ആയുഷ്‌

എന്റെ ജീവിതം,എന്റെ യോഗ " വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക്  എൻട്രികൾ അയക്കാനുള്ള   അവസാനതീയതി ഈ മാസം 21 വരെ  നീട്ടി

Posted On: 13 JUN 2020 10:14AM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂൺ 13, 2020

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പ്രഖ്യാപിച്ച,"എന്റെ ജീവിതം,എന്റെ യോഗ " വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക്  എൻട്രികൾ അയക്കാനുള്ള  അവസാനതീയതി ഈ മാസം 21 ലേക്ക് നീട്ടി.ഡിജിറ്റൽ ഇടങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന  ഈ ആഗോള തല മത്സരം,ആയുഷ് മന്ത്രാലയത്തിന്റെയും,ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ICCR) ന്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്.ആറാമത് അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.


എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വിഡിയോകൾ തയ്യാറാക്കുന്നതിനു  കൂടുതൽ സമയം ലഭിക്കുന്നതിനായി, തീയതിയിൽ മാറ്റം വരുത്തണമെന്ന് രാജ്യത്തിനകത്തും പുറത്തും നിന്നും ആവശ്യം ഉയർന്നിരുന്നു.ഇത് പരിഗണിച്ചാണ് അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21 വരെ സമയം അനുവദിക്കാൻ ആയുഷ് മന്ത്രാലയവും,ICCR ഉം തീരുമാനിച്ചത്.

കഴിഞ്ഞ മാസം 31 നു നടത്തിയ തന്റെ മൻ കി ബാത്ത് പ്രഭാഷണത്തിനിടെയാണ്,"എന്റെ ജീവിതം എന്റെ യോഗ " വീഡിയോ ബ്ലോഗിങ് മത്സരത്തിൽ പങ്കെടുക്കാൻ,ശ്രീ.മോദി രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്‌തത്.വ്യക്തികളിൽ യോഗ ഉണ്ടാക്കുന്ന മാറ്റത്തിനു ഊന്നൽ നൽകിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ആറാമത് അന്താരാഷ്ട്രയോഗ ദിനത്തോട് ചേർന്നുള്ള ഒരു പ്രവർത്തനമായും ഇത് മാറി.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, മൂന്നു മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ആണ് സമർപ്പിക്കേണ്ടത്.ക്രിയ, ആസന,പ്രാണായാമ ,ബന്ധ,മുദ്ര എന്നിങ്ങനെ മൂന്ന് യോഗ അഭ്യാസങ്ങൾ ഉൾപ്പടുന്ന വീഡിയോ ആണ് നൽകേണ്ടത്.കൂടാതെ യോഗ അഭ്യാസം തങ്ങളുടെ ജീവിതത്തെ എങ്ങനെ ഗുണകരമായി ബാധിച്ചു എന്ന്   വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും ഇതിൽ  ഉൾപ്പെടുത്തണം.#MyLifeMyYogaINDIA ,എന്ന ഹാഷ്‌ടാഗോടെ,ഫേസ്ബുക്,ട്വിറ്റെർ ,ഇൻസ്റ്റാഗ്രാം,മൈഗവ് പ്ലാറ്റ്  ഫോമുകളിൽ  ഇവ അപ്‌ലോഡ് ചെയ്യാവുന്നതാണ്.ഉചിതമായ മറ്റു  ഹാഷ്ടാഗുകളും നൽകാവുന്നതാണ്.മത്സര പങ്കാളിത്തവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ, ആയുഷ്മാന്ത്രാലയത്തിന്റെ യോഗ പോർട്ടലിൽ ലഭ്യമാണ്.

(https://yoga.ayush.gov.in/yoga/).

രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്.  ഓരോ രാജ്യങ്ങളിലും നടക്കുന്ന ആദ്യ ഘട്ടത്തിൽ വിജയിക്കുന്നവരെ ഉൾപ്പെടുത്തിയാണ് രണ്ടാം ഘട്ടം സംഘടിപ്പിക്കുക.ഇവരിൽ നിന്നും അന്താരാഷ്ട്ര വിജയികളെ തിരഞ്ഞെടുക്കും.മത്സരാർഥികൾ സമർപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്നും, വ്യക്തികളിൽ യോഗപരിശീലനം ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കുന്നതിനുള്ള ശ്രമമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

 18 വയസ്സിൽ താഴെപ്രായമുള്ളവർ യുവാക്കൾ എന്ന വിഭാഗത്തിലും,അതിനുമുകളിൽ പ്രായമുള്ളവർ മുതിർന്നവർ എന്ന വിഭാഗത്തിലുമാണ് വിഡിയോകൾ സമർപ്പിക്കേണ്ടത്.യോഗാ വിദഗ്ദ്ധർക്കായി ഒരു പ്രത്യേക വിഭാഗം കൂടിയുണ്ട്. മൂന്നു വിഭാഗങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരമായിരിക്കും സംഘടിപ്പിക്കുക.ഒന്നാം ഘട്ടത്തിൽ  ഒരോ വിഭാഗത്തിലും ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടുന്ന ,ഇന്ത്യക്കാരായ മത്സരാർഥികൾക്ക്  യഥാക്രമം ഒരുലക്ഷം,അൻപതിനായിരം,ഇരുപത്തിഅയ്യായിരം എന്നിങ്ങനെ സമ്മാനം ലഭിക്കും.അന്താരാഷ്ട്രതലത്തിൽ ഇത് യഥാക്രമം US$2500, US$1500, US$1,000 എന്നിങ്ങനെയാണ്.

നീട്ടിനൽകിയ ഈ സമയം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ,കാലതാമസം കൂടാതെ വിഡിയോകൾ സമർപ്പിക്കാൻ എല്ലാവരെയും ആയുഷ്‌മന്ത്രാലയം സ്വാഗതം ചെയ്യുന്നു.

 



(Release ID: 1631357) Visitor Counter : 265