പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊല്‍ക്കത്തയിലും മുംബൈയിലും നോയ്ഡയിലും 'ഹൈ ത്രൂപുട്ട്' കോവിഡ് പരിശോധന സംവിധാനങ്ങള്‍ക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു

Posted On: 27 JUL 2020 5:56PM by PIB Thiruvananthpuram


രാജ്യത്ത് ദിനംപ്രതി നടത്തുന്നത് 5 ലക്ഷത്തിലധികം പരിശോധനകള്‍; വരുന്ന ആഴ്ചങ്ങളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയില്‍ ഇപ്പോള്‍ 11,000 ത്തിലധികം കോവിഡ് കേന്ദ്രങ്ങളും  11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്: പ്രധാനമന്ത്രി

പുതിയ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം ഗ്രാമങ്ങളില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും പരാമര്‍ശിച്ച് പ്രധാനമന്ത്രി

സൗകര്യങ്ങള്‍ സജ്ജമാക്കിയതിനു പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞ മുഖ്യമന്ത്രിമാര്‍ പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു


ന്യൂഡല്‍ഹി, 27 ജൂലൈ 2020

രാജ്യത്ത് മൂന്നിടങ്ങളിലെ ഹൈ ത്രൂപുട്ട് കോവിഡ് പരിശോധനാ സംവിധാനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തുടക്കം കുറിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) കൊല്‍ക്കത്ത, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ്  ഈ സംവിധാനങ്ങള്‍.

ഈ അത്യാധുനിക ഹൈടെക് പരിശോധനാ സംവിധാനം മൂന്ന് നഗരങ്ങളിലും ഓരോ ദിവസത്തെയും പരിശോധനാ ശേഷി പതിനായിരത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നത് രോഗം നേരത്തേ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും സഹായിക്കും. അതു വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിനു കരുത്തേകും. ഈ ലാബുകള്‍ കോവിഡ് പരിശോധനയ്ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും ഭാവിയില്‍ ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി, ഡെങ്കി, മറ്റ് നിരവധി രോഗങ്ങള്‍ എന്നിവയുടെ പരിശോധനയ്ക്കും ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തക്കസമയത്തെടുത്ത തീരുമാനങ്ങള്‍

ശരിയായ സമയത്ത് ഗവണ്‍മെന്റ്  എടുത്ത തീരുമാനങ്ങള്‍ കാരണം കോവിഡ് മരണനിരക്കില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച സ്ഥാനത്താണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി അടിവരയിട്ടുപറഞ്ഞു. രോഗമുക്തിനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. ഇത് ദിനംപ്രതി മെച്ചപ്പെടുന്നുമുണ്ട്. വൈറസ് മുക്തരായവരുടെ ആകെ എണ്ണം 10 ലക്ഷത്തിലെത്താറായി.

കൊറോണ ചികിത്സയ്ക്കായുള്ള നിര്‍ദിഷ്ട ആരോഗ്യസംവിധാനം

കൊറോണ ചികിത്സയ്ക്കായുള്ള പ്രത്യേക ആരോഗ്യ സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ വികസിപ്പിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പോരാട്ടത്തിന്റെ ആരംഭത്തില്‍ത്തന്നെ 15,000 കോടി രൂപയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ 11,000ത്തിലധകം കോവിഡ് ചികിത്സകേന്ദ്രങ്ങളും 11 ലക്ഷത്തിലധികം ഐസൊലേഷന്‍ കിടക്കകളുമുണ്ട്.

ജനുവരിയില്‍ രാജ്യത്ത് ഒരു കോവിഡ് പരിശോധനാകേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ അത്തരത്തില്‍ 1300ഓളം ലാബുകളാണുള്ളത്. നിലവില്‍ രാജ്യത്ത് പ്രതിദിനം 5 ലക്ഷത്തിലധികം പരിശോധനകള്‍ നടക്കുന്നുവെന്നും വരുന്ന ആഴ്ചകളില്‍ ഇത് 10 ലക്ഷമായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിപിഇ കിറ്റുകളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. ആറുമാസം മുമ്പ് പിപിഇ കിറ്റ് ഉല്‍പ്പാദനത്തിന് ഒരു കേന്ദ്രം പോലും ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് രാജ്യം ഏറെ മുന്നോട്ടുപോയി. ഇപ്പോള്‍ 1200ല്‍ അധികം നിര്‍മ്മാതാക്കളാണുള്ളത്. അവര്‍ ദിവസേന 5 ലക്ഷത്തിലധികം കിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഘട്ടത്തില്‍ നിന്ന് ഇപ്പോള്‍ രാജ്യത്ത് ദിവസേന 3 ലക്ഷത്തിലധികം എന്‍-95 മാസ്‌കുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന നിലയായി. വെന്റിലേറ്ററുകളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 3 ലക്ഷമായി മാറി. ചികിത്സാവശ്യത്തിനുള്ള ഓക്സിജന്‍ സിലിണ്ടര്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. ഇത് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു എന്നു മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ നിന്ന് ഇന്ത്യയെ കയറ്റുമതിക്കാരാക്കി മാറ്റുകയും ചെയ്തു.

ഗ്രാമീണ മേഖലയിലെ വ്യാപനം തടയാനുള്ള ശ്രമങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പുതിയ ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു.

മാനവ വിഭവശേഷി വര്‍ധിപ്പിക്കല്‍

ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിനുപുറമെ, പകര്‍ച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുള്‍പ്പെടെ, മാനവ വിഭവശേഷി അതിവേഗം വളര്‍ത്തിയെടുക്കാനും രാജ്യത്തിനു കഴിഞ്ഞെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ കൊറോണ പോരാളികള്‍ക്കു തളര്‍ച്ചയുണ്ടാകാതിരിക്കാന്‍ പുതിയ ആള്‍ക്കാരെയും വിരമിച്ച ആരോഗ്യ വിദഗ്ധരെയും ആരോഗ്യ സംവിധാനവുമായി നിരന്തരം ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.


ആഘോഷവേളകളില്‍ സുരക്ഷിതരായിരിക്കുക

വൈറസ് വ്യാപനം തടയുന്നതിനായി, വരുന്ന ആഘോഷവേളകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ആനുകൂല്യങ്ങള്‍  പാവപ്പെട്ടവരിലേയ്ക്കു യഥാസമയം എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാത്തിടത്തോളം കാലംആറടി അകലം പാലിക്കുക, മുഖാവരണം ധരിക്കുക, കൈ കഴുകുക എന്നിവയാണ് സുരക്ഷിതരായി കഴിയാനുള്ള ഉപായങ്ങള്‍.

കോവിഡ് പരിശോധനയ്ക്കായുള്ള ലാബുകള്‍ ഇപ്പോള്‍ രാജ്യത്തുടനീളമുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

മുഖ്യമന്ത്രിമാര്‍ പറഞ്ഞത്

പരിശോധനാ സംവിധാനത്തിനു തുടക്കം കുറിച്ചതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഉദ്ധവ് താക്കറെ പ്രശംസിച്ചു. മുംബൈയിലെ 'ചെയ്സ് ദ വൈറസ്' സംരംഭത്തെക്കുറിച്ചും അണുബാധ തടയുന്നതിനുള്ള സ്ഥിരം ആശുപത്രികള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സംസ്ഥാനങ്ങളോടുള്ള പ്രധാനമന്ത്രിയുടെ സഹകരണ മനോഭാവത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ശ്രീമതി മമത ബാനര്‍ജി അഭിനന്ദിച്ചു. രോഗികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍, ടെലി മെഡിസിന്‍ ഉപയോഗം,  സംസ്ഥാനത്തു നിലവിലുള്ള ചില ലാബുകളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചും അവര്‍ സംസാരിച്ചു.

വൈറസിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ അശ്രാന്ത പരിശ്രമങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് നന്ദി അറിയിച്ചു. ഇന്ന് തുടക്കം കുറിച്ച ലാബുകള്‍ പരിശോധനാസമയം ഗണ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പരിശോധനാ ശേഷി, ദിനംപ്രതിയുള്ള ആന്റിജന്‍ പരിശോധനകളുടെ എണ്ണം എന്നിവ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.


പശ്ചാത്തലം

നോയ്ഡയിലെ ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍ പ്രിവന്‍ഷന്‍ ആന്‍ഡ് റിസര്‍ച്ച്, മുംബൈയിലെ ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ഹെല്‍ത്ത്, കൊല്‍ക്കത്തയിലെ ഐസിഎംആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളറ ആന്‍ഡ് എന്ററിക് ഡിസീസസ് എന്നിവിടങ്ങളിയലായാണ് ഈ മൂന്ന് ഹൈ-ത്രൂപുട്ട് പരിശോധനാസംവിധാനം സജ്ജമാക്കിയത്. ഒരു ദിവസം പതിനായിരത്തിലധികം സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിയും. പരിശോധനാ സമയവും രോഗബാധിതരുമായുള്ള ഇടപഴകല്‍ സമയവും കുറയ്ക്കാനും ഇതിലൂടെ സാധിക്കും. മഹാമാരിക്കാലത്തിനുശേഷം കോവിഡ് ഒഴികെയുള്ള രോഗങ്ങള്‍ പരിശോധിക്കുന്നതിനും ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  ഹെപ്പറ്റൈറ്റിസ് ബിയും സിയും, എച്ച്ഐവി, മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ്, സൈറ്റോമെഗലോവൈറസ്, ക്ലമീഡിയ, നീസെറിയ, ഡെങ്കി മുതലായവ ഇവിടെ പരിശോധിക്കാനാകും.

 



(Release ID: 1641648) Visitor Counter : 259