Posted On:
                31 MAY 2020 6:12PM by PIB Thiruvananthpuram
                
                
                
2020 ജൂൺ 01 മുതൽ രാജ്യത്തുടനീളം ഭാഗികമായി ട്രെയിൻ സർവിസുകൾ പുനഃസ്ഥാപിക്കുന്നു. ആദ്യ ദിനത്തിൽ അതായത് ജൂൺ ഒന്നിന് 1.45 ലക്ഷത്തിലധികം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നാളെ, അതായത് 2020 ജൂൺ 01 ന് അനുബന്ധത്തിലെ പട്ടികയിൽ പറഞ്ഞിട്ടുള്ള 200 പാസഞ്ചർ സർവ്വീസുകൾ ആരംഭിക്കും. (ലിങ്ക് താഴെ നൽകിയിട്ടുണ്ട്)
ഈ ട്രെയിനുകൾ സാധാരണ ട്രെയിനുകളായിരിക്കും. എസി-നോൺ എസി ക്ലാസുകൾ ഉൾപ്പെടുത്തി പൂർണ്ണമായും റിസർവ് ചെയ്ത ടിക്കറ്റുകളോട് കൂടിയാണ് സർവ്വീസ് നടത്തുക. ഇരുന്നു പോകാവുന്ന തരത്തിൽ ക്രമീകരിച്ച ജനറൽ (ജിഎസ്) കോച്ചുകൾ ഉണ്ടാകും. എന്നാൽ റിസർവ് ചെയ്യാത്ത കോച്ചുകൾ ഉണ്ടാകില്ല. സാധാരണ പോലെ, ക്ലാസ് തിരിച്ചുള്ള നിരക്ക് ആയിരിക്കും ഈടാക്കുക .റിസർവ്വ് ചെയ്ത, ജിഎസ്. അഥവാ ജനറൽ സിറ്റിംഗ് കോച്ചുകൾക്ക് സെക്കന്റ് ക്ലാസ് നിരക്ക് (സെക്കന്റ് സീറ്റിങ്) ഈടാക്കുകയും എല്ലാ യാത്രക്കാർക്കും സീറ്റ് അനുവദിക്കുകയും ചെയ്യും.
ഐ.ആർ.സി.ടി.സി. വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ഓൺലൈനായി ഈ ട്രെയിനുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 2020 മെയ് 22 മുതൽക്കു തന്നെ റെയിൽവേയുടെ റിസർവേഷൻ കൗണ്ടറുകൾ വഴിയും, കോമൺ സർവീസ് സെന്ററുകൾ (സി.എസ്.സി.), ടിക്കറ്റ് ബുക്കിംഗ് ഏജന്റുമാർ എന്നീ മാർഗ്ഗങ്ങളിലും ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ത്യൻ റെയിൽവേ അനുമതി നൽകിയിട്ടുണ്ട്.
മെയ് 12 നു ആരംഭിച്ച 30 പ്രത്യേക രാജധാനി ട്രെയിനുകൾക്കുള്ള പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ റെയിൽവേ പുറത്തിറക്കിയിരുന്നു. ഈ ട്രെയിനുകൾക്കു പുറമെയാണ് 200 സ്പെഷ്യൽ മെയിൽ എക്സ്പ്രസ് ട്രെയിനുകൾ ജൂൺ 1 മുതൽ സർവ്വീസ് ആരംഭിക്കുന്നത്. ഇതോടെ ആകെ ട്രെയിനുകളുടെ എണ്ണം 230 ആകും.230 ട്രെയിനുകളുടെയും മുൻകൂട്ടിയുള്ള റിസർവേഷൻ കാലയളവ് (എ.ആർ.പി.) 30 ദിവസത്തിൽ നിന്ന് 120 ദിവസമായി ഉയർത്തിയിട്ടുണ്ട്. മേൽപ്പറഞ്ഞ മാറ്റങ്ങൾ 2020 മെയ് 31 ന് രാവിലെ 8 മണി മുതൽ പ്രാബല്യത്തിൽ വരും. 2020 ജൂൺ 30 മുതലുള്ള യാത്രകൾക്ക്, 2020 ജൂൺ 29 മുതൽ തത്കാൽ ടിക്കറ്റുകളും ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യൻ റെയിൽവേയുടെ 
www.indianrailways.gov.in എന്ന വെബ്‌സൈറ്റിൽ കൊമേഴ്‌സ്യൽ സർക്കുലറുകള്‍ക്ക് കീഴിലുള്ള ട്രാഫിക് കൊമേഴ്‌സ്യൽ ഡയറക്ടറേറ്റിലും ഈ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പെങ്കിലും ആദ്യ ചാർട്ട് തയ്യാറാക്കുകയും പുറപ്പെടുന്നതിന് കുറഞ്ഞത് 2 മണിക്കൂർ മുമ്പ് (നിലവിൽ ഇത് 30 മിനിറ്റ് ആണ്) രണ്ടാമത്തെ ചാർട്ട്  തയ്യാറാക്കുകയും ചെയ്യും.എല്ലാ യാത്രക്കാരെയും നിർബന്ധിത പരിശോധനക്ക് വിധേയരാക്കും.യാതൊരു വിധ രോഗലക്ഷണവുമില്ലാത്ത യാത്രക്കാർക്ക് മാത്രമേ ട്രെയിനിൽ പ്രവേശിക്കാൻ അനുവാദമുള്ളൂ.
ഈ പ്രത്യേക ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർ ഇനിപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണം:
എല്ലാ യാത്രക്കാരും പ്രവേശന സമയത്തും യാത്രയ്ക്കിടയിലും മുഖാവരണം / മാസ്കുകൾ ധരിച്ചിരിക്കണം.
താപ പരിശോധന നടത്തുന്നതിനായി യാത്രക്കാർ 90 മിനിറ്റ് മുമ്പ് സ്റ്റേഷനിൽ എത്തിച്ചേരണം.പരിശോധനയിൽ രോഗ ലക്ഷണമില്ലെന്നു കണ്ടെത്തുന്ന യാത്രക്കാർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.
യാത്രക്കാർ സാമൂഹിക അകലം പാലിക്കണം.
ടിക്കറ്റ് റദ്ദാക്കലിനും പണം തിരികെ ലഭിക്കുന്നതിനുമുള്ള വ്യവസ്ഥകൾ:
റെയിൽവേ പാസഞ്ചേഴ്സ് (കാൻസലേഷൻ ഓഫ് ടിക്കറ്റ് ആൻഡ് റീഫണ്ട് ഓഫ് ഫെയർ) ചട്ടങ്ങൾ,2015 ബാധകമായിരിക്കും. കൂടാതെ, ഉയർന്ന പനി അല്ലെങ്കിൽ കോവിഡ്-19 ലക്ഷണങ്ങൾ കാരണം യാത്ര ചെയ്യാൻ അനുവദിക്കാത്ത സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റിന്റെ തുക തിരികെ നൽകുന്നതായിരിക്കും.
പാൻട്രി കാർ ഘടിപ്പിച്ചിട്ടുള്ള പരിമിത എണ്ണം ട്രെയിനുകളിൽ മാത്രം പരിമിതമായ ഭക്ഷണപദാർത്ഥങ്ങളും കുപ്പി വെള്ളവും പണം കൊടുത്തു വാങ്ങാവുന്ന തരത്തിലുള്ള ക്രമീകരണം ഐ.ആർ.സി.ടി.സി. ഏർപ്പെടുത്തും. സ്വന്തം ഭക്ഷണവും കുടിവെള്ളവും കൊണ്ടുവരാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കും. റെയിൽവേ സ്റ്റേഷനുകളിലെ എല്ലാ കാറ്ററിംഗ്, വെൻഡിംഗ് യൂണിറ്റുകളും (വിവിധോദ്ദേശ സ്റ്റാളുകൾ, ബുക്ക്സ്റ്റാളുകൾ, പലവക / മെഡിക്കൽ സ്റ്റാളുകൾ എന്നിവ) തുറക്കുന്നതായിരിക്കും.ഫുഡ് പ്ലാസ, റിഫ്രഷ്മെൻറ് റൂമുകൾ എന്നിവിടങ്ങളിൽ നിന്നും, പാകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ അവിടെ ഇരുന്നു കഴിക്കാതെ ടേക്ക്-എവേ ക്രമീകരണങ്ങളിലൂടെ അനുവദിക്കും. ട്രെയിനിനുള്ളിൽ ലിനൻ, പുതപ്പുകൾ, കർട്ടനുകൾ എന്നിങ്ങനെ റെയിൽവേ ഒരുക്കുന്ന സൗകര്യങ്ങൾ തല്ക്കാലം ഉണ്ടാകില്ല. യാത്രക്കാർ അവരവർക്ക് ആവശ്യമുള്ള പുതപ്പുകൾ പോലുള്ള തുണിത്തരങ്ങൾ കൊണ്ടു വരേണ്ടതാണ്.
യാത്രക്കാർ മുഖാമുഖം വരുന്നത് പരമാവധി ഒഴിവാക്കാൻ, സാധ്യമായ റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനത്തിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം ഗേറ്റുകൾ ഉറപ്പാക്കാൻ എല്ലാ റെയിൽവേ മേഖലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം