പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.ബി.എം. സി.ഇ.ഒ. അരവിന്ദ് കൃഷ്ണയുമായി പ്രധാനമന്ത്രി സംവദിച്ചു
ആഗോളതല മല്‍സര ക്ഷമതയോടു കൂടിയതും നാശരഹിതവുമായ പ്രാദേശിക വിതരണ ശൃംഖല സാധ്യമാക്കുന്ന സ്വാശയ്ര ഇന്ത്യ എന്ന ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണെന്നു പ്രധാനമന്ത്രി

ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ പറ്റിയ അവസരം: പ്രധാനമന്ത്രി

വീട്ടിലിരുന്നു ജോലി ചെയ്യുക എന്ന സാങ്കേതികവിദ്യാ പരമായ മാറ്റം സുഗമമാണന്ന് ഉറപ്പു വരുത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധം: പ്രധാനമന്ത്രി

ചെലവുകുറഞ്ഞതും സങ്കീര്‍ണതയില്ലാത്തതുമായ, സമഗ്രവും സാങ്കേതിക വിദ്യയാലും ഡാറ്റയാലും നയിക്കപ്പെടുന്നതുമായ ആരോഗ്യ സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നു പ്രധാനമന്ത്രി

ആത്മനിര്‍ഭര്‍ ഭാരതിന്റെ വീക്ഷണത്തില്‍ ഐ.ബി.എം. സി.ഇ.ഒ. ആത്മവിശ്വാസം പ്രകടിപ്പിച്ചു

ഇന്ത്യയില്‍ ഐ.ബി.എം. നടത്താനിരിക്കുന്ന വന്‍ നിക്ഷേപ പദ്ധതികളെ കുറിച്ചു പ്രധാനമന്ത്രിയോടു വിശദീകരിച്ചു

Posted On: 20 JUL 2020 5:42PM by PIB Thiruvananthpuram

 

 


ഐ.ബി.എം. സി.ഇ.ഒ. ശ്രീ. അരവിന്ദ് കൃഷ്ണയുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയവിനിമയം നടത്തി. 
ഈ വര്‍ഷമാദ്യം ഐ.ബി.എം. ആഗോള തലവനായി ചുമതലയേറ്റ ശ്രീ. അരവിന്ദ് കൃഷ്ണയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഐ.ബി.എമ്മും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, 20 നഗരങ്ങളിലായി കമ്പനിയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ടെന്നു വ്യക്തമാക്കി. 
ബിസിനസ് സംസ്‌കരാത്തില്‍ കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വിശദീകരിക്കവേ, വീട്ടിലിരുന്നു ജോലി ചെയ്യുന്നതു വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടുവെന്നും സാങ്കേതിക വിദ്യാ പരമായ മാറ്റം സുഗമമാക്കാന്‍ അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും നിയന്ത്രണ സംവിധാനവും ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 75% ജീവനക്കാര്‍ക്കു വീട്ടില്‍നിന്നു ജോലി ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന ഐ.ബി.എമ്മിന്റെ അടുത്തിടെയുള്ള തീരുമാനവുമായി ബന്ധപ്പെട്ട, സാങ്കേതിക വിദ്യ സംബന്ധിച്ച കാര്യങ്ങളും വെല്ലുവിളികളും അദ്ദേഹം ചര്‍ച്ച ചെയ്തു. 
ഇന്ത്യയിലെ 200 വിദ്യാലയങ്ങളിലെ എ.ഐ. പാഠ്യക്രമത്തിനായി സി.ബി.എസ്.ഇയുമായി ചേര്‍ന്ന് ഐ.ബി.എം. നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. രാജ്യത്തു സാങ്കേതിക വിദ്യയോടുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നതിനായി എ.ഐ., മെഷീന്‍ ലേണിങ് തുടങ്ങിയ ആശയങ്ങളെ സംബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കു നേരത്തേ തന്നെ പഠിക്കാന്‍ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ച് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയെയും ഡാറ്റയെയും കുറിച്ചു പഠിപ്പിക്കുന്നതു ബീജഗണിതം പോലുള്ള അടിസ്ഥാന നൈപുണ്യത്തിന്റെ വിഭാഗത്തില്‍ പെടുത്തണമെന്നും താല്‍പര്യപൂര്‍വം പഠിപ്പിക്കണമെന്നും ചെറിയ ക്ലാസുകളില്‍ തന്നെ പഠിപ്പിച്ചുതുടങ്ങണമെന്നും കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യോജിച്ച സമയമാണെന്നു പ്രധാനമന്ത്രി അടിവരയിട്ടു വ്യക്തമാക്കി. സാങ്കേതിക രംഗത്തു നിക്ഷേപം നടത്തുന്നതിനെ രാഷ്ട്രം സ്വാഗതം ചെയ്യുകയും പിന്‍തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം മാന്ദ്യത്തെ നേരിടുമ്പോഴും ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കു വര്‍ധിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാശ്രയ ഇന്ത്യയെന്ന വീക്ഷണവുമായി രാജ്യം മുന്നേറുകയാണെന്നും ആഗോളതല മല്‍സര ക്ഷമതയുള്ളതും നാശരഹിതവുമായ പ്രാദേശിക വിതരണ ശൃംഖല സാധ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ബൃഹദ്പദ്ധതിയെ കുറിച്ച് ഐ.ബി.എം. സി.ഇ.ഒ. പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ആത്മനിര്‍ഭര്‍ ഭാരത് സംബന്ധിച്ച വീക്ഷണത്തില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 
ക്ഷേമം പ്രോല്‍സാഹിപ്പിക്കാനും ജനങ്ങള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനുമായി കഴിഞ്ഞ ആറു വര്‍ഷമായി ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങളെ കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ആരോഗ്യ മേഖലയില്‍ ഇന്ത്യക്കു മാത്രമായി എ.ഐ. അടിസ്ഥാനമാക്കിയുള്ള സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു. രോഗം പ്രവചിക്കാനും അവലോകനം ചെയ്യാനുമുള്ള മെച്ചപ്പെട്ട മാതൃകകള്‍ വികസിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. ചെലവു കുറഞ്ഞതും സങ്കീര്‍ണതകള്‍ ഇല്ലാത്തതുമായ, സമഗ്രവും സാങ്കേതിക വിദ്യയും ഡാറ്റയും നയിക്കുന്നതുമായ ആരോഗ്യ സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനുള്ള നീക്കത്തിലാണു രാജ്യമെന്ന് അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി. ആരോഗ്യ സംരക്ഷണം സംബന്ധിച്ച കാഴ്ചപ്പാടു സാധ്യമാക്കുന്നതിനായി ഏറെ സംഭാവനകള്‍ അര്‍പ്പിക്കാന്‍ ഐ.ബി.എമ്മിനു സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ അഭിനന്ദിച്ച ഐ.ബി.എം. സി.ഇ.ഒ., രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനായ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു. 
ഡാറ്റാ സുരക്ഷ, സൈബര്‍ ആക്രമണങ്ങള്‍, സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍, യോഗ നിമിത്തം ആരോഗ്യത്തിനുള്ള നേട്ടങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

***(Release ID: 1640198) Visitor Counter : 79