പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്പിക്മാകേ അന്തര്‍ദേശീയ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.

Posted On: 01 JUN 2020 7:46PM by PIB Thiruvananthpuram
130 കോടി ജനത ഒന്നിച്ചു ചേരുമ്പോള്‍ അതൊരു സംഗീതമായി മാറുന്നു

സംഗീതം രാജ്യത്തിന്റെ യോജിച്ച ശക്തിയുടെ സ്രോതസ്സ്, പ്രധാനമന്ത്രി


സ്പിക്മാകേ അന്തര്‍ദേശീയ സമ്മേളനത്തെ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു.

ഈ പ്രയാസകാലത്തും സംഗീജ്ഞന്മാരുടെ പ്രതിഭ തളരാതെ നിലനില്‍ക്കുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കോവിഡ് മഹാമാരി യുവജനങ്ങളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കാന്‍ കഴിയും എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം എന്നതും അഭിനന്ദനാര്‍ഹമാണ്.
സംഗീതം ചരിത്രപരമായിത്തന്നെ പ്രചോദനാത്മകമായ പങ്കാണ് വഹിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധങ്ങളുടെയും പ്രതിസന്ധികളുടെയും കാലത്തും അത് മനുഷ്യനോടു ചേര്‍ന്നുനിന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളെ ആന്തരിക സംഘര്‍ഷങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ കവികളും ഗായകരും കലാകാരന്മാരും എപ്പോഴും ഗാനങ്ങളും സംഗീതവും തയ്യാറാക്കിക്കൊണ്ടിരുന്നു.

ഈ അദൃശ്യ ശത്രുവായ മഹാമാരിയുടെ കാലത്തും ഗായകരും കവികളും കലാകാരന്മാരും രചിക്കുന്ന വരികള്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലാകണം.

കൈകള്‍ കൊട്ടിയും മണികള്‍ അടിച്ചും പാത്രങ്ങളില്‍ മുട്ടിയും മറ്റും 130 കോടി ഇന്ത്യന്‍ ജനത ഒന്നിച്ചുനിന്ന് കോവിഡിനെതാരായ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

130 കോടി ജനത ഒരേ വികാരത്തില്‍ ഒറ്റ മനസ്സോടെ ഒന്നിച്ചുചേരുമ്പോള്‍ അതൊരു സംഗീതം തന്നെയായി മാറുന്നു.

സംഗീതത്തിലെ ശ്രുതിയും ശ്രദ്ധയും പോലെ തന്നെ, ഈ കൊറോണ മഹാമാരിക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരുമയും അച്ചടക്കവും ഓരോ പൗരനില്‍നിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.
 
പ്രകൃതി നടത്തം, പാരമ്പര്യത്തിലേക്കുള്ള യാത്ര, സാഹിത്യവും പ്രകൃതി ഭക്ഷണവും, യോഗയും നാദ യോഗയും എന്നിവ ഉള്‍പ്പെടെ സ്പികമാകേ സമ്മേളനത്തിലെ പുതിയ രീതികളെ അദ്ദേഹം അഭിനന്ദിച്ചു.

നാദം എന്നത് ഇന്ത്യയില്‍ സംഗീതത്തിന്റെ അടിസ്ഥാനമായാണ് കണക്കാക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മനുഷ്യരിലെ ആത്മോര്‍ജ്ജത്തിന്റെ അടിസ്ഥാനം കൂടിയാണ് അതെന്ന് ചൂണ്ടിക്കാട്ടി നാദ യോഗത്തേക്കുറിച്ച് വിശദീകരിച്ചു.

യോഗയിലൂടെയും സംഗീതത്തിലൂടെയും നാം നമ്മുടെ ആന്തരിക ഊര്‍ജ്ജം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ നാദം അതിനു തുണയായി മാറും.

ഇതാണ് യോഗയും സംഗീതവും ധ്യാനത്തിന്റെയും പ്രചോദനത്തിന്റെയും ഊര്‍ജ്ജമായി മാറുന്നതിന്റെ കാരണം. രണ്ടും ഊര്‍ജ്ജത്തിന്റെ മഹാസ്രോതസ്സുകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംഗീതം സന്തോഷത്തിന്റെ സ്രോതസ്സ് മാത്രമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതു സേവനത്തിന്റെ മാര്‍ഗ്ഗവും തപശ്ചര്യയുടെ രൂപവും കൂടിയാണ്.

നമ്മുടെ രാജ്യത്തെ നിരവധി മഹാ സംഗീതജ്ഞകര്‍ അവരുടെ ജീവിതമത്രയും മനുഷ്യ സേവനത്തിനു നീക്കിവച്ച അനുഭവമുണ്ട്.

പൗരാണിക കലയും സംഗീതവും ആധുനിക സാങ്കേതികവിദ്യയുമായുള്ള സമന്വയം കാലത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെയു ഭാഷയുടെയും അതിരുകള്‍ക്കപ്പുറം ഉയര്‍ന്ന് സംഗീതം, 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയ്ക്ക് എതിരായ രാജ്യത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ശക്തി പകരാന്‍ തങ്ങളുടെ സര്‍ഗ്ഗശേഷി ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ പുതിയ സന്ദേശങ്ങള്‍ നല്‍കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.

കൊറോണ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തില്‍ ഈ സമ്മേളനവും പുതിയ  ദിശാബോധം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.(Release ID: 1628637) Visitor Counter : 282