ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ ഇന്ത്യ നിർണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടു

Posted On: 22 AUG 2020 12:31PM by PIB Thiruvananthpuram
പ്രതിദിന പരിശോധനകളുടെ എണ്ണം  10 ലക്ഷം കടന്നു.

കോവിഡ് -19 പരിശോധനകൾ ക്രമാനുഗതമായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് പ്രതിദിന പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയർത്തി ഇന്ത്യയിന്ന്  കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യം നടത്തിയ  ഒരു ദശലക്ഷം പരിശോധനകൾ കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകളുടെയും നിശ്ചയദാർഢ്യത്തിന്റെയും  കേന്ദ്രീകൃതവും ഏകോപിതവുമായ ശ്രമങ്ങളുടെയും  ഫലമാണ്. ഇന്നലെ 10,23,836 പരിശോധനകൾ പൂർത്തിയാക്കിയതോടെ പ്രതിദിനം 10 ലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള  ശേഷി  ഇന്ത്യ കൈവരിച്ചു.

ഈ നേട്ടം കൈവരിച്ചതോടെ ആകെ പരിശോധനകളുടെ എണ്ണം  3.4 കോടി കടന്നു (3,44,91,073).


പ്രതിദിന പരിശോധനകളുടെ എണ്ണം കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി കാണാം.കോവിഡ് -19 പരിശോധനയുടെ കാര്യത്തിൽ രാജ്യമെമ്പാടുമുണ്ടായിരിക്കുന്ന പുരോഗതിയുടെ ശക്തമായ ചിത്രീകരണമാണ്, കഴിഞ്ഞ മൂന്നാഴ്ചത്തെ ശരാശരി പ്രതിദിന പരിശോധനകളിലുണ്ടായിരിക്കുന്ന വർദ്ധന.

പരിശോധനയുടെ കാര്യത്തിൽ ഉത്സാഹത്തോടെ മുന്നോട്ട് പോയ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ‌ നിന്നുള്ള  റിപ്പോർ‌ട്ടുകൾ കാണിക്കുന്നത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ‌ ഗണ്യമായ കുറവുണ്ടായി എന്നാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത്  തുടക്കത്തിൽ പോസിറ്റിവിറ്റി നിരക്ക് വർദ്ധിപ്പിക്കുമെങ്കിലും വേഗത്തിലുള്ള ക്വാറന്റൈൻ, കാര്യക്ഷമമായ ട്രാക്കിംഗ്, സമയോചിതവും ഫലപ്രദവുമായ ക്ലിനിക്കൽ മാനേജുമെന്റ് എന്നീ നടപടികൾ  സ്വീകരിക്കുന്നതോടെ പോസിറ്റിവിറ്റി നിരക്ക് ക്രമേണ കുറയും.

 പരിശോധനാ ശേഷി മെച്ചപ്പെടുത്തിയതിനോടൊപ്പം , കേന്ദ്രത്തിന്റെയും സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളുടെയും നയപരമായ തീരുമാനങ്ങളും  രാജ്യത്തുടനീളം പരിശോധനകൾ ഗണ്യമായി വർധിപ്പിക്കുന്നതിന്  സഹായിച്ചിട്ടുണ്ട്. ഈ നടപടികൾ പ്രതിദിന പരിശോധനാശേഷി വർദ്ധിപ്പിച്ചു.

പരിശോധനാ ലാബുകളുടെ മെച്ചപ്പെട്ട ശൃംഖലയും  ഈ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചു. സർക്കാർ മേഖലയിലെ 983 ലാബുകളും സ്വകാര്യ മേഖലയിലെ  528 ലാബുകളും ഉൾപ്പടെ 1511 ലാബുകളുടെ ശക്തമായ ശൃംഖലയാണ് ഇന്ന് രാജ്യത്തുള്ളത്.

ലാബുകൾ സംബന്ധിച്ച വിശദവിവരങ്ങൾ

തത്സമയ ആർ.ടി.പി.സി.ആർ പരിശോധനാ ലാബുകൾ:778
 (സർക്കാർ ലാബുകൾ: 458 , സ്വകാര്യ ലാബുകൾ: 320)

ട്രൂനാറ്റ് പരിശോധനാ ലാബുകൾ: 615
(സർക്കാർ ലാബുകൾ: 491 സർക്കാർ ലാബുകൾ: 124)

സി.ബി.എൻ.എ.എ.റ്റി പരിശോധനാ ലാബുകൾ: 118
(സർക്കാർ ലാബുകൾ: 34 സ്വകാര്യ ലാബുകൾ: 84)

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ‌, മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌, ഉപദേശങ്ങൾ‌ എന്നിവയ്ക്കും  ആധികാരികവും സമഗ്രവുമായ  വിവരങ്ങൾ‌ക്കും ദയവായി https://www.mohfw.gov.in/, oMoHFW_INDIA. എന്ന വെബ്സൈറ്റ് പതിവായി സന്ദർശിക്കുക:

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾക്ക് ‌ technicalquery.covid19[at]gov[dot]in ലും മറ്റ് സംശയങ്ങൾക്ക് ncov2019[at]gov[dot]in, ovCovidIndiaSeva എന്നിവയിലും ബന്ധപ്പെടാം.

കോവിഡ് -19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ദയവായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക: 91-11-23978046 അല്ലെങ്കിൽ 1075

സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് -19  ഹെൽപ്പ്ലൈൻ നമ്പറുകളുടെ പട്ടിക https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf - ൽ ലഭ്യമാണ്.


(Release ID: 1647898) Visitor Counter : 228