പ്രധാനമന്ത്രിയുടെ ഓഫീസ്‌

മധ്യപ്രദേശില്‍ പിഎംഎവൈ - ജി പദ്ധതിയിലൂടെ നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഈ മാസം 12 ന് നിര്‍വഹിക്കും;  ഗൃഹപ്രവേശ ചടങ്ങില്‍ അദ്ദേഹം സംബന്ധിക്കും

Posted On: 10 SEP 2020 5:38PM by PIB Thiruvananthpuram

 

മധ്യപ്രദേശില്‍ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (PMAY - G) പദ്ധതിയിലൂടെ നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12 ന് നിര്‍വഹിക്കുകയും വീടുകളുടെ ഗൃഹപ്രവേശന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുകയും ചെയ്യും. നിലവിലെ കോവിഡ് 19 പ്രതിസന്ധി കാലത്താണ് ഈ വീടുകളുടെയെല്ലാം നിര്‍മാണം തുടങ്ങിയതും പൂര്‍ത്തിയാക്കിയതും, മധ്യപ്രദേശ് മുഖ്യമന്ത്രിയും ചടങ്ങില്‍ സംബന്ധിക്കും. പരിപാടി ദൂരദര്‍ശന്‍ ന്യൂസ് തത്സമയം സംപ്രേഷണം ചെയ്യും.

പശ്ചാത്തലം

2016 ല്‍ നവംബര്‍ 20 നാണ് 2022 ഓടെ 'എല്ലാവര്‍ക്കും വീട്' എന്ന ആഹ്വാനത്തോടെ പി.എം.എ.വൈ.-ജി പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതുവരെ പദ്ധതിയിന്‍കീഴില്‍ 1.14 കോടി വീടുകള്‍ രാജ്യമെമ്പാടും നിര്‍മിച്ചു കഴിഞ്ഞു. മധ്യപ്രദേശില്‍ 17 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതുവരെ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു. ഇവരെല്ലാം വീടില്ലാത്തവരോ, താല്‍ക്കാലിക കൂരകളിലോ താമസിച്ചിരുന്നവരാണ്.

പദ്ധതിയിന്‍ കീഴില്‍, ഓരോ ഗുണഭോക്താവിനും 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് 1.20 ലക്ഷം രൂപ 100% ധനസഹായം നല്‍കും. പദ്ധതിയിലൂടെ നിര്‍മിച്ച കെട്ടിടങ്ങളുടെ നിര്‍മാണാവസ്ഥയുടെ വിവിധ ഘട്ടങ്ങള്‍ ജിയോടാഗ് ചെയ്ത ഫോട്ടോകളിലൂടെ പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം നാല് ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 2022 ഓടെ, 2.95 കോടി വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇതിനുപുറമേ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിന്‍ കീഴില്‍ 90/95 മനുഷ്യദിനങ്ങളുടെ തൊഴില്‍ വേതനവും സഹായമായി ലഭിക്കും. ശുചിത്വ ഭാരത ദൗത്യം ഗ്രാമീണ്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയില്‍ ഏതെങ്കിലും പദ്ധതി വഴി ശുചിമുറി നിര്‍മാണത്തിന് 12,000 രൂപയും സഹായധനം ലഭിക്കും. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ മറ്റു പദ്ധതികളുമായി സംയോജിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി ഉജ്വല പദ്ധതി വഴി പാചകവാതക കണക്ഷന്‍, വൈദ്യുതി, ജല്‍ജീവന്‍ പദ്ധതി വഴി കുടിവെള്ളം എന്നിവയും ലഭ്യമാക്കും. മധ്യപ്രദേശ് ഗവണ്‍മെന്റ്, 'സമൃദ്ധ് പര്യാവസ് അഭിയാന്‍' വഴി, സാമൂഹ്യസുരക്ഷ, പെന്‍ഷന്‍, റേഷന്‍ കാര്‍ഡ്, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന, ദേശീയ ഗ്രാമീണ ജീവിതോപാധി ദൗത്യം തുടങ്ങി 17 ഓളം പദ്ധതികളെക്കൂടി ചേര്‍ത്ത്, അധിക ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
--


(Release ID: 1653221) Visitor Counter : 191