തൊഴില്‍, ഉദ്യോഗ മന്ത്രാലയം
ലോക്ക്ഡൗൺ സമയത്ത് ഇപിഎഫ്‌ഒ 36.02 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി
Posted On:
09 JUN 2020 4:33PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 09, 2020
2020 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇപിഎഫ്ഒ 36.02 ലക്ഷം ക്ലെയിമുകൾ തീർപ്പാക്കി. അതുവഴി 11,540 കോടി രൂപ അംഗങ്ങൾക്ക് വിതരണം ചെയ്തു. ഇതിൽ 15.54 ലക്ഷം ക്ലെയിമുകൾ വഴി നൽകിയ 4580 കോടി രൂപ അടുത്തിടെ അവതരിപ്പിച്ച പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജനയുടെ ഭാഗമായ കോവിഡ് -19 അഡ്വാൻസ് പ്രകാരമാണ്.
കോവിഡ് -19 അഡ്വാൻസ് ഇപിഎഫ്ഒ അംഗങ്ങൾക്ക് ഈ പ്രയാസകരമായ വേളയിൽ ഒരു വലിയ സഹായമാണ്. പ്രത്യേകിച്ചും പ്രതിമാസവേതനം 15,000 രൂപയിൽ താഴെയുള്ളവർക്ക്. മൂന്ന് മാസത്തെ അടിസ്ഥാന വേതനം, ഡിഎ എന്നിവ അല്ലെങ്കിൽ ഇപിഎഫ് അക്കൗണ്ടിലെ അംഗത്തിന്റെ ക്രെഡിറ്റിലുള്ള തുകയുടെ 75% വരെ, ഏതാണോ കുറവ് അതാണ് കോവിഡ് -19 അഡ്വാൻസായി നൽകുന്നത്. അത് വഴി പല തൊഴിലാളികൾക്കും സമയബന്ധിതമായി ആശ്വാസം എത്തിക്കാനായി. ലോക്ക്ഡൗൺ സമയത്ത് അപേക്ഷിച്ചവരിൽ 74% ത്തിലധികം പേർ 15,000 രൂപയിൽ താഴെയുള്ള സ്ലാബിൽ പെട്ടവരാണ്.
ലോക്ക്ഡൗൺ സമയത്ത് ജോലിസ്ഥലത്തെ സാമൂഹ്യ അകല മാനദണ്ഡങ്ങൾ പാലിച്ച് 50% ൽ താഴെ ജീവനക്കാരുമായി ഇപിഎഫ്ഒ പ്രവർത്തിച്ചു. എന്നാൽപോലും, ഇപിഎഫ്ഒയുടെ ക്ലെയിം സെറ്റിൽമെന്റിനുള്ള സമയപരിധി ഏകദേശം 10 ദിവസത്തിൽ നിന്ന് 3 ദിവസം വരെ കുറയ്ക്കാനായി.
വെറും അഞ്ച് ദിവസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ ഇപിഎഫ്ഒ ആദ്യത്തെ സമ്പൂർണ്ണ ഓട്ടോമാറ്റിക് ക്ലെയിം സെറ്റിൽമെന്റ് സംവിധാനം തുടങ്ങി. കോവിഡ് 19 അഡ്വാൻസ് ക്ലെയിമുകളിൽ ഏകദേശം 54% ഇപ്പോൾ ഈ സംവിധാനം വഴി പരിഹരിക്കപ്പെടുന്നു. ഇതിലൂടെ ഭാവിയിലുള്ള ഇപിഎഫ്ഒ ക്ലെയിം സെറ്റിൽമെന്റിനുള്ള സമയം ഗണ്യമായി കുറയ്ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ അംഗങ്ങൾക്ക് സാമൂഹിക സുരക്ഷാ പിന്തുണ ഉറപ്പാക്കി, ഓട്ടോമേഷൻ, സമർപ്പിത തൊഴിൽശേഷി എന്നിവ വഴി പ്രതിദിനം 270 കോടി രൂപയുടെ 80,000 ത്തിലധികം ക്ലെയിമുകൾ ഇപിഎഫ്ഒ തീർപ്പാക്കുന്നു.
(Release ID: 1630499)
Visitor Counter : 323