പരിസ്ഥിതി, വനം മന്ത്രാലയം

അന്താരാഷ്ട്ര കടുവാ ദിനാചരണത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രി കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കി

Posted On: 28 JUL 2020 1:38PM by PIB Thiruvananthpuram


കടുവാ സംരക്ഷണത്തില്‍ ഇന്ത്യയുടേത് നേതൃപരമായ പങ്ക്; ഇന്ത്യ നടപ്പിലാക്കിയ മികച്ച  മാതൃകകള്‍ ടൈഗര്‍ റേഞ്ച്  രാജ്യങ്ങളുമായി പങ്കുവെക്കും- ശ്രീ. പ്രകാശ് ജാവദേക്കര്‍


ന്യൂഡല്‍ഹി, 28 ജൂലൈ 2020

അന്താരാഷ്ട്ര കടുവാ ദിനാചരണത്തിനു മുന്നോടിയായി  കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ കടുവ സെന്‍സസിനെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് പുറത്തിറക്കി. ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 70 ശതമാനവും ഇന്ത്യയിലാണെന്നത് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കടുവാ സംരക്ഷണത്തിന്റെ കാര്യത്തില്‍ നേതൃപരമായ പങ്കു വഹിക്കുന്ന ഇന്ത്യ കടുവകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് 13 ടൈഗര്‍ റേഞ്ച് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ശ്രീ. ജാവദേക്കര്‍ പറഞ്ഞു.

വന്യമൃഗങ്ങള്‍ക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തുടക്കം കുറിക്കുമെന്നും ശ്രീ. പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയാനും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ലിഡാര്‍(ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിംഗ്) അധിഷ്ഠിത സര്‍വേ സാങ്കേതിക വിദ്യ ഇതിനായി പ്രയോജനപ്പെടുത്തും. ആദ്യമായാണ് ഈ സംവിധാനം വന്യമൃഗങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ വികസിപ്പിച്ച 'കണ്‍സര്‍വേഷന്‍ അഷ്വേഡ് | ടൈഗര്‍ സ്റ്റാന്‍ഡേര്‍ഡ്സ് (സിഎ|ടിഎസ്)' ഫ്രെയിംവര്‍ക്ക് രാജ്യത്തുടനീളമുള്ള അമ്പത് കടുവ സംരക്ഷണ കേന്ദ്രങ്ങളില്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കടുവകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമാണെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ശ്രീ. ബാബുല്‍ സുപ്രിയോ പറഞ്ഞു.

കടുവകളുടെ വാസമേഖലകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന സെന്‍സസ് റിപ്പോര്‍ട്ട് പ്രത്യേക സംരക്ഷണം വേണ്ട മേഖലകളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഈ ലിങ്കില്‍ ലഭ്യമാണ്: https://projecttiger.nic.in/WriteReadData/PublicationFile/Tiger%20Status%20Report%202018_For%20Web_compressed_compressed.pdf
***
 



(Release ID: 1641798) Visitor Counter : 238