പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്ട്രീസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം നടത്തി

Posted On: 02 JUN 2020 2:21PM by PIB Thiruvananthpuram


നമ്മുടെ വളര്‍ച്ച നമുക്ക് തീര്‍ച്ചയായും തിരിച്ചുകിട്ടും: പ്രധാനമന്ത്രി

സ്വയംപര്യാപ്ത ഭാരതം കെട്ടിപ്പടുക്കുന്നതിന് ആസൂത്രണം, സശ്ലേഷണം, നിക്ഷേപം, അടിസ്ഥാനസൗകര്യം നൂതനാശയം എന്നിവ പ്രധാനം: പ്രധാനമന്ത്രി


കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസി(സി.ഐ.ഐ)ന്റെ 125-ാം വാര്‍ഷികസമ്മേളനത്തില്‍ വിഡിയോകോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തി. 'നവലോകത്തിന് വേണ്ടി ഇന്ത്യയെ നിര്‍മ്മിക്കുക: ജീവിതം, ഉപജീവനം വളര്‍ച്ച' എന്നതാണ് ഈ വര്‍ഷത്തെ വാര്‍ഷികസമ്മേളനത്തിന്റെ വിഷയം.
കൊറോണമൂലം ഇത്തരം ഓണ്‍ലൈന്‍ പരിപാടികള്‍ സാധാരണമായി മാറിയിരിക്കുകയാണെന്ന് പരിപാടിയില്‍ സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു വഴിയുണ്ടാക്കുകയെന്നത് മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഒരു വശത്ത്, വൈറസിനോട് പോരാടാനും രാജ്യവാസികളുടെ ജീവന്‍ രക്ഷിക്കാനും നമ്മള്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കുകയും മറുവശത്ത് നമുക്ക് സമ്പദ്ഘടനയെ സ്ഥിരതപ്പെടുത്തുകയും അത് ത്വരിതപ്പെടുത്തുകയും വേണം'', അദ്ദേഹം പറഞ്ഞു.
'വളര്‍ച്ചയെ മടക്കികൊണ്ടുവരിക' എന്നതില്‍ ഇന്ത്യന്‍ വ്യവസായമേഖല ചര്‍ച്ച ആരംഭിച്ചതിനെ ഈ വര്‍ഷത്തെ വാര്‍ഷികസമ്മേളനത്തിന്റെ വിഷയത്തെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിനന്ദിച്ചു. അതിന് പിന്നാലെ പോകാന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിക്കുകയും ''അതെ, നാം തീര്‍ച്ചയായും നമ്മുടെ വളര്‍ച്ചയെ തിരിച്ചുപിടിക്കും'' എന്നു പറയുകയും ചെയ്തു. ഇന്ത്യയുടെ കാര്യശേഷിയിലും പ്രതിസന്ധി മറികടക്കുന്നതിലും ഇന്ത്യയുടെ പ്രതിഭയിലും സാങ്കേതികവിദ്യയിലും അതിന്റെ നൂതനാശയങ്ങളിലും ഇന്ത്യയുടെ ബുദ്ധിയിലും ഇന്ത്യയിലെ കര്‍ഷകരിലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളിലും (എം.എസ്.എം.ഇ), സംരംഭങ്ങളിലും തനിക്കുള്ള വിശ്വാസം ഇന്ത്യയുടെ വളര്‍ച്ചയെ മടക്കികൊണ്ടുവരുമെന്നു തനിക്ക് ദുഢവിശ്വാസം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണയുടെ വളര്‍ച്ചയുടെ വേഗത കുറഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്നത്തെ ഏറ്റവും വലിയ വസ്തുത ഇന്ത്യ അടച്ചിടല്‍ ഘട്ടത്തെ മറികടന്നുകൊണ്ട് ഒന്നാംഘട്ട തുറക്കലില്‍ പ്രവേശിച്ചിരിക്കുകയാണ് എന്നതാണ്. ഈ ഒന്നാംഘട്ട തുറക്കലില്‍ സമ്പദ്ഘടനയുടെ വലിയൊരു ഭാഗം തുറക്കപ്പെടുകയാണ്. ജൂണ്‍ എട്ടിന് ശേഷം വളരെയധികം തുറക്കപ്പെടാന്‍ പോകുകയാണ്. വളര്‍ച്ച മടക്കികൊണ്ടുവരുന്നതിനു തുടക്കമിട്ടുകഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് കൊറോണാ വൈറസ് വ്യാപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യ ശരിയായ പാത ശരിയായ സമയത്ത് കൈക്കൊണ്ടുവെന്നതിന് പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ''മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അടച്ചിടല്‍ ഇന്ത്യയിലുണ്ടാക്കിയ പ്രത്യാഘാതം എത്ര വ്യാപകമാണെന്ന് നാം അറിയേണ്ടതുണ്ട്'', അദ്ദേഹം പറഞ്ഞു. ''കൊറോണയ്ക്കെതിരെ സമ്പദ്ഘടനയുടെ പുനര്‍ശാക്തീകരണം എന്നതിനാണ് നമ്മള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നത്'', അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളിലും ദീര്‍ഘകാലമായി ചെയ്യേണ്ട കാര്യങ്ങളിലും ഗവണ്‍മെന്റ് തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളെ സഹായിക്കുന്നതിനായി ഗവണ്‍മെന്‍്റ് കൈക്കൊണ്ട നടപടികളുടെ പട്ടിക പ്രധാനമന്ത്രി നിരത്തി. പാവപ്പെട്ടവര്‍ക്ക് അടിയന്തിരസഹായം നല്‍കുന്നതിന് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വളരെയധികം സഹായിച്ചു. ഈ പദ്ധതിയുടെ കീഴില്‍ ഏകദേശം 74 കോടി ഗുണഭോക്താക്കള്‍ക്കു സൗജന്യറേഷന്‍ നല്‍കി. കുടിയേറ്റ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കി. വനിതകള്‍, അല്ലെങ്കില്‍ അംഗപരിമിതര്‍, മുതിര്‍ന്നവര്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാവര്‍ക്കും ഇതുകൊണ്ട് ഗുണമുണ്ടായി. അടച്ചിടല്‍ കാലത്ത് ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്ക് എട്ടു കോടി പാചകവാതക സിലിണ്ടറുകള്‍ നല്‍കി- അതും സൗജന്യമായി. 50 ലക്ഷം സ്വകാര്യ തൊഴിലാളികള്‍ക്ക് അവരുടെ ഇ.പി.എഫിലെ ഗവണ്‍മെന്റ് വിഹിതമായ 24% അവരുടെ ബാക്ക് അക്കൗണ്ടുകളില്‍ നല്‍കി, അത് 800 കോടി രൂപ വരും.
സ്വയംപര്യാപ്ത ഇന്ത്യയുടെ നിര്‍മ്മാണത്തിനും ഇന്ത്യയെ വിണ്ടും അതിവേഗ വികസനത്തിന്‍െ്റ പാതയിലേക്കു കൊണ്ടുവരുന്നതിനുമായി അഞ്ച് കാര്യങ്ങള്‍ പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. അതായത് ആസൂത്രണം, സംശ്ലേഷണം, നിക്ഷേപം, അടിസ്ഥാനസൗകര്യം, നൂതനാശയം എന്നിവ. ഗവണ്‍മെന്റ് അടുത്തിടെ എടുത്ത ധീരമായ തീരുമാനങ്ങളില്‍ ഇതൊക്കെ പ്രതിഫലിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭാവിയിലേക്ക് വിവിധ മേഖലകളെ തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ഞങ്ങളെ സംബന്ധിച്ചിടത്തോളം പരിഷ്‌ക്കാരം എന്നത് ക്രമരഹിതമോ ചിതറിക്കിടക്കുന്നതോ ആയ തീരുമാനങ്ങളല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവ വ്യവസ്ഥാപിതവും ആസൂത്രിതവും സംയോജിതവും പരസ്പര-ബന്ധിതവും ഭാവി പ്രക്രിയയുമാണ്. ഞങ്ങളെ സംബന്ധിച്ച് പരിഷ്‌ക്കണങ്ങള്‍ എന്നാല്‍ തീരുമാനം എടുക്കാനുള്ള ധൈര്യമുണ്ടാകണം, യുക്തിസഹമായ നിഗമനത്തിലൂടെ അവ എടുക്കണം'', പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ സംരംഭകര്‍ക്കു പ്രോത്സാഹനമേകുന്ന പരിസ്ഥിതിയുണ്ടാക്കുന്നതിന് സ്വീകരിച്ച ഇന്‍സോള്‍വന്‍സി ആന്‍്റ് ബാങ്കറപ്പ്റ്റന്‍സി കോഡ് (ഐ.ബി.സി), ബാങ്ക് ലയനങ്ങള്‍, ചരക്ക് സേവന നികുതി( ജി.എസ്.ടി), മുഖംനോക്കാതെയുള്ള ആദായനികുതി വിലയിരുത്തല്‍ പോലുള്ള മുന്‍കൈകളെ അദ്ദേഹം അക്കമിട്ട് നിരത്തി.
എല്ലാ പ്രതീക്ഷകളും രാജ്യത്തിന് നഷ്ടമായിരിക്കുമ്പോള്‍് ഗവണ്‍മെന്റ് അത്തരം നയപരമായ പരിഷ്‌ക്കരണങ്ങളാണു നടത്തുന്നതെന്ന് പ്രധാനമന്ത്രി തുടര്‍ന്ന് പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം രൂപം നല്‍കിയ നിയമങ്ങളും ചട്ടങ്ങളും കര്‍ഷകരെ ഒഴിവാക്കി ഇടത്തരക്കാരുടെ കൈകളില്‍ കൊടുക്കുകയായിരുന്നുവെന്ന് കാര്‍ഷികമേഖലയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പാദന വിപണന കമ്മിറ്റി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി)) നിയമത്തില്‍ ഭേദഗതികൊണ്ടുവന്നതിനെത്തുടര്‍ന്ന് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കു വേണമെങ്കിലും, രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ഏത് ഭാഗത്തുവേണമെങ്കിലും വില്‍ക്കാന്‍ കഴിയും.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും നമ്മുടെ തൊഴിലാളികളുടെ ക്ഷേമവും മനസില്‍വച്ചുകൊണ്ടാണ് തൊഴില്‍പരിഷ്‌ക്കാരങ്ങളെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയെ അനുവദിക്കാതിരുന്ന തന്ത്രപരമല്ലാത്ത മേഖലകളിലും അവര്‍ക്ക് അനുമതി നല്‍കി. കല്‍ക്കരി മേഖലയില്‍ വ്യാവസായിക ഖനനം ഇപ്പോള്‍ അനുവദിച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഗവണ്‍മെന്റ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴികള്‍ അത് നമ്മുടെ ഖനനമേഖലയാകട്ടെ, ഊര്‍ജ്ജമേഖലയാകട്ടെ അല്ലെങ്കില്‍ ഗവേഷണവും സാങ്കേതികവിദ്യയുമാകട്ടെ, വ്യവസായത്തിന് എല്ലാ മേഖലയിലും അവസരം ലഭിക്കുകയും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും. ഇതിന് പുറമെ തന്ത്രപരമായ മേഖലകളിലും സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തം ഇന്ന് സത്യമായിരിക്കുകയാണ്. ബഹിരാകാശമേഖലയില്‍ നിങ്ങള്‍ക്ക് നിക്ഷേപിക്കണമെന്നിരിക്കട്ടെ, അല്ലെങ്കില്‍ ആണവോര്‍ജ്ജ രംഗത്ത് പുതിയ അവസരങ്ങള്‍ പര്യവേഷണം ചെയ്യണമെന്നിരിക്കട്ടെ, എല്ലാ സാദ്ധ്യതകളും നിങ്ങള്‍ക്കായി തുറന്നിരിക്കുന്നു''.പ്രധാനമന്ത്രി പറഞ്ഞു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) നമ്മുടെ രാജ്യത്തെ ഒരു സാമ്പത്തിക എഞ്ചിന്‍ പോലെയാണ്, അവ നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 30% സംഭാവന നല്‍കുന്നുമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എം.എസ്.എം.ഇയുടെ നിര്‍വചനം സമകാലികമാക്കണമെന്ന വ്യവസായമേഖലയുടെ ദീര്‍ഘകാല ആവശ്യവും സാക്ഷാത്കരിച്ചിരിക്കുകയാണ്. ഒരു വിഷമവുമില്ലാതെ എം.എസ്.എം.ഇകള്‍ക്ക് വളരാന്‍ സഹായിക്കുകയും എം.എസ്.എം.ഇ. എന്ന പദവി നിലനിര്‍ത്താന്‍ അവര്‍ മറ്റ് വഴികള്‍ നോക്കേണ്ടിവരികയും ചെയ്യും. രാജ്യത്ത് എം.എസ്.എം.ഇയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണമുണ്ടാകാനായി 200 കോടി വരെയുള്ള ഗവണ്‍മെന്റ് സംഭരണങ്ങള്‍ക്ക് ആഗോളടെന്‍ഡര്‍ ഒഴിവാക്കി.
ഇന്ത്യയില്‍ നിന്ന് ലോകത്തിന്‍െ്റ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയും അവര്‍ ഇന്ത്യയെ കൂടുതല്‍ വിശ്വസിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചികില്‍സാ സാമഗ്രികള്‍ വിതരണങ്ങള്‍ നടത്തി ഇന്ത്യ 150 ലധികം രാജ്യങ്ങളെ സഹായിച്ചു. ലോകം വിശ്വസിക്കാവുന്ന ആശ്രയിക്കാവുന്ന ഒരു പങ്കാളിയെ നോക്കികൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ അതിനുള്ള ശേഷിയും കരുത്തും കഴിവുമുണ്ട്. ഇന്ത്യയോട് ഉണ്ടായിട്ടുള്ള വിശ്വാസത്തിന്‍െ്റ എല്ലാ നേട്ടങ്ങളും സമ്പൂര്‍ണ്ണമായി ഉപയോഗിക്കണമെന്ന് അദ്ദേഹം വ്യവസായമേഖലയോട് അഭ്യര്‍ത്ഥിച്ചു.
വളര്‍ച്ച മടക്കികൊണ്ടുവരികയെന്നത് അത്ര ബുദ്ധിമുട്ടേറിയതല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് സ്വയം പര്യാപ്ത ഇന്ത്യ (ആത്മനിര്‍ഭര്‍ ഭാരത്) എന്ന് വ്യക്തമായ പാതയാണ് ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കുള്ള ഏറ്റവും വലിയ കാര്യം. ആത്മനിര്‍ഭര്‍ ഭാരത് എന്നാല്‍ നമ്മള്‍ കൂടുതല്‍ ശക്തരാകുകയും ലോകത്തെ പുണരുമെന്നുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക സമ്പദ്‌വ്യവസ്ഥയുമായി പൂര്‍ണ്ണമായും സംയോജിക്കുകയും പിന്തുണയ്ക്കുകുമാണ് ആത്മനിര്‍ഭര്‍ ഭാരത് അര്‍ത്ഥമാക്കുന്നത്.
ആഗോള വിപണന ശൃംഖലയില്‍ ഇന്ത്യയുടെ അവകാശവാദം ശക്തിപ്പെടുത്തുന്നതിനായി കരുത്തുറ്റ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിനായി നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ഇന്ത്യയെ സ്വയം പര്യാപ്തമാക്കി മാറ്റുന്നതിനായി കൊറോണ അനന്തരകാലത്ത് സി.ഐ.ഐ. പോലുള്ള വലിയ സ്ഥാപനങ്ങള്‍ പുതിയ കടമകള്‍ക്കായി മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ലോകത്തിന് വേണ്ടി നിര്‍മ്മിക്കുന്നവയാകേണ്ടതിന്‍െ്റ ആ്വവശ്യകതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. എല്ലാ മേഖലകളിലും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ അദ്ദേഹം വ്യവസായമേഖലയോട് അഭ്യര്‍ത്ഥിച്ചു. മൂന്നു മാസത്തിനുളളില്‍ നൂറുക്കണക്കിന് കോടിരൂപയുടെ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍-പി.പി.ഇകള്‍ നിര്‍മ്മിച്ചതിന് അദ്ദേഹം വ്യവസായമേഖലയെ പ്രശംസിച്ചു.
നിക്ഷേപങ്ങള്‍ക്ക് തുറന്നുകൊടുത്തതിന്റെയും ഗ്രാമീണമേഖലയില്‍ കര്‍ഷകരുമായുള്ള പങ്കാളിത്തത്തിന്റെയും ഗുണഫലം പൂര്‍ണ്ണമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഗ്രാമങ്ങള്‍ക്ക് സമീപത്തുള്ള പ്രാദേശിക കാര്‍ഷിക ഉല്‍പ്പാദന ക്ലസ്റ്ററുകള്‍ക്ക് ആവശ്യമായ പുതിയ പശ്ചാത്തലസൗകര്യങ്ങള്‍ ഇപ്പോള്‍ തയാറാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ വികസനയാത്രയില്‍ സ്വകാര്യമേഖലയെ ഒരുപങ്കാളി ആയാണ് ഗവണ്‍മെന്റ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ട് വ്യവസായമേഖലയുടെ ഏത് ആവശ്യവും പരിപാലിക്കപ്പെടുമെന്ന് ശ്രീ. മോദി ഉറപ്പുനല്‍കി. രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനും ആ ശപഥം സാക്ഷാത്കരിക്കുന്നതിനും തങ്ങളുടെ പൂര്‍ണ്ണ ശക്തിയും വിനിയോഗിക്കുമെന്നു സത്യംചെയ്യാന്‍ അദ്ദേഹം വ്യവസായമേഖലയോട് ആവശ്യപ്പെട്ടു.


(Release ID: 1628883) Visitor Counter : 210