പ്രധാനമന്ത്രിയുടെ ഓഫീസ്‌

കല്‍ക്കരി ഖനികളുടെ വാണിജ്യഖനനത്തിനുള്ള ലേല നടപടികളുടെ വെര്‍ച്ച്വല്‍ സമാരംഭ ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 18 JUN 2020 1:15PM by PIB Thiruvananthpuram
നമസ്‌ക്കാരം!
രാജ്യത്തിന്റെയും ലോകത്തിന്റെയും അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളില്‍ നിന്ന് ഇതില്‍ പങ്കെടുക്കുന്നവരെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വെല്ലുവിളി നേരിടുന്ന ഈ സമയത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതും നിങ്ങള്‍ പങ്കെടുക്കുന്നതും തന്നെ ഒരു പുത്തന്‍ പ്രതീക്ഷ ഉണര്‍ത്തുന്നതും പ്രധാനപ്പെട്ട ഒരു സന്ദേശം നല്‍കുന്നതുമാണ്.
ഇന്ത്യ കൊറോണ വൈറസിനെതിരെ പോരാടുക മാത്രമല്ല, യുദ്ധം ജയിക്കുകയും മുന്നോട്ടുപോകുകയും ചെയ്യും. ഇന്ത്യ പ്രതിസന്ധിക്ക് മുകളിലിരുന്ന് വിലപിക്കാന്‍ പോകുന്നില്ല. പ്രതിസന്ധി എത്ര വലുതാണോ ഇന്ത്യ അതിനെ അവസരമാക്കി മാറ്റുന്നതിനുള്ള ദുഢനിശ്ചയത്തിലാണ്. ഈ കൊറോണ വൈറസ് പ്രതിസന്ധി ആത്മനിര്‍ഭര്‍ ആകാന്‍, അതായത് സ്വാശ്രയത്വത്തിലെത്താനുള്ള, ഒരു പാഠമാണ് ഇന്ത്യക്കു നല്‍കുന്നത്.
ഇന്ത്യ അതിന്റെ ഇറക്കുമതിയിലുള്ള ആശ്രയത്വം കുറയ്ക്കും എന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് വഴി അര്‍ത്ഥമാക്കുന്നത്. ലക്ഷക്കണക്കിന് കോടി രൂപ ഇറക്കുമതിക്കായി ചെലവഴിക്കുന്ന വിദേശവിനിമയം ഇന്ത്യ ലാഭിക്കുമെന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് വഴി അര്‍ത്ഥമാക്കുന്നത്. ഇന്ത്യക്ക് ഇറക്കുമതി ആവശ്യമില്ല, അത് വേണ്ട വിഭവങ്ങള്‍ ആഭ്യന്തമായി വികസിപ്പിക്കുമെന്നതാണ് ആത്മനിര്‍ഭര്‍ ഭാരത് വഴി അര്‍ത്ഥമാക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ വലിയ കയറ്റുമതിക്കാരായി നാം മാറും എന്നതാണ് ആത്മനിര്‍ഭര്‍ ഭാരതിന്റെ അര്‍ത്ഥം.
സുഹൃത്തുക്കളെ, ഇത് നേടുന്നതിനായി, നമ്മള്‍ എല്ലാ മേഖലകളെയും എല്ലാ ഉല്‍പ്പന്നങ്ങളെയും എല്ലാ സേവനങ്ങളെയും പരിഗണിക്കുകയും ആ പ്രത്യേക മേഖലയില്‍ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് സമഗ്രമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതേ ചിന്തയുടെ ദിശയിലേക്കുള്ള കരുത്തുറ്റ ചുവടുവയ്പ്പിന്റെ സാക്ഷാത്കാരമാണ് ഇന്നത്തെ സംഭവം.
ഇന്ന് കൈക്കൊള്ളുന്ന പ്രധാനപ്പെട്ട ചുവടുവയ്പ്പ് ഇന്ത്യയെ ഊര്‍ജ്ജമേഖലയില്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ളതാണ്. ഈ നടപടികള്‍ ഒരു മേഖലയിലെ മാത്രം പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ചുള്ളതല്ല. അതായത് കല്‍ക്കരി മേഖല മാത്രമല്ല, 130 കോടി അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയാണ്.
നമ്മുടെ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസര ലഭ്യതയുടെ തുടക്കത്തിനെയുമാണ് ഇത് അടയാളപ്പെടുത്തുന്നത്.
സുഹൃത്തുക്കളെ,
സ്വാശ്രയ ഇന്ത്യയെന്ന പ്രതിജ്ഞ സാക്ഷാത്കരിക്കുന്നതിനായി അഴിഞ്ഞമാസം ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പ്രഖ്യാപിച്ചപ്പോള്‍ മിക്കവാറും ആളുകള്‍ കരുതിയത് ഇതും പതിവുപോലെ ഒരു ഗവണ്‍മെന്റ് നടപടി മാത്രമാണെന്നായിരുന്നു.
എന്നാല്‍ പ്രഖ്യാപനത്തിന്റെ ഒരു മാസത്തിനുള്ളില്‍ കാര്‍ഷികമേഖലയിലായാലും എം.എസ്.എം.ഇയിലായാലും അല്ലെങ്കില്‍ ഇപ്പോള്‍ കല്‍ക്കരി ഖനന മേഖലയിലായാലും എല്ലാ പരിഷ്‌ക്കാരങ്ങളും പ്രായോഗിക സാഹചര്യങ്ങളില്‍ നടപ്പാക്കി.
ഈ പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയുടെ കാര്യഗൗരവവും പ്രതിജ്ഞാബദ്ധതയുമാണ് ഇത് കാണിക്കുന്നത്. ഇന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള കല്‍ക്കരിയുടെ ഖനനത്തിന് മാത്രമല്ല നമ്മള്‍ സമാരംഭം കുറിയ്ക്കുന്നത്, അതോടൊപ്പം പതിറ്റാണ്ടുകളായിരുന്ന അടച്ചിടലിന് കല്‍ക്കരി മേഖലയെ മോചിപ്പിക്കുക കൂടിയാണ്.
കല്‍ക്കരി മേഖലയെ അടച്ചിട്ടതുകൊണ്ടുള്ള ഫലം എന്തായിരുന്നുവെന്ന് എന്നെക്കാളും നന്നായി നിങ്ങള്‍ക്കറിയാം.
അതിനെക്കുറിച്ച് ഒന്നു ചിന്തിക്കൂ. ലോകത്തെ നാലാമത്തെ കല്‍ക്കരി സമ്പത്തുള്ളതും ലോകത്തെ രണ്ടാമത്തെ വലിയ ഉല്‍പ്പാദനം നടത്തുന്നതുമായ രാജ്യം കല്‍ക്കരി കയറ്റുമതിക്കാരല്ല. എന്നാല്‍ ലോകത്തെ രണ്ടാമത്തെ കല്‍ക്കരി ഇറക്കുമതിക്കാരുമാണ്!
നമ്മള്‍ ലോകത്തെ ഏറ്റവും വലിയ ഉല്‍പ്പാദകരില്‍ ഒന്നായിട്ടും നമുക്ക് വലിയ കയറ്റുമതിക്കാരാകാനാകുന്നില്ലെന്നതാണ് ചോദ്യം.
ഈ ചോദ്യം എപ്പോഴും മനസില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതാണ്, നിങ്ങളുടേയും അതുപോലെ കോടിക്കണക്കിന് ഇന്ത്യാക്കാരുടെയും.
സുഹൃത്തുക്കളെ, ഇതാണ് പതിറ്റാണ്ടുകളായി നമ്മുടെ അവസ്ഥ. രാജ്യത്തിന്റെ കല്‍ക്കരി മേഖല തടവിന്റെയും തടവിലല്ലാത്തതുമായ ഒരു വലയില്‍ കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതിനെ മത്സരത്തിന് പുറത്താണ് നിര്‍ത്തിയിരുന്നത്; സുതാര്യതയായിരുന്നു പ്രധാനപ്പെട്ട വിഷയം. ന്യായമായ ലേല നടപടികളെ മറന്നു കല്‍ക്കരി ഖനികള്‍ അനുവദിക്കുന്നതിലെ വലിയ അഴിമതികളെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു. ഈ കാരണം കൊണ്ട്, കല്‍ക്കരിമേഖലയിലെ നിക്ഷേപങ്ങളിലും അതിന്റെ കാര്യക്ഷമതയിലും ചോര്‍ച്ചയുണ്ടായതും ചോദ്യംചെയ്യപ്പെടേണ്ടതാണ്. കല്‍ക്കരി ഒരു സംസ്ഥാനത്ത് നിന്നു കുഴിച്ചെടുത്ത് നൂറുക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സംസ്ഥാനത്തേക്ക് അയക്കുകയും, കുഴിച്ചെടുക്കുന്ന സംസ്ഥാനം കല്‍ക്കരിക്കായി കാത്തിരിക്കേണ്ടിവരികയും ചെയ്യുമായിരുന്നു. ഇത് പൂര്‍ണ്ണമായും അടുക്കും ചിട്ടയുമില്ലാത്തതായിരുന്നു.
സുഹൃത്തുക്കളെ, ഈ സാഹചര്യം മാറ്റുന്നതിന് 2014 മുതല്‍ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു. മറ്റാര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്ന കല്‍ക്കരി ശൃംഖല നമ്മള്‍ നടപ്പാക്കി. അത്തരം നടപടികള്‍ കല്‍ക്കരി മേഖലയ്ക്ക് പ്രചോദനം നല്‍കി. അടുത്തിടെ പതിറ്റാണ്ടുകളായി ചിന്തിച്ചുകൊണ്ടിരുന്ന നിരവധി പരിഷ്‌ക്കാരങ്ങള്‍ നമ്മള്‍ കൊണ്ടുവന്നു. ഇപ്പോള്‍ മത്സരത്തിനും മൂലധനത്തിനും പങ്കാളിത്തത്തിനും സാങ്കേതികവിദ്യക്കും വേണ്ടി കല്‍ക്കരിയേയും ഖനനമേഖലയേയും പൂര്‍ണ്ണമായി തുറന്നുകൊടുക്കാനുള്ള തീരുമാനം ഇന്ത്യ കൈക്കൊണ്ടു. സ്വകാര്യ ഖനനമേഖലയിലുളളവര്‍ സാമ്പത്തിക പ്രശ്നം അഭിമുഖീകരിക്കാതിരിക്കുന്നത് ഉറപ്പാക്കുന്നതിന് വേണ്ട ശ്രദ്ധയും പാലിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, ശക്തമായ ഖനന ധാതു മേഖലകളില്ലാതെ സ്വാശ്രയത്വം സാദ്ധ്യമല്ല. എന്തെന്നാല്‍ ധാതുക്കളും ഖനനവും സമ്പദ്ഘടനയുടെ പ്രധാനപ്പെട്ട തൂണുകളാണ്.
ഈ പരിഷ്‌ക്കാരങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ കല്‍ക്കരി മേഖല മുഴുവന്‍ സ്വാശ്രയമാകും. ഇപ്പോള്‍ കല്‍ക്കരിക്ക് വേണ്ടി വിപണികള്‍ തുറന്നുകഴിഞ്ഞു; അതുകൊണ്ട് ഏത് മേഖലയ്ക്കും അവരുടെ ആവശ്യത്തിനനുസരിച്ചു വാങ്ങാനാകും.
ഈ പരിഷ്‌ക്കാരങ്ങള്‍ കല്‍ക്കരി മേഖലയ്ക്ക് മാത്രമല്ല, മറ്റ് മേഖലകള്‍ക്കും ഗുണം ചെയ്യും. കല്‍ക്കരി ഉല്‍പ്പാദനം നമ്മള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ ഉരുക്ക്, അലുമിനിയം, വളങ്ങള്‍, സിമന്റ് മേഖലകളിലൊക്കെ ഉല്‍പ്പാദനത്തിലും നടപടിക്രമങ്ങളിലും ഗുണപരമായ നേട്ടങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഭാഗ്യവശാല്‍ ഇന്ത്യയില്‍ കല്‍ക്കരി, ഇരുമ്പ്, ബോക്സൈറ്റ്, മറ്റ് ധാതുക്കള്‍ എന്നിവയുടെ ശേഖരങ്ങള്‍ ഒന്നിനോടൊന്നു ബന്ധിച്ച് സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ട് ധാതുമേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌ക്കാരങ്ങള്‍ക്ക് കല്‍ക്കരി ഖനന പരിഷ്‌ക്കാരങ്ങളില്‍ നിന്നു കരുത്ത് ലഭിക്കും.
സുഹൃത്തുക്കളെ, കല്‍ക്കരിയുടെ വാണിജ്യ ഖനനത്തിനായി ഇന്ന് തുടങ്ങുന്ന ലേലം ഓഹരിപങ്കാളികള്‍ക്കെല്ലാം സന്തോഷം നല്‍കുന്ന സാഹചര്യമാണ്. വ്യവസായങ്ങള്‍, നിങ്ങള്‍, നിങ്ങളുടെ വ്യാപാരങ്ങള്‍, നിക്ഷേപങ്ങള്‍ എല്ലാത്തിനും പുതിയ വിഭവങ്ങളും വിപണികളും ലഭിക്കും. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുകയും രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ക്കു തൊഴില്‍ ലഭ്യമാകുകയും ചെയ്യും. എല്ലാ മേഖലകളിലും ഗുണപരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സുഹൃത്തുക്കളെ,
കല്‍ക്കരി മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ദുര്‍ബലമാകാതിരിക്കുന്നതും ഉറപ്പാക്കിയിട്ടുണ്ട്. കല്‍ക്കരിയില്‍ നിന്നും വാതകം ഉല്‍പ്പാദിപ്പിക്കാന്‍ അത്യന്താധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ കഴിയും. കല്‍ക്കരി വാതകവല്‍ക്കരണം പോലുള്ള നടപടികളിലൂടെ പരിസ്ഥിതി സംരക്ഷിക്കാനാകും. കല്‍ക്കരി വാതകം ഗതാഗതത്തിനും പാചകത്തിനും ഉപയോഗിക്കുന്ന സമയത്തുതന്നെ നിര്‍മ്മാണ വ്യവസായങ്ങളില്‍ യൂറിയയേയും ഉരുക്കിനേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2030 ഓടെ ഏകദേശം 10 കോടി ടണ്‍ കല്‍ക്കരി വാതകമാക്കുന്നതിനുള്ള ലക്ഷ്യം നമ്മള്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ ഉദ്ദേശ്യത്തോടെ നാലു പദ്ധതികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഏകദേശം 20,000 കോടി രൂപ ഈ ഉദ്ദേശ്യത്തിനായി നിക്ഷേപിക്കപ്പെടുമെന്നും എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
സുഹൃത്തുക്കളെ,
കല്‍ക്കരി മേഖലയിലെ ഈ പരിഷ്‌ക്കാരങ്ങള്‍ നമ്മുടെ പൂര്‍വ്വ, മദ്ധ്യ ഇന്ത്യയേയും നമ്മുടെ ഗോത്രമേഖയേയും വികസനത്തിന്റെ സ്തംഭങ്ങളാക്കുന്നതിനുള്ള വലിയ മാദ്ധ്യമമാണ്. കല്‍ക്കരി, ധാതുകള്‍ എന്നിവയുള്ള നമ്മുടെ രാജ്യത്തിന്റെ പ്രദേശങ്ങള്‍ക്ക് ആഗ്രഹിച്ച തലത്തിലുള്ള പുരോഗതിയിലോ സമ്പല്‍സമൃദ്ധിയിലോ എത്താന്‍ കഴിഞ്ഞിട്ടില്ല. വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ വലിയ തോതിലുള്ള നമ്മുടെ രാജ്യത്തിന്റെ ഭാഗങ്ങള്‍ കൂടിയാണ് ഇവ. ഈ ജില്ലയിലുള്ള ജനങ്ങള്‍ വികസനത്തിന് വേണ്ടി അഭിലഷിക്കുന്നുണ്ട്. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ അവര്‍ പതുക്കെ പിന്നോക്കം പോകുകയാണ്.
രാജ്യത്തിലെ 16 വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്ക് കല്‍ക്കരിയുടെ വലിയ ശേഖരമുണ്ട്. എന്നാല്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ഗുണം ലഭിച്ചിട്ടില്ലെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുന്നുണ്ടോ? ഈ പ്രദേശത്തുനിന്നുള്ള നമ്മുടെ സുഹൃത്തുക്കള്‍ക്ക് ജോലിക്ക് വേണ്ടി അതിവിദൂര പ്രദേശങ്ങളിലേക്ക് കുടിയേറേണ്ടിവന്നു.
പൂര്‍വ്വ, മദ്ധ്യ ഇന്ത്യയിലെ വലിയൊരു ജനവിഭാഗത്തിന് അവരുടെ വീടിന് സമീപത്ത് തന്നെ തൊഴില്‍ ലഭ്യമാകുകയും അതുപോലുള്ള മറ്റ് പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിന് വാണിജ്യ ഖനനത്തിന് വേണ്ടി കൈക്കൊണ്ട ഈ നടപടികള്‍ വളരെയധികം സഹായകരമാകും.
ഇന്ന് ലേലം ചെയ്യുന്ന ഈ കല്‍ക്കരി ഖനികള്‍ തന്നെ ലക്ഷക്കണക്കിന് തൊഴില്‍ ഈ മേഖലയില്‍ സൃഷ്ടിക്കും. അത് മാത്രമല്ല, കല്‍ക്കരി വേര്‍തിരിച്ചെടുക്കുന്നതിനും അത് കൊണ്ടുപോകുന്നതിനുമുള്‍പ്പെടെ വേണ്ടിവരുന്ന അടിസ്ഥാനസൗകര്യങ്ങളും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. അത്തരം അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായി 50,000 കോടി രൂപ ചെലവഴിക്കാനുള്ള തീരുമാനം ഗവണ്‍മെന്റ് അടുത്തിടെ കൈക്കൊണ്ടിരുന്നു.
സുഹൃത്തുക്കളെ, കല്‍ക്കരി മേഖലയിലെ പരിഷ്‌ക്കരണങ്ങളും നിക്ഷേപങ്ങളും നമ്മുടെ ജനതയുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെയും ഗോത്രവര്‍ഗ സഹോദരി-സഹോദരന്മാരുടെ ജീവിതം സുഗമമാക്കുന്നതില്‍ വലിയ പങ്കു വഹിക്കും. കല്‍ക്കരി ഖനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന അധിക വരുമാനം അവിടുത്തെ പൊതുജനക്ഷേമപദ്ധതികള്‍ക്കായി ഉപയോഗിക്കും. ജില്ലാ ധാതുഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കും സഹായം ലഭിക്കും. ഈ ഫണ്ടിന്റെ വലിയൊരു പങ്ക് കല്‍ക്കരി ഖനിക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ അത്യാവശ്യ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. നമ്മുടെ ധാതുസമ്പന്നമായ മേഖലകളിലെ ജനതയെ സമ്പന്നരാക്കുകയെന്ന ലക്ഷ്യമാണ് ഞങ്ങള്‍ പിന്തുടരുന്നത്. ഇന്ന് കൈക്കൊണ്ട നടപടികള്‍ വലിയതോതില്‍ ഈ ലക്ഷ്യത്തെ സഹായിക്കും.
സുഹൃത്തുക്കളെ, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അതിവേഗം സാധാരണനിലയില്‍ എത്തുന്ന ഒരു അവസരത്തിലാണ് ഈ ലേലം നടക്കുന്നത്. ഉപഭോഗവും ചോദനവും കോവിഡ്-19ന് മുമ്പുള്ള സ്ഥിതിയിലേക്ക് അതിവേഗം എത്തുകയാണ്. പുതിയ ഒരു തുടക്കത്തിന് ഇതിനെക്കാള്‍ മികച്ച മറ്റൊരു സമയമില്ല.
അത് ഊര്‍ജ്ജ ഉപയോഗത്തിലോ അല്ലെങ്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചോദനയിലോ ആകട്ടെ; മേയ് അവസാനവാരത്തിലും ജൂണ്‍ ആദ്യ ആഴ്ചയിലും അതിവേഗമുള്ള ഉയര്‍ച്ചയാണ് കണ്ടത്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ-വേ ബില്ലില്‍ ഏകദേശം 200% ന്റെ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ജൂണ്‍മാസത്തിലെ ടോള്‍ കളക്ഷനും ഫെബ്രുവരിയിലെ 70%ല്‍ ഇതിനകം എത്തിയിട്ടുണ്ട്. ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ റെയില്‍വേ വഴിയുള്ള ചരക്ക് നീക്കത്തിലൂം മേയ് മാസം ഒരു കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാട് അളവിനോടൊപ്പം മൂല്യത്തിലും വര്‍ദ്ധനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്.
സുഹൃത്തുക്കളെ, ഗ്രാമീണ സമ്പദ്ഘടനയും മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം ഖാരിഫ് വിളകളുടെ വിസ്തൃതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13% കൂടുതലാണ്. ഗോതമ്പിന്റെ ഉല്‍പ്പാദനവും സംഭരണവും ഈ വര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 11% അധികം ഗോതമ്പ് ഇതുവരെ സംഭരിച്ചുകഴിഞ്ഞു. കര്‍ഷകരുടെ കീശയില്‍ കൂടുതല്‍ പണമെത്തി എന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരുന്നതിനും മുന്നോട്ട് നീങ്ങുന്നതിനും തയാറായി എന്നാണ് ഈ സൂചികകള്‍ നമ്മോട് പറയുന്നത്.
സുഹൃത്തുക്കളെ, ഇന്ത്യ വലിയ പ്രതിസന്ധികളില്‍ നിന്നു മുന്‍പും പുറത്തുവന്നിട്ടുണ്ട്, ഇതില്‍ നിന്നും പുറത്തുവരും. നമ്മള്‍ ഇന്ത്യക്കാര്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണെങ്കില്‍ നമ്മള്‍ ഇന്ത്യക്കാര്‍ ലക്ഷക്കണക്കിന് ഉല്‍പ്പാദകര്‍ കൂടിയാണ്. ഇന്ത്യയുടെ വിജയവും വളര്‍ച്ചയും നിശ്ചയമാണ്, നമുക്ക് ആത്മനിര്‍ഭര്‍ ആയിത്തീരാന്‍ കഴിയും.
നമ്മുടെ ആവശ്യത്തിനനുസരിച്ച് എന്‍-95 മുഖാവരണങ്ങള്‍, കൊറോണാ പരിശോധന കിറ്റുകള്‍, പി.പി.ഇകള്‍, വെന്റിലേറ്ററുകള്‍ എന്നിവയെല്ലാം കുറേ ആഴ്ചകള്‍ക്ക് മുമ്പ് നമ്മള്‍ ഇറക്കുമതി ചെയ്തിരുന്നതായി ഓര്‍ക്കണം. ഇപ്പോള്‍ 'മേക്ക് ഇന്‍ ഇന്ത്യ'യിലൂടെ ഇന്ത്യ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ്. അതിവേഗം തന്നെ നമ്മള്‍ മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ പ്രധാനപ്പെട്ട കയറ്റുമതിക്കാരായി മാറുകയും ചെയ്യും. നിങ്ങള്‍ നിങ്ങളുടെ വിശ്വാസവും മനോവീര്യവും കാത്തുസൂക്ഷിക്കുക, നമുക്ക് അത് ചെയ്യാന്‍ കഴിയും. നമുക്ക് തീര്‍ച്ചയായും ആത്മനിര്‍ഭര്‍ ഭാരത് ആയിത്തീരാനാകും!
നമുക്ക് ആത്മനിര്‍ഭര്‍ ഭാരത് ഉണ്ടാക്കാന്‍ കഴിയും!
130 കോടി ഇന്ത്യക്കാര്‍ തുടങ്ങിവച്ച സ്വാശ്രയ ഇന്ത്യയിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട പങ്കാളികളാണ് നിങ്ങളെല്ലാം. നമുക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കാം, ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കാം.
കല്‍ക്കരി മേഖലയിലെ ഈ സവിശേഷമായ തുടക്കത്തിന് നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.
എന്തെങ്കിലും ചെയ്തുകൊണ്ട് ചരിത്രം തിരുത്തുന്നതിനുള്ള അവസരം വളരെ കുറച്ചു മാത്രമേ ലഭിക്കുകയുള്ളു. ഇന്ന് ഇന്ത്യയിലെ വ്യവസായ ലോകത്തിനും സേവനമേഖലയ്ക്കും ജനങ്ങളെ സുഖപ്പെടുത്തി ചരിത്രത്തെ മാറ്റുന്നതിനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഈ അവസരം നഷ്ടപ്പെടാന്‍ നമ്മള്‍ അനുവദിച്ചുകൂടാ. വരിക, നമുക്ക് ഇന്ത്യയെ മുന്നോട്ട് നയിച്ചു സ്വാശ്രയ രാജ്യമാക്കി മാറ്റാം.
സുഹൃത്തുക്കളെ, ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇത് കല്‍ക്കരിയുടെ കാര്യമാണെങ്കിലും നമ്മള്‍ രത്നങ്ങളെക്കുറിച്ചാണ് സ്വപ്നം കാണേണ്ടത്. കല്‍ക്കരി മേഖലയിലെ ഈ സവിശേഷമായ തുടക്കത്തിന് ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം എന്റെ ശുഭാശംസകള്‍! പ്രത്യേകിച്ചും ഈ അടച്ചിടല്‍ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് വകുപ്പിനെ കുറിച്ചു സൂക്ഷ്മതയോടെ പഠിച്ച എന്റെ മന്ത്രിസഭാ സഹപ്രവര്‍ത്തകനായ പ്രഹളാദ് ജോഷി ജിയേയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനേയും. മഹത്തായ നേതൃത്വം നല്‍കികൊണ്ട് രാജ്യത്തെ എങ്ങനെ അവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നതിന് പുതിയ വഴികള്‍ കണ്ടെത്തിയ പ്രഹ്ളാദ് ജി, അദ്ദേഹത്തിന്റെ സെക്രട്ടറി, അദ്ദേഹത്തിന്റെ ടീം എന്നിവരെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.
ഇതൊരു ചെറിയ സംഭവമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ ഞാന്‍ അങ്ങനെ ചിന്തിക്കുന്നില്ല. പ്രഹളാദ്ജി സ്വാശ്രയ ഇന്ത്യക്ക് ഇന്ന് നിങ്ങള്‍ ശക്തമായ ഒരു അടിത്തറയാണിട്ടിരിക്കുന്നത്. അതുകൊണ്ട് താങ്കള്‍ക്കും താങ്കളുടെ ടീമിനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍!
ഇന്ന് ഇവിടെ സന്നിഹിതരായിരിക്കുന്ന വ്യവസായമേഖലയില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പുനല്‍കാന്‍ ആഗ്രഹിക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിനായി നിങ്ങള്‍ രണ്ടു ചുവടുകള്‍ വയ്ക്കുകയാണെങ്കില്‍ നിങ്ങളോടൊപ്പം നാലു ചുവട് നടക്കാന്‍ ഞാന്‍ തയാറാണ്. വരിക നമുക്ക് ഈ അവസരം നഷ്ടപ്പെടുത്താതിരിക്കാം.
ഒരിക്കല്‍ കൂടി, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ശുഭാശംസകള്‍! നിങ്ങള്‍ക്ക് നന്ദി!

(Release ID: 1632484) Visitor Counter : 212