പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം(RSK) പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Posted On: 07 AUG 2020 12:16PM by PIB Thiruvananthpuram

 

 സ്വച്ഛ് ഭാരത് മിഷന്റെ  ഭാഗമായുള്ള രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം,  പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. 2017 ഏപ്രിൽ 10 നാണ്  ഗാന്ധിജിയുടെ  ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷിക ചടങ്ങിനോടനുബന്ധിച്ച്,  മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായി രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രത്തെ കുറിച്ച് ആദ്യമായി   പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 
രാഷ്ട്രീയ സ്വച്ഛത  കേന്ദ്രത്തിലെ  ഇൻസ്റ്റലേഷനു കൾ,  ലോകത്തെ ഏറ്റവും വലിയ പെരുമാറ്റ പരിവർത്തന പ്രചാരണ പരിപാടിയായ ശുചിത്വഭാരത മിഷന്റെ വിജയകരമായ യാത്ര, വരും തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കും. ശുചിത്വ സംബന്ധമായ വിഷയങ്ങളിൽ വിവരം,  ബോധവൽക്കരണം,  വിദ്യാഭ്യാസം എന്നിവ നൽകുന്നതിന് ഡിജിറ്റൽ,  ഔട്ട്ഡോർ ഇൻസ്റ്റലേഷനുകൾ സഹായിക്കും. ഒന്നാമത്തെ ഹാളിൽ ശുചിത്വ പ്രചാരണ പരിപാടിയെപറ്റി വിവരിക്കുന്ന ദൃശ്യശ്രാവ്യ പ്രദർശനം 360 ഡിഗ്രിയിൽ കാണാം. ഗാന്ധിജിയുടെ സ്വച്ഛഭാരത് ലക്ഷ്യത്തിലേക്കുള്ള വിവിധ പ്രവർത്തനങ്ങൾ വിശദമാക്കുന്ന എൽഇഡി പാനലുകളുടെ നിര,  ഹോളോഗ്രാം ബോക്സുകൾ, സമ്പർക്ക പ്രദമായ ഗെയിമുകൾ തുടങ്ങിയവയാണ് രണ്ടാമത്തെ പ്രദർശന മുറിയിൽ ഉള്ളത്. രാഷ്ട്രീയ സ്വച്ഛത കേന്ദ്രത്തിനു സമീപമായുള്ള തുറസ്സായ പുൽത്തകിടിയിൽ ഒരുക്കിയിരിക്കുന്ന മൂന്നു പ്രദർശനങ്ങൾ സത്യാഗ്രഹത്തിൽ നിന്നും സ്വച്ഛഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ആഖ്യാനമാണ്. പദ്ധതിയുടെ വിജയത്തെ പറ്റിയുള്ള നാൾ വഴികൾ, കേന്ദ്രത്തിലെ  ചുവർ ചിത്രങ്ങളിൽ കാണാം.  

കേന്ദ്രം   സന്ദർശിച്ച ശേഷം പ്രധാനമന്ത്രി രാജ്യത്തെ 36 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് കൊണ്ട്  ഡൽഹിയിൽ നിന്നുള്ള 36 സ്കൂൾ വിദ്യാർത്ഥികളോട് കേന്ദ്രത്തിലെ  ആംഫി തിയേറ്ററിൽ  സംവദിക്കും.   സാമൂഹിക അകലം പ്രോട്ടോകോൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കും സംവാദം നടക്കുന്നത്. അതിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.

 ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ  ശുചിത്വ ശീലങ്ങൾ നിർണായക മാറ്റം വരുത്താൻ സ്വച്ഛഭാരത് പദ്ധതിയിലൂടെ സാധിച്ചു. 55 കോടിയോളം പേരെ വെളിയിട വിസർജന ശീലത്തിൽ നിന്നും ശുചിമുറികളുടെ ഉപയോഗത്തിലേക്ക് മാറ്റി. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഏറെ പ്രശംസ ലഭിച്ച മാതൃകയാണിത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 'ഓ ഡി എഫി'ൽ നിന്നും 'ഓ ഡി  എഫ്  പ്ലസ്‌' ലേക്കുള്ള  മാറ്റമാണ് വിഭാവനം ചെയ്യുന്നത്. ഇന്ത്യൻ ഗ്രാമങ്ങളെ  വെളിയിട വിസർജന  രഹിതമാക്കി  തുടർന്നുകൊണ്ട് പോകുന്നതോടൊപ്പം എല്ലാവർക്കും ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തുകയാണ് രണ്ടാം  ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

***



(Release ID: 1647700) Visitor Counter : 241