ്റ്റിക്കല്‍ ഫൈബര്‍ ഗ്രാമങ്ങളില്‍ എത്തുന്നതിനാല്‍, ശൃംഖലയുടെ പ്രശ്‌നം പരിഹരിക്കപ്പെടും. മികച്ചതും വേഗതയേറിയതുമായ ഇന്റര്‍നെറ്റ് ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ എല്ലായിടത്തും വൈ-ഫൈ ഹോട്ട്സ്‌പോട്ടുകള്‍ ഉള്ളപ്പോള്‍ ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും യഥാക്രമം വിദ്യാഭ്യാസത്തിനും വരുമാനത്തിനും മികച്ച അവസരങ്ങള്‍ ലഭിക്കും. ഗ്രാമങ്ങള്‍ വൈ-ഫൈ ഹോട്ട്സ്പോട്ടുമായി ബന്ധിപ്പിക്കുക മാത്രമല്ല, ആധുനിക പ്രവര്‍ത്തനങ്ങളുടെയും ബിസിനസിന്റെയും ഹോട്ട് സ്‌പോട്ടുകളായി മാറും.
സുഹൃത്തുക്കളേ, ഇന്ന് ഗവണ്‍മെന്റിന്റെ എല്ലാ സേവനങ്ങളും സൗകര്യങ്ങളും ഓണ്‍ലൈനാക്കിയിരിക്കുന്നതിനാല്‍ ആനുകൂല്യങ്ങളും വേഗത്തിലാകുന്നു, അഴിമതിയില്ല. ഗ്രാമത്തിലെ ജനങ്ങള്‍ നിസ്സാര ജോലികള്‍ക്കായി നഗരങ്ങളിലേക്ക് തിക്കിത്തിരക്കേണ്ടതില്ല. ഒപ്റ്റിക്കല്‍ ഫൈബര്‍ ഗ്രാമങ്ങളില്‍ എത്തുമ്പോള്‍ ഈ സേവനങ്ങളും സൗകര്യങ്ങളും കൂടുതല്‍ ത്വരിതപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പുതിയ വീട്ടില്‍ നിങ്ങള്‍ താമസിക്കുമ്പോള്‍, ഡിജിറ്റല്‍ ഇന്ത്യ അഭിയാന്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കും. ഗ്രാമത്തെയും ദരിദ്രരെയും ശാക്തീകരിക്കുന്നതിനുള്ള ഈ കാമ്പയിന്‍ കൂടുതല്‍ ത്വരിതപ്പെടുത്തും. ഈ വിശ്വാസത്തോടെ, നിങ്ങളുടെ എല്ലാ പക്കാ വീടുകള്‍ക്കും എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ആശംസകള്‍. അതേസമയം ഓര്‍ക്കുക: ഞാന്‍ ഇത് പലതവണ ആവര്‍ത്തിക്കുന്നു, നിങ്ങള്‍ ഓര്‍ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല, നിങ്ങള്‍ എന്നെ ശ്രദ്ധിക്കുകയും ചെയ്യും. മരുന്ന് ഇല്ലാത്തിടത്തോളം കാലം അലസത ഉണ്ടാകരുത്. രണ്ട് അടി ദൂരം പാലിക്കലും മാസ്‌ക് ധരിക്കലും ആവശ്യമാണ്. ഈ മന്ത്രം മറക്കരുത്. നിങ്ങളുടെ ആരോഗ്യം ഗംഭീരമായി തുടരട്ടെ!
ഈ ആഗ്രഹത്തോടെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ നന്ദി, ആശംസകള്‍.
.................
(Release ID: 1653796)
Visitor Counter : 218
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada