ധനകാര്യ മന്ത്രാലയം

ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ (എൻ.‌ ഡി.‌ ബി) ബോർഡ് ഓഫ് ഗവർണർമാരുടെ പ്രത്യേക യോഗത്തിൽ ശ്രീമതി നിർമ്മല സീതാരാമൻ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു

Posted On: 27 MAY 2020 5:55PM by PIB Thiruvananthpuram

 

ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് സ്ഥാപിച്ച ഒരു ബഹുരാഷ്ട്ര വികസന ബാങ്കാണ് ബ്രിക്സ് ഡവലപ്മെന്റ് ബാങ്ക് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന ന്യൂ ഡെവലപ്പ്മെന്റ് ബാങ്ക്. ന്യൂ ഡെവലപ്പ്മെന്റ് ബാങ്കിന്റെ (എൻ. ‌ഡി.‌ ബി) ബോർഡ് ഓഫ് ഗവർണർമാരുടെ പ്രത്യേക യോഗത്തിൽ കേന്ദ്ര ധനകാര്യ-കമ്പനികാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തു.

എൻ.‌ ഡി. ‌ബി. യുടെ അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കുക, വൈസ് പ്രസിഡന്റിനെയും ചീഫ് റിസ്ക് ഓഫീസറെയും നിയമിക്കുക, അംഗത്വ വിപുലീകരണം എന്നിവയായിരുന്നു യോഗത്തിന്റെ അജണ്ട.

ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങളുടെ വികസന അജണ്ടയ്ക്ക് അനുഗുണമായി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ എൻ‌. ഡി. ‌ബി. നടത്തിയ നിക്ഷേപത്തെ ധനമന്ത്രി തന്റെ പ്രാരംഭ പ്രസംഗത്തിൽ അഭിനന്ദിച്ചു. അംഗരാജ്യങ്ങളുടെ 16.6 ബില്യൺ (1660 കോടി) ഡോളറിന്റ, 55 പദ്ധതികൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എൻ‌. ഡി. ബി. അംഗീകാരം നൽകിക്കഴിഞ്ഞു.

2014 ൽ, ബ്രിക്സ് രാഷ്ട്രത്തലവന്മാർ മുന്നോട്ടു വച്ച കാഴ്ചപ്പാടിന് വളരെ വേഗം മൂർത്തരൂപം നൽകുകയും, അതിനനുസരിച്ചു ബാങ്കിനെ മുന്നോട്ടു നയിക്കുകയും ചെയ്തതിന്, എൻ‌. ഡി. ‌ബി. യുടെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ശ്രീ കെ. വി. കാമത്തിനെ ധനമന്ത്രി അഭിനന്ദിച്ചു. കോവിഡ്-19 മഹാമാരിയോടുള്ള ദ്രുതപ്രതികരണമെന്ന നിലയിൽ ബാങ്ക് ആരംഭിച്ച എമർജൻസി പ്രോഗ്രാം ലോൺ അദ്ദേഹത്തിന്റെ സംഭാവനകളിലൊന്നായി എന്നും ഓർമ്മിക്കപ്പെടും.

പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബ്രസീലിൽ നിന്നുള്ള മാർക്കോസ് ട്രോയ്ജോയെയും, പുതുതായി വൈസ് പ്രസിഡന്റും ചീഫ് റിസ്ക് ഓഫീസറുമായി നിയമിതനായ ഇന്ത്യക്കാരനായ അനിൽ കിഷോറയെയും ധനമന്ത്രി അഭിനന്ദിച്ചു. ബ്രിക്സ് മൂല്യങ്ങൾ സംരക്ഷിക്കുക, എൻ. ‌ഡി. ‌ബി. യെ ആഗോള വികസന സ്ഥാപനമായി വളർത്തുക എന്നീ രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ നിർദ്ദേശിച്ചു.

***(Release ID: 1627243) Visitor Counter : 210