രാസവസ്തു, രാസവളം മന്ത്രാലയം

ഖാരിഫ് കാലയളവിൽ രാസവളങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് വളനിർമ്മാണ കമ്പനികളുമായി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കൂടിക്കാഴ്ച നടത്തി

Posted On: 16 JUN 2020 5:09PM by PIB Thiruvananthpuram


ഖാരിഫ് വിളകളുടെ വിതക്കാലത്ത് ,രാജ്യത്തെ  കർഷകസമൂഹങ്ങൾക്ക് രാസവളത്തിന്റെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി, വളനിർമ്മാണ മേഖലയിലെ പ്രമുഖരുമായി കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ശ്രീ ഡി. വി. സദാനന്ദ ഗൗഡ വീഡിയോ   കോൺഫെറെൻസിലൂടെ  കൂടിക്കാഴ്ച  നടത്തി. മന്ത്രാലയത്തിന്റെ ചുമതലയുള്ള  സഹമന്ത്രി  ശ്രീ മൻസൂഖ് മാണ്ഡവ്യയും യോഗത്തിൽ സന്നഹിതനായിരുന്നു.

വരുന്ന ഖാരിഫ് കാലത്ത് വളത്തിന്റെ ലഭ്യതയിൽ പ്രശ്‍നങ്ങൾ ഉണ്ടാകില്ലെന്ന് തന്റെ മന്ത്രാലയം ഉറപ്പാക്കിയതായി ശ്രീ. ഗൗഡ വ്യക്തമാക്കി. നിലവിലെ  വെല്ലുവിളികൾക്കിടയിലും, മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വളനിർമ്മാണമേഖലയെ അദ്ദേഹം അഭിനന്ദിച്ചു.

രാജ്യത്ത് ഖാരിഫ് കാലത്തിനു തുടക്കമായതായി കേന്ദ്രമന്ത്രി അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ,കർഷകർ, കാര്ഷികപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ വർഷം നല്ല കാലവര്‍ഷം  ലഭിക്കാനിടയുണ്ടെന്നും വളത്തിന്റെ ആവശ്യകത ഇക്കൊല്ലവും ഉയർന്നു നില്‍ക്കുമെന്നും  അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഖാരിഫ് കാലയളവിൽ, 170 ലക്ഷം മെട്രിക് ടൺ യൂറിയയുടെ ആവശ്യം ഉണ്ടാകുമെന്നാണ്കണക്കാക്കിയിരിക്കുന്നത്. ഇതിൽ 133 ലക്ഷം മെട്രിക് ടൺ യൂറിയ രാജ്യത്ത് ഉത്പാദിപ്പിക്കും. ബാക്കിയുള്ളത് ഇറക്കുമതിയിലൂടെ പരിഹരിക്കും. ഇതുമായി ബന്ധപ്പെട്ട് ,രണ്ടു ആഗോള ടെണ്ടറുകൾ ക്ഷണിച്ചു കഴിഞ്ഞു.രാജ്യത്തെ കർഷകർക്ക് ആവശ്യമായ യൂറിയ ഉറപ്പാക്കുന്നതിനായി , രാസവള വകുപ്പ്  യൂറിയ ഇറക്കുമതി തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

****



(Release ID: 1631943) Visitor Counter : 224