ധനകാര്യ മന്ത്രാലയം
ആത്മ നിർഭർ ഭാരത് പാക്കേജ് - ഇതുവരെയുള്ള പുരോഗതി
Posted On:
12 JUL 2020 11:51AM by PIB Thiruvananthpuram
2020 മെയ് 12 ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കോവിഡ് - 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 10% ന് തുല്യമായ 20 ലക്ഷം കോടി രൂപയാണ് ആത്മ നിർഭർ ഭാരത് അഥവാ സ്വാശ്രയ ഭാരതം സാമ്പത്തിക പാക്കേജിനായി പ്രഖ്യാപിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ 2020 മെയ് 13 മുതൽ മെയ് 17 വരെ നിരന്തരം നടത്തിയ പത്രസമ്മേളനങ്ങളിലൂടെ ആത്മനിർഭർ ഭാരത് പാക്കേജിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി.
ശ്രീമതി നിർമ്മല സീതാരാമൻ ഏറ്റവും അവസാനം നടത്തിയ അവലോകനത്തിൽ പദ്ധതി സംബന്ധിച്ച് ഇനിപ്പറയുന്ന പുരോഗതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്:
1. സർക്കാറിന്റെ 200 കോടി രൂപ വരെയുള്ള സംഭരണത്തിനായുള്ള ടെൻഡറുകളിൽ ആഗോള ടെൻഡറുകൾ അനുവദിക്കില്ല
പ്രാദേശിക സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ധനവിനിയോഗ വകുപ്പ് 2017 ലെ പൊതു ധനകാര്യ ചട്ടങ്ങളുടെ 161 (iv) ചട്ടവും, ആഗോള ടെൻഡറുകളുമായി ബന്ധപ്പെട്ട ജി.എഫ്.ആർ. നിയമങ്ങളും ഭേദഗതി ചെയ്തു.
2. കരാറുകാർക്ക് ആശ്വാസം
കേന്ദ്ര വകുപ്പുകളായ റെയിൽവേ, റോഡ് ഗതാഗത- ദേശീയപാതാ മന്ത്രാലയം, കേന്ദ്ര പി.ഡബ്ല്യു.ഡി. എന്നിവയുടെ കരാർ ബാധ്യതകൾ പൂർത്തിയാക്കുന്നതിന് 6 മാസം വരെ കാലാവധി നീട്ടി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
കരാറുകാർക്ക് യാതൊരു പിഴയും ഈടാക്കാതെ കരാർ കാലയളവ് മൂന്ന് മാസത്തിൽ കുറയാത്തതും ആറുമാസത്തിൽ കൂടാത്തതുമായ കാലയളവിലേക്ക് നീട്ടി നല്കാൻ ധനവിനിയോഗ വകുപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
3. സംസ്ഥാന സർക്കാരുകൾക്കുള്ള പിന്തുണ
2020-21 കാലയളവിൽ സംസ്ഥാനങ്ങളുടെ വായ്പാ പരിധി 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർത്താൻ തീരുമാനിച്ചതായി കേന്ദ്രധനമന്ത്രി അറിയിച്ചു. ഇത് സംസ്ഥാനങ്ങൾക്ക് 4.28 ലക്ഷം കോടി രൂപയുടെ അധിക വിഭവസമാഹരണത്തിന് അവസരം നൽകും.
4. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കായി 3 ലക്ഷം കോടി രൂപയുടെ വേഗത്തിൽ ലഭിക്കുന്ന ജാമ്യ രഹിത വായ്പാ സൗകര്യം
ബിസിനസ് സംരംഭങ്ങൾക്ക് ആശ്വാസം പകരുന്നതിനായി, 2020 ഫെബ്രുവരി 29 വരെയുള്ള കാലയളവിൽ കുടിശ്ശിക വരുത്തിയ വായ്പയുടെ 20% അധിക പ്രവർത്തന മൂലധനമായി നൽകും. 100 കോടി രൂപ വരെ വിറ്റുവരവും 25 കോടി രൂപ വരെ കുടിശ്ശികയും ഉള്ള സംരംഭങ്ങൾക്ക് പദ്ധതി ആശ്വാസമാകും. ഗ്യാരണ്ടിയോ ജാമ്യമോ നൽകേണ്ടതില്ല. തുകയ്ക്ക് 100% സർക്കാർ ഗ്യാരണ്ടി നൽകും. 45 ലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി 3 ലക്ഷം കോടി രൂപയാണ് ലഭ്യമാക്കുന്നത്.
23.05.2020 ന് തന്നെ പദ്ധതിനടത്തിപ്പിനായി ധനകാര്യ വകുപ്പ് പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും 26.05.2020 ന് എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇ.സി.എൽ.ജി.എസ്) ഫണ്ട് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
5. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കായി 45,000 കോടി രൂപയുടെ ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം 2.0
താഴ്ന്ന റേറ്റിംഗ് ഉള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ, മറ്റ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ (എം.എഫ്.ഐ.) എന്നിവയുടെ വായ്പയെടുക്കുന്നതിനുള്ള, ഭാഗിക ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (പി.സി.ജി.എസ്.) നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യും. 20 ശതമാനം വരെയുള്ള നഷ്ട സാധ്യതയ്ക്ക് പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ ഉറപ്പ് നൽകും.
പദ്ധതിയുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ 20.05.2020 ന് പുറത്തിറക്കി. 14,000 കോടി രൂപയുടെ പോർട്ട്‌ഫോളിയോ വാങ്ങാൻ ബാങ്കുകൾ അനുമതി നൽകി. 2020 ജൂലൈ 3 വരെ 6,000 കോടി രൂപയ്ക്കുള്ള അനുമതി നൽകൽ/ചർച്ചകൾ നടക്കുന്നു.
6. നബാർഡ് വഴി കർഷകർക്ക് 30,000 കോടി രൂപയുടെ അധിക അടിയന്തര പ്രവർത്തന മൂലധന സഹായം
ഗ്രാമീണ വികസന ബാങ്കുകൾ, സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് 30,000 കോടി രൂപയുടെ പ്രത്യേക റീഫിനാൻസ് സൗകര്യം കോവിഡ് -19 നോടനുബന്ധിച്ച് നബാർഡ് അനുവദിച്ചിരുന്നു. വിളവെടുപ്പിനും ഖാരിഫ് വിതയ്ക്കലിനുമുള്ള വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് 3 കോടി ചെറുകിട-നാമമാത്ര കർഷകർക്ക് പ്രയോജനം ലഭിക്കും. ഇപ്പോൾ നടന്നു വരുന്ന ഖാരിഫ് വിതയ്ക്കലിനായി വകയിരുത്തിയ 30,000 കോടി രൂപയിൽ 24,876.87 കോടി രൂപ 06.07.2020 വരെ വിതരണം ചെയ്തു കഴിഞ്ഞു.
7. ടി.ഡി.എസ്./ടി.സി.എസ്. നിരക്ക് കുറയ്ക്കുന്നതിലൂടെ 50,000 കോടി രൂപയുടെ അധിക പണലഭ്യത
2020 മെയ് 14 മുതൽ 2021 മാർച്ച് 31 വരെ നടത്തുന്ന ഇടപാടുകളുടെ നിർദ്ദിഷ്ട പണമടവുകൾക്കുള്ള ടി.ഡി.എസ്. - ടി.സി.എസ്. നിരക്കുകൾ 25 ശതമാനം കുറച്ചതായി വന്യൂ വകുപ്പ് 13.05.2020 ന് ഇറക്കിയ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
8. പ്രത്യക്ഷ നികുതി സംബന്ധിച്ച മറ്റു നടപടികൾ
ഏപ്രിൽ 8 നും ജൂൺ 30 നും ഇടയിൽ, 20.44 ലക്ഷത്തിലധികം പേർക്ക് 62,361 കോടി രൂപയുടെ റീഫണ്ടുകൾ കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് നൽകി.
2019-20 സാമ്പത്തിക വർഷത്തെ (അസസ്മെന്റ് ഇയർ 2020-21) ആദായനികുതി റിട്ടേൺ സമപ്പിക്കുന്നതിനുള്ള അവസാന തീയതിയായി വ്യക്തികൾക്ക് നിശ്ചയിച്ചിരുന്ന 2020 ജൂലൈ 31 ഉം കമ്പനികൾക്ക് നിശ്ചയിച്ചിരുന്ന 2020 ഒക്ടോബർ 31 ഉം, 2020 നവംബർ 30 വരെ നീട്ടി. നികുതി ഓഡിറ്റ് റിപ്പോർട്ട് നൽകാനുള്ള അവസാന തീയതി 2020 സെപ്റ്റംബർ 30 ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്.
9. പാപ്പരത്ത കോഡുമായി ബന്ധപ്പെട്ട നടപടികളിലൂടെ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് കൂടുതൽ മെച്ചപ്പെടുത്തുക
പാപ്പരത്ത കോഡ്, സെക്ഷൻ 4 പ്രകാരം, സ്വതവേയുള്ള പാപ്പരത്ത പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി കമ്പനി കാര്യ മന്ത്രാലയം ഉയർത്തി. കോഡിന്റെ സെക്ഷൻ 4 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണിത്.
സെക്ഷൻ 7, 9, 10 പ്രകാരമുള്ള കോർപ്പറേറ്റ് ഇൻസോൾവെൻസി റെസല്യൂഷൻ പ്രോസസ്സ് അഥവാ പാപ്പരത്ത പരിഹാര സംവിധാനം ആരംഭിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനായി ഇൻസോൾവെൻസി ആൻഡ് ബാങ്ക്റെപ്റ്റ്സി കോഡ് 2016 ന്റെ സെക്ഷൻ 10.എ ഉൾപ്പെടുത്തുന്നതിനുള്ള ഭേദഗതിക്കായി 2020 ജൂൺ 5 ന് പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി. ആറുമാസത്തേക്കോ അല്ലെങ്കിൽ തുടർന്നുള്ള കാലയളവിലേക്കോ ഒരു വർഷത്തിൽ കൂടാത്ത കാലയളവിലേക്കാണ് നീട്ടുന്നത്.
10. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ധനകാര്യ സ്ഥാപനങ്ങൾ, മ്യൂച്ച്വൽ ഫണ്ടുകൾ എന്നിവയ്ക്കായി 30,000 കോടി രൂപയുടെ പ്രത്യേക ധനലഭ്യതാ പദ്ധതി
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കായുള്ള പ്രത്യേക ധന ലഭ്യതാ പദ്ധതി കാബിനറ്റ് അംഗീകാരത്തിന് ശേഷം ആരംഭിച്ചു. ഇത് സംബന്ധിച്ച് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2020 ജൂലൈ 1 ന് റിസർവ് ബാങ്ക് സർക്കുലർ നൽകിയിട്ടുണ്ട്. എസ്.ബി.ഐ. ക്യാപ്പിന് 24 അപേക്ഷകൾ ലഭിച്ചു. 2020 ജൂലൈ 7 വരെയുള്ള കാലയളവ് പരിശോധിച്ചാൽ, 9,875 കോടി രൂപയുടെ ധനസഹായം, അനുവദിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്.
***
(Release ID: 1638146)
Visitor Counter : 1809
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu