ആഭ്യന്തരകാര്യ മന്ത്രാലയം
കോവിഡ് 19 നെതിരായ പോരാട്ടത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ 2020 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍
ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തീരുമാനിച്ച ഇടങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കും
കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ ഘട്ടം ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി; സാമ്പത്തിക രംഗത്തിന്റെ ശ്രദ്ധയ്ക്കായി അണ്‍ലോക്ക് 1
അവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ, രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ കര്‍ഫ്യൂ
Posted On:
30 MAY 2020 7:47PM by PIB Thiruvananthpuram
കോവിഡ് 19 പ്രതിരോധത്തിനും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള മേഖലകളിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2020 ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരും. അണ്‍ലോക്ക് 1 എന്നു പേരിട്ട നിലവിലെ ഘട്ടം സാമ്പത്തിക മേഖലയില്‍ ശ്രദ്ധയൂന്നിയുള്ളതാണ്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
2020 മാര്‍ച്ച് 24 നാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കാര്യങ്ങളും നിരോധിച്ചു. പിന്നീട് കോവിഡ് വ്യാപനം കണക്കിലെടുത്തു തന്നെ നിയന്ത്രണങ്ങളില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ വരുത്തി.
പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ മുഖ്യ സവിശേഷതകള്‍
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാരുകളാകും ഈ മേഖലകള്‍ നിര്‍ണയിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയും അവശ്യകാര്യങ്ങള്‍ മാത്രം അനുവദിക്കുകയും ചെയ്യും.
നേരത്തെ നിരോധിച്ച എല്ലാ പ്രവൃത്തികളും കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടം ഘട്ടമായി അനുവദിക്കും. അതിനായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച അംഗീകൃത പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (എസ്ഒപി) ഇനി പറയുന്നു:
ആദ്യഘട്ടം (2020 ജൂണ്‍ 8 മുതല്‍ തുറക്കാന്‍ അനുമതി)
- ആരാധനാലയങ്ങള്‍
- ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ മുതലായവ
- ഷോപ്പിങ് മാളുകള്‍
ഇവിടങ്ങളില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനും കോവിഡ് 19 വ്യാപനം തടയുന്നതിനുമായി, മന്ത്രാലയങ്ങളും വകുപ്പുകളും ബന്ധപ്പെട്ട മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തന നടപടിക്രമങ്ങള്‍ പ്രഖ്യാപിക്കും.
രണ്ടാം ഘട്ടം
സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ / പരിശീലന / കോച്ചിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചര്‍ച്ച ചെയ്ത ശേഷം തുറക്കും. ഓരോ സ്ഥാപനങ്ങളിലും രക്ഷിതാക്കളുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും കൂടിയാലോചന നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍, ഈ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ 2020 ജൂലൈയില്‍ തീരുമാനമെടുക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തന നടപടി ക്രമങ്ങള്‍ തയ്യാറാക്കും.
രാജ്യമെമ്പാടും ഇപ്പോഴും നിയന്ത്രിച്ചിരിക്കുന്ന ചില കാര്യങ്ങള്‍
- അന്താരാഷ്ട്ര വിമാനയാത്ര;
- മെട്രോ റെയില്‍ പ്രവര്‍ത്തനം;
- സിനിമാശാല, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, വിനോദ മേഖലകള്‍, തിയറ്ററുകള്‍, ബാറുകളും ഓഡിറ്റോറിയങ്ങളും, സമ്മേളന ഹാളുകള്‍ പോലുള്ളവയും സമാന സ്ഥലങ്ങളും;
- സാമൂഹ്യ / രാഷ്ട്രീയ / കായിക / വിനോദ / വിദ്യാഭ്യാസ / സാംസ്‌കാരിക / മതപരമായ പരിപാടികളും വലിയ തോതിലുള്ള മറ്റു കൂടിച്ചേരലുകളും.
- സാഹചര്യങ്ങള്‍ വിലയിരുത്തിയതിനുശേഷം മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള തീയതികള്‍ മൂന്നാം ഘട്ടത്തില്‍ തീരുമാനിക്കും.
ആള്‍നീക്കം, ചരക്കുനീക്കം എന്നിവയ്ക്ക് നിയന്ത്രണമില്ല
- സംസ്ഥാനങ്ങള്‍ക്കുള്ളിലും പുറത്തും ആള്‍നീക്കത്തിനും ചരക്കുനീക്കത്തിനും നിയന്ത്രണമില്ല. ഇതിനായി പ്രത്യേക അനുമതിയോ അംഗീകാരമോ ഇ പെര്‍മിറ്റോ ആവശ്യമില്ല.
- എങ്കിലും, പൊതു ആരോഗ്യസ്ഥിതിയും സാഹചര്യങ്ങളും കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ആള്‍നീക്കം നിയന്ത്രിക്കാം. എന്നാല്‍, അതിനായി ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചു മുന്‍കൂട്ടി വിപുലമായ അറിയിപ്പു നല്‍കുകയും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പിന്തുടരുകയും വേണം.
അവശ്യകാര്യങ്ങള്‍ ഒഴികെയുള്ളവയ്ക്ക് രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ തുടരും. കര്‍ഫ്യൂവിന്റെ സമയം രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയായി പുതുക്കിയിട്ടുണ്ട്.
സാമൂഹ്യ അകലം ഉറപ്പാക്കുന്നതിന്, കോവിഡ് 19 നിയന്ത്രണത്തിനുള്ള കേന്ദ്ര നിര്‍ദേശങ്ങള്‍ രാജ്യമെമ്പാടും പാലിക്കും.
കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം
സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ചില പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയോ അവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാം.
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് സംരക്ഷണം
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, അതായത് 65 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതര രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അവശ്യകാര്യങ്ങള്‍ക്കും ആരോഗ്യ ആവശ്യങ്ങള്‍ക്കും ഒഴികെ വീടുകളില്‍ നിന്നു പുറത്തിറങ്ങരുത്.
ആരോഗ്യ സേതുവിന്റെ ഉപയോഗം
കോവിഡ് 19 ബാധിച്ച വ്യക്തികളെ, അല്ലെങ്കില്‍ രോഗബാധിതരാകാന്‍ സാധ്യതയുള്ളവരെ, പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കാര്യപ്രാപ്തിയുള്ള സംവിധാനമാണ് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍. വ്യക്തികള്‍ക്കും സമൂഹത്തിനും പ്രതിരോധ കവചം തീര്‍ക്കാന്‍ ആപ്പ് സഹായിക്കുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, ആപ്ലിക്കേഷന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കാണാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: https://static.pib.gov.in/WriteReadData/userfiles/MHA%20Order%20Dt.%2030.5.2020%20with%20guidelines%20on%20extension%20of%20LD%20in%20Containment%20Zones%20and%20phased%20reopening.pdf
***
(Release ID: 1628084)
Visitor Counter : 345
Read this release in:
Urdu
,
Hindi
,
Assamese
,
English
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada