ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 - പുതിയ വിവരങ്ങള്‍

Posted On: 02 JUN 2020 6:23PM by PIB Thiruvananthpuram



2 ജൂണ്‍ 2020, ന്യൂഡല്‍ഹി



രാജ്യത്ത് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത് 97,581 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3708 പേര്‍ക്കു രോഗം ഭേദമായി. ഇതുവരെ 95,526 പേര്‍ക്കാണ് രോഗം ഭേദമായത്. ഇന്ത്യയുടെ രോഗമുക്തി നിരക്ക് വര്‍ധിക്കുകയാണ്. നിലവില്‍ 48.07 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നുവരെ മരണനിരക്ക് 2.82 ശതമാനം.

ഇന്ത്യക്ക് സമാനമായ ജനസംഖ്യയുള്ള മറ്റ് 14 രാജ്യങ്ങളില്‍ ആകെ രോഗബാധിതര്‍ ഇന്ത്യയുടെ 22.5 ഇരട്ടിയാണ്. ആകെ മരണസംഖ്യ ഇന്ത്യയേക്കാള്‍ 55.2 ഇരട്ടിയും. സമയബന്ധിതമായി കേസുകള്‍ തിരിച്ചറിയുന്നതും കൃത്യമായ ചികിത്സാസംവിധാനവുമാണ് കുറഞ്ഞ മരണനിരക്കിന് കാരണം.

കോവിഡ് മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയുടെ 10 ശതമാനത്തില്‍ (60 വയസ്സിനു മുകളിലുള്ളവര്‍) ഉള്‍പ്പെടുന്നവരിലാണ് കോവിഡ് മരണങ്ങളില്‍ പകുതിയും സംഭവിക്കുന്നതെന്ന് കാണാം. പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ- ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ മറ്റു രോഗാവസ്ഥയിലുള്ളവരാണ് മരിക്കുന്നതില്‍ 73 ശതമാനം പേരും. അതുകൊണ്ടുതന്നെ ഈ ഗണത്തില്‍ വരുന്നവരെ കൂടുതല്‍ ശ്രദ്ധിക്കണം.

രോഗസാധ്യത കൂടിയവരില്‍ കോവിഡ് 19 പ്രതിരോധത്തിന് ഇനിപ്പറയുന്നവ ഉള്‍പ്പെടെയുള്ള ചില മുന്‍കരുതലുകള്‍ പാലിക്കണം: ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള മരുന്നുകള്‍ തുടരുക, ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോവിഡ് 19 നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കുക, ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം നിരീക്ഷണം പതിവാക്കുക.

കോവിഡ് 19 നെതിരായ നമ്മുടെ പോരാട്ടം വിജയിപ്പിക്കാന്‍, നമുക്ക് അതിനെ 'ജന്‍ അഭിയാന്‍' എന്ന ബഹുജന പ്രസ്ഥാനമാക്കി മാറ്റാം. അവബോധം, പ്രതിരോധ ശ്രമങ്ങള്‍, സമയബന്ധിതമായ ചികിത്സ: ഈ മൂന്ന് പ്രവര്‍ത്തനങ്ങളില്‍ പരസ്പരം പിന്തുണയ്ക്കുന്നതിന് #IndiaWillWin ഉപയോഗിക്കാനും കോവിഡ് 19 നെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ് 19 മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരവും പുതിയതുമായ വിവരങ്ങള്‍ക്ക് https://www.mohfw.gov.in/അല്ലെങ്കിൽ@MoHFW_INDIA നിരന്തരം സന്ദര്‍ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]inഅല്ലെങ്കില്‍@CovidIndiaSeva -ല്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ വിളിക്കുക. +91 11 23978046, അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf


(Release ID: 1628750)