ധനകാര്യ മന്ത്രാലയം
സാമ്പത്തിക പ്രവർത്തനങ്ങളിൽ വർദ്ധന- സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നു
Posted On:
23 JUN 2020 12:00PM by PIB Thiruvananthpuram
ജൂൺ 1 മുതൽ രാജ്യം ‘അൺലോക്ക് ഇന്ത്യ’ ഒന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ വാണിജ്യപ്രവർത്തനങ്ങളും സേവനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിച്ചു. ഏറ്റവും പരിമിതമായ നഷ്ടങ്ങൾ മാത്രം നേരിട്ടു കൊണ്ട് സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി സർക്കാരും റിസർവ് ബാങ്കും കൃത്യതയാർന്ന അടിയന്തര നയനടപടികളാണ് സ്വീകരിച്ചത്.
പ്രതിസന്ധികൾ നിലനിൽക്കെ തന്നെ വെറും 2 മാസങ്ങൾക്കുള്ളിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പി.പി.ഇ.) ഉത്പാദകരായി ഇന്ത്യ മാറിയിരിക്കുന്നു എന്ന വസ്തുതയിൽ നിന്ന് നിർമ്മാണമേഖലയിലെ ഉണർവ്വ് വ്യക്തമാണ്. വൈദ്യുതി-ഇന്ധന ഉപഭോഗം, സംസ്ഥാനങ്ങൾക്കുള്ളിലും സംസ്ഥാനങ്ങൾക്കിടയിലും ഉള്ള ചരക്കു നീക്കം, ചില്ലറ വ്യാപാര മേഖലയിലെ സാമ്പത്തിക ഇടപാടുകൾ എന്നിവയിൽ മേയ്-ജൂൺ മാസങ്ങളിൽ ഉണ്ടായ വർദ്ധന സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പച്ചത്തുരുത്തുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നതിന്റെ സൂചനയാണ്.
സാമ്പത്തിക സൂചകങ്ങൾ മെച്ചപ്പെടുന്നു
കാർഷിക മേഖല:
*സർക്കാർ ഏജൻസികൾ കർഷകരിൽ നിന്ന് ഗോതമ്പ് സംഭരിക്കുന്നത് 2012-13 കാലയളവിലെ 381.48 ലക്ഷം മെട്രിക് ടൺ മറികടന്ന് 2020 ജൂൺ 16 ന് എക്കാലത്തെയും റെക്കോർഡ് കണക്കായ 382 ലക്ഷം മെട്രിക് ടണ്ണിൽ എത്തി. 42 ലക്ഷം കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ഗോതമ്പിന് താങ്ങുവിലയായി 73,500 കോടി രൂപ നൽകി.
*ലഘു വനവിഭവങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള ‘മിനിമം സപ്പോർട്ട് പ്രൈസ് ഫോർ മൈനർ ഫോറസ്റ്റ് പ്രൊഡ്യൂസ് പദ്ധതി’ പ്രകാരം 16 സംസ്ഥാനങ്ങളിലെ ലഘു വനവിഭവ സംഭരണം റെക്കോർഡ് തുകയായ 79.42 കോടി രൂപയിലെത്തി.
*ജൂൺ 19 വരെയുള്ള കണക്കനുസരിച്ച് 13.13 ദശലക്ഷം ഹെക്ടറിൽ, ഖാരിഫ് വിളകൾ കർഷകർ വിതച്ചു കഴിഞ്ഞു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 39 ശതമാനം കൂടുതലാണ്.
*2020 മെയ് മാസത്തിൽ രാസവള വിൽപ്പന ഏകദേശം 98 ശതമാനം ഉയർന്നു (40.02 ലക്ഷം ടൺ). ഇത് കാർഷിക മേഖലയിലെ ഉണർവ്വിനെ പ്രതിഫലിപ്പിക്കുന്നു.
ഉത്പാദന മേഖല:
*ഇന്ത്യയുടെ ഉത്പാദന, സേവന മേഖലകളിലെ സാമ്പത്തിക പ്രവണതകളുടെ ദിശാ സൂചികയായ പർച്ചേസിംഗ് മാനേജർസ് ഇൻഡെക്സ് (പി.എം.ഐ.) ഏപ്രിലിൽ യഥാക്രമം 27.4, 5.4 എന്നിങ്ങനെ ആയിരുന്നത് മെയ് മാസത്തിൽ യഥാക്രമം 30.8, 12.6 എന്നിങ്ങനെയായി രേഖപ്പെടുത്തിയത് മേഖലയിലെ സങ്കോചം കുറഞ്ഞു വരുന്നതിന്റെ സൂചനയാണ്.
*വൈദ്യുതി ഉപഭോഗം ഏപ്രിലിൽ 24 ശതമാനവും മെയ് മാസത്തിൽ 15.2 ശതമാനവും കുറവ് രേഖപ്പെടുത്തിയിരുന്നു. ജൂണിൽ 12.5 ശതമാനം കുറവുണ്ടായി. ക്രമാനുഗതമായി വൈദ്യുതി ഉപഭോഗം കൂടുന്നതായി ഇതിൽ നിന്നും മനസ്സിലാക്കാവുന്നതാണ്.
*2020 ഏപ്രിലിലെ 3.9 ലക്ഷം കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 മെയ് മാസത്തിൽ 8.98 ലക്ഷം കോടി രൂപയായി ഇ-വേ ബില്ലുകളുടെ ആകെ മൂല്യം വർദ്ധിച്ചത് 130 ശതമാനമാണ്.
*രാജ്യത്തെ ഉപഭോഗവും ഉത്പാദന പ്രവർത്തനങ്ങളും പ്രതിഫലിപ്പിക്കുന്ന പ്രധാന സൂചികയായ പെട്രോളിയം ഉൽപന്നങ്ങളുടെ ഉപഭോഗം ഏപ്രിലിലെ 99,37,000 മെട്രിക് ടണ്ണിൽ നിന്ന് 47 ശതമാനം വർദ്ധിച്ച് മെയ് മാസത്തിൽ 1,46,46,000 മെട്രിക് ടണ്ണായി.
സേവന മേഖല:
*റെയിൽ വഴിയുള്ള ചരക്ക് നീക്കം മെയ് മാസത്തിൽ 26 ശതമാനം വർദ്ധന രേഖപെടുത്തി. ചരക്ക് നീക്കം ഏപ്രിലിൽ 6.54 കോടി ടൺ ആയിരുന്നത് മെയിൽ 8.26 കോടി ടൺ ആയി വർദ്ധിച്ചു.
*ഇലക്ട്രോണിക് ടോൾ കളക്ഷന്റെ പ്രതിദിന ശരാശരി ഏപ്രിലിൽ 8.25 കോടി രൂപയായിരുന്നു. മെയ് മാസത്തിൽ ഇത് നാലു മടങ്ങ് വർദ്ധിച്ച് 36.84 കോടി രൂപയായി.
*നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ വിവിധ പ്ലാറ്റ്ഫോമുകൾ വഴിയുള്ള മൊത്തം ഡിജിറ്റൽ റീട്ടെയിൽ സാമ്പത്തിക ഇടപാടുകൾ ഏപ്രിലിൽ 6.71 ലക്ഷം കോടി രൂപയായിരുന്നത് മെയ് മാസത്തിൽ 9.65 ലക്ഷം കോടി രൂപയായി വർദ്ധിച്ചു.
ധനസൂചകങ്ങൾ:
*മതിയായ ധന ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള റിസർവ് ബാങ്കിന്റെ പരിശ്രമങ്ങൾ ഫലം കണ്ടതിന്റെ സൂചനയായി കോർപ്പറേറ്റ് ബോണ്ടുകളുടെ സ്വകാര്യ പ്ലെയ്സ്മെന്റിന്റെ വർഷം തോറുമുള്ള വളർച്ച (ഇയർ ഓവർ ഇയർ വളർച്ച) ഉയർന്നു. ഏപ്രിലിൽ 22 ശതമാനം (0.54 ലക്ഷം കോടി രൂപ) ചുരുങ്ങിയതുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തിൽ (0.84 ലക്ഷം കോടി രൂപ) 94.1 ശതമാനം കുത്തനെ ഉയർന്നു.
*മ്യൂച്വൽ ഫണ്ട് മേഖലയിൽ അസറ്റ് മാനേജുമെന്റ് കമ്പനി നിയന്ത്രിക്കുന്ന നിക്ഷേപങ്ങളുടെ ആകെ വിപണി മൂല്യത്തിന്റെ (എ.യു.എം.) ശരാശരി ആസ്തി 2020 മെയ് മാസത്തിൽ 3.2 ശതമാനം ഉയർന്ന് 24.2 ലക്ഷം കോടി രൂപയായി. 2020 ഏപ്രിലിൽ ഇത് 23.5 ലക്ഷം കോടി രൂപയായിരുന്നു.
*ജൂൺ 12 വരെ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 50,760 കോടി യു.എസ്. ഡോളറാണ്. നേരിട്ടുള്ള വിദേശ നിക്ഷേപ-പോർട്ട്ഫോളിയോ ഒഴുക്ക് ഉയർന്ന് നിൽക്കുന്നതും, കുറഞ്ഞ എണ്ണവിലയും അപ്രതീക്ഷിതമായ ബാഹ്യ ആഘാതങ്ങൾ കുറയ്ക്കാൻ ഇത് സഹായകമാണ്. 2019-20 സാമ്പത്തിക വർഷത്തിൽ 7345 കോടി യു.എസ്. ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 18.5 ശതമാനം വർദ്ധന.
***
(Release ID: 1633637)
Visitor Counter : 361
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu