ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ദ്രുത ആന്റിജൻ പരിശോധനകളിൽ നെഗറ്റീവ് ആയ, രോഗലക്ഷണങ്ങളുള്ള എല്ലാ കേസുകളും ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
Posted On:
10 SEP 2020 12:43PM by PIB Thiruvananthpuram
ദ്രുത ആന്റിജൻ പരിശോധനയിൽ (RAT) നെഗറ്റീവ് ആയതും രോഗലക്ഷണങ്ങളുള്ളതുമായ കേസുകളിൽ, തുടർന്ന് ആർ.റ്റി. -പി.സി.ആർ. പരിശോധന നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ ചില വലിയ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇനിപ്പറയുന്ന രണ്ട് പ്രത്യേക വിഭാഗം ആളുകളിൽ വീണ്ടും ആർ.ടി.-പി.സി.ആർ. പരിശോധന നടത്തേണ്ടതുണ്ടെന്ന് ഐ.സി.എം.ആറിൻറെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെയും മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു:
1. ദ്രുത ആന്റിജൻ പരിശോധനയിൽ (RAT) നെഗറ്റീവ് ആയതും പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളതുമായ ആളുകൾ
2. രോഗലക്ഷങ്ങളില്ലാത്തതും ദ്രുത ആന്റിജൻ പരിശോധനയിൽ (RAT) നെഗറ്റീവ് ആയതും തുടർന്ന് 2 മുതൽ 3 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകൾ.
ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐ.സി.എം.ആറും. സംയുക്തമായി എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയിട്ടുണ്ട്. കൂടാതെ, ദ്രുത ആന്റിജൻ പരിശോധനയിൽ (RAT) നെഗറ്റീവ് ആയ രോഗലക്ഷണങ്ങൾ ഉള്ളവരെ ആർ.ടി.-പി.സി.ആർ. പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്.
ദ്രുത ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയ രോഗലക്ഷണങ്ങളുള്ള കേസുകൾ പരിശോധിക്കപ്പെടാതിരുന്നാൽ അവരുടെ സമ്പർക്കത്തിലൂടെ രോഗം പടരാൻ സാധ്യതയുണ്ട്. ഇത് തടയാൻ ആർ.ടി.-പി.സി.ആർ. പരിശോധന അത്യാവശ്യമാണ്. തെറ്റായ നെഗറ്റീവ് പരിശോധനാ ഫലങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ക്വാറന്റ്റീൻ ചെയ്യുന്നതിനും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഇത് സഹായിക്കും. വ്യാപകമായ പരിശോധനയ്ക്കും പരിശോധന വർദ്ധിപ്പിക്കുന്നതിനും ദ്രുത ആന്റിജൻ പരിശോധനകൾ ഉപയോഗിക്കുമ്പോൾ തന്നെ കോവിഡ് പരിശോധകളുടെ സുവർണ്ണ നിലവാരമായി ആർ.റ്റി.-പി.സി.ആർ. തുടരുന്നുവെന്നും സംയുക്ത കത്തിൽ ആവർത്തിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി എല്ലാ ജില്ലകളിലും സംസ്ഥാനതലത്തിലും അടിയന്തിരമായി ഒരു നിരീക്ഷണ സംവിധാനം (ഇതിനായി നിയുക്തനായ ഒരു ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഒരു സംഘം) ഏർപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
***
(Release ID: 1652987)
Visitor Counter : 174
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu